|    May 23 Tue, 2017 10:35 pm
FLASH NEWS

കശ്മീര്‍: യാസ്മീന്‍ കൊല്ലപ്പെട്ടത് പോലിസ് തലയ്ക്കു വെടിവച്ചതിനാല്‍

Published : 21st July 2016 | Posted By: sdq
jasmine kashmiri

യാസ്മീന്‍

ന്യൂഡല്‍ഹി: കശ്മീര്‍ കുല്‍ഗാമിലെ ഡിഎച്ച് പോരയില്‍ യാസ്മീന്‍ വാനിയെന്ന 20കാരിലെ പോലിസ് കൊലപ്പെടുത്തിയത് പിന്നില്‍ നിന്ന് തലയ്ക്കു വെടിവച്ചാണെന്ന് സംഭവസമയത്തു കൂടെയുണ്ടായിരുന്ന യുവതിയുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് കുറ്റം മറച്ചുവയ്ക്കാന്‍ മൃതദേഹം കൈവശപ്പെടുത്താനും പോലിസ് ശ്രമിച്ചെന്ന് യാസ്മീന്റെ അര്‍ധസഹോദരി ഇന്‍ഷ പറഞ്ഞു.
ജൂലൈ എട്ടിനാണ് യാസ്മീന്‍ കൊല്ലപ്പെട്ടത്. ബുര്‍ഹാന്‍ വാനിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രതിഷേധം നടക്കുന്ന സമയമായിരുന്നു അത്. യാസ്മീന്റെ വീടിനു പുറത്തും പ്രതിഷേധക്കാരുണ്ടായിരുന്നു. ഇതിനിടെ യാസ്മീന്റെ ഏഴാംക്ലാസില്‍ പഠിക്കുന്ന സഹോദരന്‍ മോയീന്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോയി. അവനെ തിരികെ കൊണ്ടുവരാന്‍ ഇന്‍ഷയ്‌ക്കൊപ്പം പുറത്തിറങ്ങിയതായിരുന്നു യാസ്മീന്‍. പ്രതിഷേധക്കാരും പോലിസും തമ്മിലുള്ള തിക്കിലും തിരക്കിലും മോയീന്‍ നില്‍ക്കുന്നത് കണ്ടു. അവര്‍ക്കിടയില്‍ നിന്ന് അവനെ ഒരുവിധം തങ്ങള്‍ പിടിച്ചുകൊണ്ടു വരുകയായിരുന്നുവെന്ന് ഇന്‍ഷ പറയുന്നു. ഈ സമയത്താണ് പോലിസ് പ്രകടനക്കാര്‍ക്കെതിരേ ആക്രമണം അഴിച്ചുവിടുന്നത്.
ഞങ്ങള്‍ മൂന്നുപേരും കൂടി ഓടി. ഗലിയിലേക്ക് ഓടിക്കയറുന്നതിനിടെ പോലിസ് വെടിവച്ചു. തലയ്ക്കു വെടിയേറ്റ യാസ്മീന്‍ ഓടയിലേക്കു വീണു. ചില വെടിയുണ്ടകള്‍ ചുമരില്‍ കൊണ്ടു. അവളെ എല്ലാവരും ചേര്‍ന്ന് 300 മീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് ചുമന്നാണു കൊണ്ടുപോയത്. വെടിയേറ്റ ഉടന്‍ യാസ്മീന്‍ മരിച്ചു.
കുറ്റം മറച്ചുവയ്ക്കാന്‍ മൃതദേഹം തട്ടിക്കൊണ്ടു പോവാനായിരുന്നു പിന്നീട് പോലിസ് ശ്രമമെന്ന് ഇന്‍ഷ പറയുന്നു. എന്നാല്‍, മൃതദേഹത്തില്‍ കമിഴ്ന്നുവീണ ഞാന്‍ വിട്ടുതരില്ലെന്നു പറഞ്ഞ് ഉറക്കെ കരഞ്ഞു. പോലിസ് ക്രൂരമായി മര്‍ദ്ദിച്ചു. റോഡിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി തല്ലി. എസ്എച്ച്ഒ തന്റെ മുഖത്ത് ശക്തിയായി അടിച്ചു. നിനക്ക് ഭ്രാന്താണെന്ന് ആക്രോശിച്ചു. അപ്പോഴേക്കും നാട്ടുകാര്‍ പാഞ്ഞെത്തി. മര്‍ദ്ദനം മൂലം മൂന്നു ദിവസം ആശുപത്രിയിലായിരുന്നുവെന്ന് ഇന്‍ഷ പറയുന്നു. തലയ്ക്ക് മൂന്നു തുന്നലുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ചു. വാഹനങ്ങള്‍ കത്തിച്ചു. ജനക്കൂട്ടത്തിന്റെ അക്രമത്തിനിടെയാണ് യാസ്മീനു വെടിയേറ്റതെന്ന കള്ളമാണ് പോലിസ് പ്രചരിപ്പിച്ചത്. മുഖ്യമന്ത്രി മെഹ്ബുബ മുഫ്തിയും ഇത് ഏറ്റുപറഞ്ഞു.
പ്ലസ്2 പുര്‍ത്തിയായ ശേഷം ബിരുദപഠനത്തിന് ഒരുങ്ങി നില്‍ക്കുന്ന യാസ്മീന്‍ കുടുംബത്തിന്റെ ദാരിദ്ര്യം കാരണം ജോലിക്കു പോയിരുന്നു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് അവര്‍ യാസ്മീനു നേരെ വെടിവച്ചതെന്നും ഗലിയിലേക്ക് പാഞ്ഞുകയറിയതുകൊണ്ടാണ് തങ്ങള്‍ക്കു വെടിയേല്‍ക്കാതിരുന്നതെന്നും ഇന്‍ഷ പറയുന്നു. യാസ്മീന്റെ മരണവാര്‍ത്ത അറിയിക്കാന്‍ വീട്ടില്‍പോയ മൊയീനെ പോലിസ് പിന്തുടര്‍ന്ന് വീടിന്റെ ഗേറ്റ് വരെ മര്‍ദ്ദിച്ചുവെന്നും ഇന്‍ഷ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day