|    Oct 21 Sat, 2017 9:43 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കശ്മീര്‍ വിഷയത്തില്‍ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച; പാക് ക്ഷണം ഇന്ത്യ തള്ളി

Published : 18th August 2016 | Posted By: SMR

ഇസ്‌ലാമാബാദ്/ ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ വിദേശകാര്യ സെക്രട്ടറിതലത്തില്‍ ചര്‍ച്ച നടത്താമെന്ന പാകിസ്താന്റെ നിര്‍ദേശം ഇന്ത്യ തള്ളി. എന്നാല്‍, കശ്മീരിലെ ഇപ്പോഴത്തെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട പ്രധാന വിഷയമായ ഭീകരവാദവും അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഒരുക്കമാണെന്നും ഇന്ത്യ പാകിസ്താനെ അറിയിച്ചു.
കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച നടത്താനുള്ള പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി അസീസ് അഹ്മദ് ചൗധരിയുടെ ക്ഷണത്തിനുള്ള പ്രതികരണത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് പാകിസ്താനുള്ള കത്ത് ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ഗൗതം ബാംബെവാലക്ക് കൈമാറി. ജമ്മു-കശ്മീര്‍ പ്രശ്‌നം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ്. അതിര്‍ത്തി കടന്നുള്ള ഭീകരത, നുഴഞ്ഞുകയറ്റം എന്നിവ അവസാനിപ്പിക്കുന്നതൊഴിച്ച് പാകിസ്താന് കശ്മീരില്‍ കാര്യമൊന്നുമില്ലെന്നും കത്തില്‍ വ്യക്തമാക്കി. ഭീകരവാദം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇസ്‌ലാമാബാദിലേക്ക് പോകാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ അറിയിച്ചു.
കശ്മീര്‍ പ്രശ്‌നം പരിഹരിക്കേണ്ടത് ഇരുരാജ്യങ്ങളുടെയും ‘അന്താരാഷ്ട്ര ബാധ്യത’യാണെന്നു ചൂണ്ടിക്കാട്ടി തിങ്കളാഴ്ചയാണ് പാകിസ്താന്‍ ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ഇരുരാജ്യങ്ങളും വാക്‌പോര് നടക്കുന്നതിനിടെയാണ് പാകിസ്താന്റെ ക്ഷണം. കഴിഞ്ഞയാഴ്ച പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിന്റെ ഇതു സംബന്ധിച്ച ക്ഷണം വന്നപ്പോള്‍ തന്നെ അതിര്‍ത്തി കടന്നുള്ള ഭീകരവാദമാണ് പ്രധാന പ്രശ്‌നമെന്ന് ഇന്ത്യ വിശദമാക്കിയിരുന്നു.
ഇന്ത്യ-പാക് ബന്ധത്തിലുള്ള പുതിയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള പാകിസ്താന്റെ ക്ഷണത്തെ ഇന്ത്യ സ്വാഗതം ചെയ്യും. അതിര്‍ത്തി കടന്നുള്ള ആക്രമണത്തിനു പാകിസ്താന്‍ നല്‍കുന്ന പിന്തുണയും ബഹാദൂര്‍ അലിയെ പോലുള്ള അക്രമികള്‍ നുഴഞ്ഞുകയറുന്നതും ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നു മാത്രം- വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക