|    Mar 25 Sat, 2017 5:38 am
FLASH NEWS

കശ്മീര്‍ വിഷയത്തില്‍ രാജ്യസഭയില്‍ ബഹളം; ഇന്നു ചര്‍ച്ച

Published : 10th August 2016 | Posted By: SMR

ന്യൂഡല്‍ഹി: കശ്മീര്‍ പ്രതിസന്ധിയെക്കുറിച്ച് രാജ്യസഭ ഇന്നു ചര്‍ച്ച ചെയ്യും. ശൂന്യവേളയില്‍ പ്രതിപക്ഷകക്ഷികള്‍ ഒന്നടങ്കം ഇക്കാര്യം ആവശ്യപ്പെടുന്നതിനിടെ സഭയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് പതിനൊന്നിനു ചര്‍ച്ചയാവാമെന്ന് ഉറപ്പു നല്‍കുകയായിരുന്നു. ഇന്നലെ സഭ ചേര്‍ന്നയുടന്‍ കശ്മീര്‍ വിഷയം ചര്‍ച്ചക്കെടുക്കണമെന്നും കഴിഞ്ഞ ദിവസം ഇക്കാര്യം ഉറപ്പുനല്‍കിയിരുന്നെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. സിപിഎം നേതാവ് സീതാറാം യെച്ചൂരിയും പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദും  വിഷയം ഉന്നയിച്ചു.
പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം അവസാനിക്കുന്ന അന്ന് തന്നെ കശ്മീരിലേക്കു സര്‍വകക്ഷി സംഘത്തെ അയക്കണമെന്നും ലോഹ ഉണ്ടകളുടെ ഉപയോഗം നിരോധിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
കശ്മീര്‍ വിഷയം പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചു പോരടിക്കാനുള്ളതല്ലെന്ന് ഉപാധ്യക്ഷന്‍ പ്രഫ. പി ജെ കുര്യന്‍ പറഞ്ഞു. എന്നാല്‍, ചര്‍ച്ച ചെയ്യാം എന്നുറപ്പു നല്‍കിയ പാര്‍ലമെന്ററികാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി ഏതു ദിവസമെന്ന് കൃത്യമായി ഉറപ്പു നല്‍കിയിരുന്നില്ല.
ഇതിനിടെ ചര്‍ച്ച ഇന്നാവാമെന്ന് ഉപാധ്യക്ഷന്‍ പറഞ്ഞതായുള്ള കഴിഞ്ഞ ദിവസത്തെ സഭാ നടപടിരേഖ കോണ്‍ഗ്രസ് നേതാവ് സത്യവൃത ചതുര്‍വേഥി വായിച്ചപ്പോഴാണ് ഇതു തന്നെപ്പോലെയുള്ളവര്‍ ഹിന്ദി പറഞ്ഞു തുടങ്ങിയതിന്റെ കുഴപ്പമാണെന്നു ഉപാധ്യക്ഷന്‍ പറഞ്ഞത്.
മറ്റു മന്ത്രിമാര്‍ സഭയില്‍ ഉണ്ടെങ്കിലും ആഭ്യന്തരമന്ത്രിക്കാണ് ഈ വിഷയത്തില്‍ മറുപടി പറയാന്‍ ആധികാരികതയെന്നും മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുന്നതിലാണ് കാര്യമെന്നും ഉപാധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. രാജ്‌നാഥ് സിങിനു ലോക്‌സഭയില്‍ ചോദ്യോത്തരവേളയില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും മറ്റ് ഔദ്യോഗിക തിരക്കുകളിലാണെന്നും ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കു ചര്‍ച്ചയാവാമെന്നും മന്ത്രി നഖ്‌വി മറുപടി നല്‍കി. എന്നാല്‍, ഇതിനു വഴങ്ങാന്‍ പ്രതിപക്ഷം തയ്യാറായിരുന്നില്ല.
അതിനിടെ, ശ്രീനഗറിലെ തെംഗ്പുര മേഖലയില്‍ കഴിഞ്ഞമാസം യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സുപ്രിംകോടതി ജമ്മുകശ്മീര്‍ പോലിസിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു.

(Visited 13 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക