|    Jan 19 Thu, 2017 8:01 am
FLASH NEWS

കശ്മീര്‍ പ്രക്ഷോഭം: പോലിസ് ഉപയോഗിച്ചതു ലോഹ ഉണ്ടകള്‍

Published : 15th July 2016 | Posted By: sdq

ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ മുസഫര്‍ വാനിയെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ കശ്മീരികളെ സിആര്‍പിഎഫും പോലിസും പ്രധാനമായും നേരിട്ടത് ലോഹ ഉണ്ടകൊണ്ട്. യുദ്ധമുഖത്ത് സൈന്യം പ്രയോഗിക്കുന്ന ലോഹ ഉണ്ടകള്‍ തന്നെയാണ് കശ്മീരിലും പ്രയോഗിച്ചതെന്നാണ് ആരോപണം. സംഘര്‍ഷമേഖലയില്‍ പ്രയോഗിക്കുന്നതിന് ലോഹത്തിനു മുകളില്‍ റബര്‍ കവചമുണ്ടാവാറുണ്ടെങ്കിലും പരിക്കേറ്റവരും കൊല്ലപ്പെട്ടവരുമായ കശ്മീരികളുടെ ശരീരത്തില്‍ കാണപ്പെട്ട ലോഹച്ചീളുകള്‍ ലോഹ ഉണ്ടകള്‍തന്നെയാണു പ്രയോഗിച്ചതെന്ന ആരോപണം ബലപ്പെടുത്തുന്നു.
കുരുമുളക് സ്‌പ്രേ, വൈദ്യുതി തോക്ക് എന്നിവ കൂടാതെ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ‘മാരകമല്ലാത്ത ലോഹ ഉണ്ടകള്‍ കശ്മീരില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് 2010 മുതലാണ്. കശ്മീരില്‍ പോലിസ് നടപടിയില്‍ കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും പലരും ഇതിന്റെ ഇരകളാണെന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.
ഒരാഴ്ചയോളമായി തുടരുന്ന പ്രക്ഷോഭത്തിനിടെ പോലിസ് വെടിയേറ്റ് 36 പേരാണു കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ 400ലധികം ആളുകള്‍ക്ക് കണ്ണിന് ക്ഷതമേറ്റിട്ടുണ്ട്. താഴ്‌വരയിലെ മഹാരാജ ഹരിസിങ് ആശുപത്രിയില്‍ മാത്രം 92 പേര്‍ കണ്ണ് ശസ്ത്രക്രിയ കഴിഞ്ഞ് ചികില്‍സയിലാണ്. മറ്റ് ആശുപത്രികളും പരിക്കേറ്റവരാല്‍ നിറഞ്ഞിട്ടുണ്ട്. ലോഹ ഉണ്ട പൊട്ടിച്ചതുമൂലമുള്ള ചീളുകള്‍ തറച്ചാണ് ഇവരുടെ കാഴ്ചയ്ക്ക് തകരാറ് വന്നതെന്ന് ആരോഗ്യവൃത്തങ്ങള്‍ പറയുന്നു. ചികില്‍സയ്ക്കായി ഡല്‍ഹിയില്‍ നിന്നു കശ്മീരിലേക്ക് നേത്രരോഗ വിദഗ്ധരെ അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.  


റബര്‍ കവചമില്ലാത്ത ലോഹപന്തുകള്‍ പ്രക്ഷോഭകര്‍ക്കു നേരെ പോലിസ് പ്രയോഗിച്ചെന്നാണ് റിപോര്‍ട്ടുകള്‍. റബര്‍ കവചമുള്ളതാണെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നു. വെടിവച്ച ഉടനെ ലോഹശകലങ്ങള്‍ ചിതറുന്നതുമൂലം ഒരിക്കലും ലക്ഷ്യം പിഴക്കില്ല. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തറച്ച് മാരകമായ മുറിവേല്‍ക്കുന്നതിനും ഇതു കാരണമാവും. വിവരാവകാശ നിയമപ്രകാരം താഴ്‌വരയിലെ ആശുപത്രികളില്‍ നിന്ന് സാമൂഹികപ്രവര്‍ത്തകന്‍ മന്നം ബുഖാരിക്ക് ലഭിച്ച കണക്കുപ്രകാരം 2010ന് ശേഷം പോലിസിന്റെ ലോഹ ഉണ്ട പ്രയോഗം മൂലം 10 പേര്‍ മരിക്കുകയും 1500 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഞായറാഴ്ച രാത്രി ഉറങ്ങാന്‍ തയ്യാറെടുക്കവെ 10.45ന് ശ്രീനഗറില്‍ പോലിസ് വെടിയേറ്റ അഞ്ചുവയസ്സുകാരി സുഹ്‌റയ്ക്ക് തലയ്ക്കും കൈകാലുകള്‍ക്കും പരിക്കുണ്ട്. അടുക്കളയില്‍ ജനലുകള്‍ക്കടുത്തിരിക്കുമ്പോഴാണ് ഒമ്പതു വയസ്സുകാരി തമന്നയ്ക്ക് ലോഹ ഉണ്ടകൊണ്ട് വെടിയേറ്റ് കാഴ്ചയ്ക്ക് തകരാറ് സംഭവിച്ചത്. തന്റെ വീട് പോലിസ് മനപ്പൂര്‍വം ആക്രമിക്കുകയായിരുന്നുവെന്ന് തമന്നയുടെ മാതാവ് ശമീന ആരോപിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 171 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക