|    Jan 20 Fri, 2017 9:18 am
FLASH NEWS

കശ്മീര്‍: പോലിസുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി മരിച്ചു; മരണം 47 ആയി

Published : 25th July 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ ഈ മാസം 15ന് ജനക്കൂട്ടം പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ചതിനെതുടര്‍ന്ന് പരിക്കേറ്റ് ചികില്‍സയിലായിരുന്ന പോലിസുകാരന്‍ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങി. മുദാസിര്‍ അഹ്മദാണു മരിച്ചത്. കൂടാതെ സംഘര്‍ഷത്തില്‍ ഒരു സിവിലിയനും കൊല്ലപ്പെട്ടു. പാംപൂര്‍ സ്വദേശിയായ പരിക്കേറ്റ് ആശുപത്രിയില്‍ ആയിരുന്ന സമീര്‍ അഹ്മദ് വാനിയാണ് മരിച്ചത്.
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെതുടര്‍ന്ന് താഴ്‌വരയിലുണ്ടായ കലാപത്തില്‍ മരിക്കുന്ന രണ്ടാമത്തെ പോലിസുകാരനാണ് മുദാസിര്‍ അഹ്മദ്. കുല്‍ഗമില്‍ കല്ലേറു നടത്തിയ പ്രതിഷേധക്കാര്‍ പോലിസ് സ്‌റ്റേഷനു നേരെ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മുദാസിര്‍ അഹ്മദ് ഉള്‍പ്പെടെ ആറു പോലിസുകാര്‍ക്കു പരിക്കേറ്റിരുന്നു. കശ്മീരിലെ അഞ്ചു ജില്ലകളില്‍ കര്‍ഫ്യൂ തുടരുകയാണ്.
ഇതിനിടെ, അനന്ത്‌നാഗ് പട്ടണത്തില്‍ ഇന്നു കശ്മീര്‍ സംഘടനകള്‍ മാര്‍ച്ചിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. മാര്‍ച്ച് തടയാന്‍ അധികൃതര്‍ എല്ലാ സന്നാഹങ്ങളുമൊരുക്കി.
താഴ്‌വരയില്‍ പോലിസും സിആര്‍പിഎഫും ജാഗ്രതയിലാണ്. ബുര്‍ഹാന്‍ വാനിയുടെ വധത്തെതുടര്‍ന്നുണ്ടായ അക്രമങ്ങളിലും പോലിസ് നടപടിയിലുമായി താഴ്‌വരയില്‍ 47 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 3400ലധികം പേര്‍ക്ക് പരിക്കേറ്റു.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു ശ്രീനഗറില്‍ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും മറ്റു മന്ത്രിമാരും രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി.
പ്രക്ഷോഭത്തെതുടര്‍ന്ന് നിര്‍ത്തിവച്ച ശ്രീനഗര്‍-മുസഫറാബാദ് ബസ് സര്‍വീസ് തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. കശ്മീര്‍ സംഘര്‍ഷത്തിനു പരിഹാരം കാണാന്‍ പാകിസ്താനുമായും വിഭജനവാദികളുമായും സുസ്ഥിര ചര്‍ച്ച തുടങ്ങണമെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വിഭജനവാദികളുമായി സോപാധിക ചര്‍ച്ച തുടങ്ങണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 70 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക