|    Jan 17 Tue, 2017 4:39 pm
FLASH NEWS

കശ്മീര്‍: നാലു ജില്ലകളില്‍ കര്‍ഫ്യൂ പിന്‍വലിച്ചു; പത്രങ്ങള്‍ വീണ്ടും പ്രസിദ്ധീകരണം തുടങ്ങി

Published : 22nd July 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലെ നാലു ജില്ലകളില്‍ കര്‍ഫ്യൂ പിന്‍വലിച്ചു. വിദ്യാലയങ്ങള്‍ ഇന്നലെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ വെളിച്ചത്തിലാണ് കര്‍ഫ്യൂ പിന്‍വലിച്ചത്. എന്നാല്‍, മുന്‍കരുതലെന്ന നിലയില്‍ താഴ്‌വരയിലെ ആറു ജില്ലകളില്‍ കര്‍ഫ്യൂ തുടരും.

ബന്ദിപുര, ബദ്ഗം, ഗണ്ടര്‍ബര്‍, ബാരാമുല്ല ജില്ലകളിലാണ് കര്‍ഫ്യൂ പിന്‍വലിച്ചത്. എന്നാല്‍, ഈ ജില്ലകളില്‍ ആളുകള്‍ തടിച്ചുകൂടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചുദിവസത്തിനുശേഷം കശ്മീര്‍ താഴ്‌വരയില്‍ ഇന്നലെ പ്രാദേശിക പത്രങ്ങളിറങ്ങി. കഴിഞ്ഞ ദിവസം പത്രാധിപന്മാരുമായും ഉടമകളുമായും മുഖ്യമന്ത്രി മെഹബൂബ മുഫ്തി കൂടിക്കാഴ്ച നടത്തിയിരുന്നു. പത്രങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയതില്‍ അവര്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.
കര്‍ഫ്യു പിന്‍വലിച്ചെങ്കിലും സ്‌കൂളുകള്‍ ഇന്നലെയും അടഞ്ഞു കിടന്നു. ചില ജീവനക്കാര്‍ സ്‌കൂളുകളിലെത്തിയെങ്കിലും വിദ്യാര്‍ഥികള്‍ വന്നില്ലെന്ന് ബന്ദിപുരയിലെ സാമൂഹികപ്രവര്‍ത്തകന്‍ നസീര്‍ അഹ്മദ് പറഞ്ഞു. ഈ മാസം 18ന് സ്‌കൂളുകള്‍ തുറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ പിന്നീട് വേനലവധി 25വരെ നീട്ടി. ഇത്‌വീണ്ടും മാറ്റംവരുത്തി ഇന്നലെ തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചോ എന്നതുസംബന്ധിച്ച് അധികൃതര്‍ പ്രതികരിച്ചില്ല. ഒരിടത്തും സ്‌കൂളുകള്‍ തുറന്നില്ലെന്നാണ് അനൗദ്യോഗിക റിപോര്‍ട്ടുകള്‍. വിദ്യാഭ്യാസ മന്ത്രി നയിം അക്തറിന്റെ ജന്മഗ്രാമത്തില്‍പോലും സ്‌കൂളുകള്‍ തുറന്നില്ലെന്ന് അഹ്മദ് പറഞ്ഞു.
പോലിസ് നടപടിയെ തുടര്‍ന്നായിരുന്നു പത്രങ്ങള്‍ പ്രസിദ്ധീകരണം നിര്‍ത്തിവച്ചത്. എന്നാല്‍, പത്രങ്ങള്‍ക്കു നിയന്ത്രണമൊന്നുമില്ലെന്നാണ് സര്‍ക്കാര്‍ ചൊവ്വാഴ്ച പറഞ്ഞത്. തുടര്‍ന്നും പത്രങ്ങള്‍ ഇറങ്ങിയില്ല. ഇതേതുടര്‍ന്നാണ് മെഹബൂബ പത്രമുടമകളുമായും പത്രാധിപന്മാരുമായും ചര്‍ച്ച നടത്തിയത്. പത്രസ്വാതന്ത്ര്യം തടസ്സപ്പെടുത്തില്ലെന്ന് അവര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
സാധാരണക്കാരെ സുരക്ഷാസേന കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് ഇന്നലെ 13ാം ദിവസവും കശ്മീര്‍ താഴ്‌വരയിലെ ജനജീവിതം സ്തംഭിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം രണ്ടുമണി മുതല്‍ രാത്രിവരെ ബന്ദില്‍ ഇളവ്‌നല്‍കി. ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ ശേഖരിക്കുന്നതിനായിരുന്നു ഇളവ്. ബന്ദ് ഇന്നും തുടരും.
കശ്മീരിലെ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാന്‍ ഇന്നലെ മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ സര്‍വകക്ഷി യോഗം പ്രതിപക്ഷമായ നാഷനല്‍ കോണ്‍ഫറന്‍സ് ബഹിഷ്‌കരിച്ചു. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കശ്മീരില്‍ സംഘര്‍ഷം രൂപംകൊണ്ടത്. തുടര്‍ന്ന് സുരക്ഷാസേനയുടെ നടപടിയിലും മറ്റുമായി ഇതുവരെ 43 പേര്‍ മരിച്ചു. 3,400ലേറെ പേര്‍ക്ക് പരിക്കേറ്റു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക