|    Jul 24 Mon, 2017 12:30 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീര്‍: രാജ്യസുരക്ഷയില്‍ രാഷ്ട്രീയമോ വിട്ടുവീഴ്ചയോ ഇല്ല – സോണിയഗാന്ധി

Published : 12th July 2016 | Posted By: SMR

ന്യൂഡല്‍ഹി: കശ്മീരില്‍ സമാധാനം ഉറപ്പവരുത്തുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളില്‍ രാഷ്ട്രീയമോ വിട്ടുവീഴ്ചയോ ഇല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വ്യക്തമാക്കി.
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കശ്മീരില്‍ കലാപം വ്യാപകമാവുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത്. കശ്മീരിലെ സ്ഥിതി ആശങ്കാജനകമാണ്. കഴിഞ്ഞ രണ്ടു ദശകമായി ജമ്മു കശ്മീരിനു രാഷ്ട്രീയമായി വലിയ പുരോഗതി നേടാനായിരുന്നു. ജനാധിപത്യപ്രക്രിയയുടെ നന്‍മകള്‍ നഷ്ടപ്പെടാന്‍ പാടില്ല. ദേശീയ സുരക്ഷയുടെ കാര്യമാണിത്. ഇതില്‍ രാഷ്ട്രീയമോ വിട്ടുവീഴ്ചയോ ഇല്ല. ഭീകരവാദപ്രവര്‍ത്തനങ്ങളെ ശക്തമായി നേരിടണം. പ്രസ്താവനയില്‍ സോണിയാഗാന്ധി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇന്നലെ സോണിയഗാന്ധിയെ ടെലിഫോണില്‍ വിളിച്ച് കശ്മീരിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചു. വാനിയുടെ മരണം ഞെട്ടിക്കുന്നതാണെന്നും അതില്‍ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് നിയമവിരുദ്ധവും പരിതാപകരവുമാണെന്നും പാക് പ്രധാനമന്ത്രി പ്രസ്താവന നടത്തിയിരുന്നു.
ഇതിനെതിരേ രാജ്യസഭയിലെ പ്രതിപക്ഷ നേതാവും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയുമായ ഗുലാംനബി ആസാദ് രംഗത്തെത്തി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ആസാദ് പറഞ്ഞു. കശ്മീര്‍ താഴ്‌വരയില്‍ സംഘര്‍ഷത്തിന്റെ പേരില്‍ എന്തു നടപടിയുമെടുക്കാന്‍ ഇന്ത്യന്‍ സുരക്ഷാ സേനയ്ക്കു പൂര്‍ണ അധികാരമുണ്ട്. ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തെ കാര്യങ്ങളെ മറ്റാരും ചോദ്യം ചെയ്യേണ്ടതില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ആഫ്രിക്കന്‍ പര്യടനം റദ്ദാക്കി ഡല്‍ഹിയില്‍ മടങ്ങിയെത്തി. ഉന്നത ഉദ്യോഗസ്ഥരും സൈനിക മേധാവികളുമായി അദ്ദേഹം ചര്‍ച്ചയും നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മന്ത്രാലയത്തില്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക