|    Oct 19 Thu, 2017 8:52 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കശ്മീര്‍ ചര്‍ച്ച: കൂടുതല്‍ സംഘങ്ങള്‍ പുറപ്പെട്ടേക്കും

Published : 8th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ജമ്മു-കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച നടത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന നിലപാടില്‍ ഉറച്ച് സര്‍വകക്ഷിസംഘം. ജമ്മു-കശ്മീരില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയെത്തിയ സംഘം ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച ഉള്‍പ്പെടെയുള്ള ആവശ്യങ്ങളടങ്ങിയ പ്രമേയം ഏകകണ്ഠമായി പാസാക്കി.
യോഗത്തിന്റെയും വിലയിരുത്തലുകളുടെയും തുടര്‍ച്ചയെന്ന നിലയില്‍ കശ്മീരിലേക്കു വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്താന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ചെറുസംഘങ്ങളെ സര്‍ക്കാര്‍ അയക്കുമെന്നാണ് സൂചന. ഹുര്‍റിയത്ത് നേതാക്കളുടെ പേരെടുത്തുപറയാതെയാണ് എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച വേണമെന്ന് പ്രമേയം ആവശ്യപ്പെട്ടത്. ദേശീയ അഖണ്ഡതയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറാകേണ്ടതില്ലെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, കശ്മീരിലെത്തിയ സര്‍വകക്ഷിസംഘത്തിനു നേട്ടം ഉണ്ടാക്കാനായില്ലെന്നു നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല ട്വിറ്ററില്‍ പ്രതികരിച്ചു.
അതേസമയം, ഹുര്‍റിയത്ത് നേതാക്കളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുമെന്നും അവരുടെ സൗകര്യങ്ങള്‍ പിന്‍വലിച്ച് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നുമുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നു യോഗത്തില്‍ രാജ്‌നാഥ് സിങ് പറഞ്ഞു. കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച വേണമെന്ന കാര്യത്തില്‍ സമവായത്തിലെത്തിയെന്ന് യോഗത്തില്‍ പങ്കെടുത്ത എന്‍ കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു. സമാധാനപരമായ പ്രതിഷേധങ്ങള്‍ തടയരുത്, സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആശ്വാസ പാക്കേജ് അനുവദിക്കണം, പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കു നഷ്ടപരിഹാരം എന്നിവയാണ് സര്‍വകക്ഷിസംഘത്തിന്റെ പ്രധാന നിര്‍ദേശങ്ങള്‍.
കശ്മീര്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. കേന്ദ്രസര്‍ക്കാര്‍ എല്ലാവരുമായും ചര്‍ച്ചയ്ക്കു തയ്യാറാണെന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.  പെല്ലറ്റ് തോക്കുകളുടെ ഉപയോഗം നിരോധിക്കണമെന്നും ജനവാസകേന്ദ്രങ്ങളില്‍ നിന്ന് അഫ്‌സ്പ പിന്‍വലിക്കണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.തിരക്കിനനുസരിച്ച് ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ മാറ്റം
ന്യൂഡല്‍ഹി: പ്രീമിയം ട്രെയിനുകളില്‍ വിമാന ടിക്കറ്റുകളുടെ മാതൃകയില്‍ ഫഌക്‌സി ചാര്‍ജുകള്‍ നടപ്പാക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ആവശ്യക്കാര്‍ ഏറുന്നതിനനുസരിച്ച് നിരക്കുകളില്‍ മാറ്റം വരുന്ന രീതിയാണിത്. തുടക്കത്തില്‍ രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളിലാണ് ഫഌക്‌സി ചാര്‍ജുകള്‍ നടപ്പാക്കുക. നാളെ മുതല്‍ ഫളക്‌സി ചാര്‍ജുകള്‍ നിലവില്‍ വരും.
എന്നാല്‍, മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് നിരക്കുവ്യത്യാസം ബാധകമല്ല. കുറഞ്ഞ സീറ്റുകള്‍ മാത്രമേ ട്രെയിനില്‍ ഉള്ളൂവെങ്കില്‍ യാത്രക്കാര്‍ ടിക്കറ്റിനു കൂടുതല്‍ പണം നല്‍കേണ്ടിവരും. പത്തു ശതമാനം ടിക്കറ്റ് വില്‍പന നടന്നാല്‍ ടിക്കറ്റിന് 10 ശതമാനം വില വര്‍ധിക്കും.
ഫസ്റ്റ്ക്ലാസ് എസിക്ക് ഇത് ബാധകമാവില്ല. ഫഌക്‌സി രീതിയില്‍ നിരക്കില്‍ വ്യത്യാസം വരുന്നതോടെ കാറ്ററിങ്, റിസര്‍വേഷന്‍, സേവന നികുതി, സൂപ്പര്‍ഫാസ്റ്റ് ചാര്‍ജ് തുടങ്ങിയവ ടിക്കറ്റ് നിരക്കില്‍ നിന്നു വേര്‍തിരിക്കും. ഇവയില്‍ വ്യത്യാസമുണ്ടാകില്ല. ഫഌക്‌സി രീതിയില്‍ താഴ്ന്ന ക്ലാസ് യാത്രയ്ക്കുള്ള നിരക്ക് ഉയര്‍ന്ന ക്ലാസിനേക്കാള്‍ കൂടുതലായാല്‍ യാത്രക്കാരന് സീറ്റ് ഒഴിവു വരുന്ന അവസരത്തില്‍ ഉയര്‍ന്ന ക്ലാസില്‍ യാത്ര ചെയ്യാന്‍ കഴിയുമെന്നും റെയില്‍വേ അറിയിച്ചു. തത്കാല്‍ ക്വാട്ടയിലുള്ള ടിക്കറ്റിന് ഏത് ക്ലാസിലാണോ ബുക്ക് ചെയ്യുന്നത് അതില്‍ അടിസ്ഥാന നിരക്കിന്റെ ഒന്നര ഇരട്ടി നല്‍കി ബുക്ക് ചെയ്യാം.
രാജ്യത്ത് അതിവേഗ സര്‍വീസ് നടത്തുന്ന രാജധാനി, തുരന്തോ, ശതാബ്ദി എക്‌സ്പ്രസുകളിലെ ടിക്കറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. അവധി, ഉത്സവം തുടങ്ങിയ അവസരങ്ങള്‍ മുതലാക്കി വരുമാനം വര്‍ധിപ്പിക്കാനാണ് റെയില്‍വേയുടെ ശ്രമം. നിരക്കു വര്‍ധന സൂചിപ്പിക്കുന്ന പട്ടികയും റെയില്‍വേ പുറത്തുവിട്ടിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക