|    Jun 25 Mon, 2018 11:21 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

കശ്മീര്‍: കേഴുക പ്രിയ നാടേ

Published : 29th July 2016 | Posted By: SMR

ഗൗതം  നവ്‌ലാഖ

ബുര്‍ഹാന്‍ വാനിയുടെയും സഖാക്കളുടെയും ജനനവും മരണവും ജമ്മുകശ്മീരിലെ സായുധപോരാട്ടത്തിന്റെ 1989-90നു മുമ്പും പിമ്പുമുള്ള രാഷ്ട്രീയത്തെ പ്രതീകാത്മകമായി വേര്‍തിരിക്കുന്ന ഒരു ഘട്ടത്തിലാണ് ഉണ്ടാവുന്നത്. കഴിഞ്ഞ കാലത്തില്‍നിന്ന് വ്യത്യസ്തമായി താഴ്‌വരയിലെ സായുധപോരാളികള്‍ തോക്കുകള്‍ക്കോ പരിശീലനത്തിനോ വേണ്ടി പാകിസ്താനിലേക്കു പോവുന്നില്ല. ചെറുത്തുനില്‍പിന്റെ തദ്ദേശീയമായ അടയാളങ്ങളാണ് ഈ യുവാക്കളുടെ മുഖത്ത് കാണുന്നത്. ജൂലൈ എട്ടിനുണ്ടായ ബുര്‍ഹാനിന്റെ കൊലപാതകവും തുടര്‍ന്ന് സംസ്‌കാരച്ചടങ്ങിനോടനുബന്ധിച്ച് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധവുമെല്ലാം 90കളെ, പ്രത്യേകിച്ച് അഷ്ഫാഖ് മാജിദിന്റെ മരണത്തെ ഓര്‍മിപ്പിക്കുന്നതാണ്. സമാനമായ ജനകീയപ്രക്ഷോഭമാണ് അക്കാലത്തുണ്ടായത്. തങ്ങള്‍ ഏറെക്കാലം ജീവിച്ചിരിക്കില്ലെന്ന് ബുര്‍ഹാനും സുഹൃത്തുക്കള്‍ക്കും അറിയാമായിരുന്നു. ഏഴു വര്‍ഷമാണ് ഒരു പോരാളിയുടെ ശരാശരി ജീവിതകാലാവധിയെന്ന് ബുര്‍ഹാന്റെ പിതാവ് മരണത്തിന് ഏറെക്കാലം മുമ്പു തന്നെ പറഞ്ഞിട്ടുണ്ട്. മരിക്കാന്‍ അവര്‍ സ്വയം തീരുമാനിച്ചതുകൊണ്ടായിരുന്നില്ല അത്. സ്വയംനിര്‍ണയാവകാശമെന്ന ആവശ്യത്തെ ക്രൂരമായ സൈനിക നടപടികളിലൂടെ അടിച്ചമര്‍ത്തുന്ന രാജ്യം അത്രയും കാലത്തെ അവസരമേ നല്‍കിയിരുന്നുള്ളു.
സ്വാതന്ത്ര്യത്തോടുള്ള കശ്മീരികളുടെ തീവ്രാഭിലാഷത്തിന്റെ ആഴത്തെ നാം അവഗണിക്കുകയും അതിനെതിരായി ഒട്ടനേകം പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുന്നു. ഭൂമി പിടിച്ചെടുത്ത് കശ്മീരിന് പുറത്തുള്ള മുന്‍ സൈനികരെ അവിടെ താമസിപ്പിക്കുക (ആര്‍എസ്എസ് നിര്‍ദേശിച്ച പദ്ധതിയാണിത്), വ്യവസായങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, ഖനനം എന്നിവയ്ക്കായി മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നവര്‍ക്ക് തടസ്സമില്ലാതെ ഭൂമി ലഭ്യമാക്കുക, കുടിയേറ്റക്കാര്‍ക്കായി കോട്ടകെട്ടിയ കോളനികള്‍ സ്ഥാപിക്കുക അങ്ങനെ പലതുമുണ്ട്. പ്രാതിനിധ്യ ഭരണകൂടത്തിന്റെ നിയന്ത്രണത്തിനപ്പുറത്താണ് സൈന്യം. ഇതൊക്കെയും സാമ്പത്തിക നിരാശ്രയത്വവും സൈനികസാന്നിധ്യവും സംസ്ഥാന സര്‍ക്കാരിന്റെ മൂക്കുകയര്‍ ഡല്‍ഹിയാണ് പിടിച്ചിരിക്കുന്നതെന്നു വ്യക്തമാക്കുന്നു. ഈ ചുഴിയില്‍ മുമ്പും ഇപ്പോഴും ജമ്മുകശ്മീരിലെ ഹിന്ദുത്വശക്തികള്‍ എന്ത് പങ്കു വഹിക്കുമെന്നു പരിഗണിക്കേണ്ടതുണ്ട്.
1986-89 കാലത്തെ സര്‍ക്കാരിന്റെ പിടിവാശിയാണ് കശ്മീരില്‍ സംഘര്‍ഷാവസ്ഥയുണ്ടാക്കിയത്. 1989-90 കാലത്തെ ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ കശ്മീരിനെ സൈനിക കോട്ടയായി മാറ്റുകയും ചെയ്തു. ഇന്ത്യന്‍ സൈന്യം അവിടെയെവിടെയുമുണ്ട്. ബങ്കറുകളില്‍, ചെക്‌പോയിന്റുകളില്‍, കവാടങ്ങളില്‍, മതിലുകള്‍ക്കപ്പുറത്ത്, കാംപസുകളില്‍, ചന്തകളില്‍, റോഡുകളില്‍ എല്ലായിടത്തും ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യം വളരെ പ്രത്യക്ഷമാണ്.
ഇന്ത്യന്‍ ബുദ്ധിജീവിവിഭാഗം, ആദരിക്കേണ്ട ചിലരൊഴികെ, സിദ്ധാന്തങ്ങളിലും ദേശീയതാ ആശയങ്ങളിലും മുങ്ങിയിരിക്കുന്നുവെന്നതാണ് എന്നെ കൂടുതല്‍ സങ്കടപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ വര്‍ഗീയവാദികളും മതേതരവാദികളും ഒരുപോലെയാണ്. ദേശരാഷ്ട്രം, അതിന്റെ അലംഘനീയത തുടങ്ങിയവയുമായി സംശയരഹിതമായി ബന്ധിതരാണവര്‍. അവര്‍ എല്ലാത്തിനും നേരെ കണ്ണടച്ചുപിടിച്ചിരിക്കുന്നു. വഹാബി ഇസ്‌ലാമിനെ അവര്‍ വിമര്‍ശിക്കുന്നു. എന്നാല്‍, എങ്ങനെയാണ് വഹാബി ഇസ്‌ലാമിന്റെ പ്രചാരകര്‍ കശ്മീരിലെത്തിയതെന്ന് അവര്‍ ചോദിക്കുന്നില്ല. കഴിഞ്ഞ ദശകങ്ങളിലെല്ലാം എന്തുകൊണ്ടാണ് മാറിവന്ന സര്‍ക്കാരുകള്‍ ഈ ‘വിദേശ ഫണ്ട് കൊണ്ടുള്ള പദ്ധതി’യുടെ സംരക്ഷകരായി മാറിയതെന്നും ചോദിക്കുന്നില്ല. അതോടൊപ്പം സംസ്ഥാനത്തെ സൈനികവല്‍ക്കരണത്തിലുള്ള ഹിന്ദുത്വത്തിന്റെ പങ്കും ചോദ്യംചെയ്യപ്പെടാറില്ല. സൈന്യവും ബ്യൂറോക്രസിയും സംസ്ഥാന ഭരണകൂടവും അവരെ തടവിലാക്കുന്നു. ബജ്‌രംഗ്ദളിന്റെയും ശിവസേനയുടെയും 29,000 പേരടങ്ങുന്ന വില്ലേജ് ഡിഫന്‍സ് കമ്മിറ്റി ജമ്മു മേഖലയില്‍ നടത്തുന്ന സായുധപരിശീലനത്തെക്കുറിച്ച് എന്താണ് ആരുമൊന്നും പറയാത്തത്? ഒരു ‘അസ്വസ്ഥബാധിത’ മേഖലയില്‍ ആയുധങ്ങളെടുക്കാന്‍ ആരാണ് അവരെ അനുവദിച്ചത്. അമര്‍നാഥ് യാത്ര കശ്മീരില്‍ പോരാടുന്ന സൈനികരോടുള്ള ഐക്യദാര്‍ഢ്യപ്രകടനമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നടത്തുന്ന അവകാശവാദം നമ്മള്‍ അവകാശപ്പെടുന്ന ഏതു മതേതരത്വത്തോടാണ് വിളക്കിച്ചേര്‍ക്കുക. ആര്‍എസ്എസും ബിജെപിയും ഭരിക്കുന്ന ഇന്ത്യയില്‍ ഒരു കശ്മീരി മുസ്‌ലിം എങ്ങനെയാണ് വിശ്വാസം അര്‍പ്പിക്കുക?
വിഷയമിതാണ്. ഇന്ത്യന്‍ മതേതരത്വത്തിന് വിശ്വാസ്യതയില്ല. മുസ്‌ലിംകള്‍ക്കെതിരേ സ്ഥാപനവല്‍കൃതമായ വിവേചനം നടപ്പാക്കുന്നു. ഭീകരത ആരോപിക്കുന്ന കള്ളക്കേസുകളില്‍ വര്‍ഷങ്ങള്‍ ജയിലില്‍ അടച്ചിട്ട മുസ്‌ലിംകള്‍ക്ക് നഷ്ടപരിഹാരം പോലും നിഷേധിക്കുന്നു. അവരുടെ നേരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ അവഗണിക്കുന്നു. (അക്ഷര്‍ധാം സംഭവത്തില്‍ മുസ്‌ലിംകള്‍ക്കെതിരേ ചുമത്തിയത് കള്ളക്കേസാണെന്ന് സുപ്രിംകോടതി കണ്ടെത്തി. ബുദ്ധി ഉപയോഗിക്കാതെ കേസെടുക്കുന്നതിന് ഗുജറാത്ത് ആഭ്യന്തരമന്ത്രിയെ ശക്തിയായി വിമര്‍ശിച്ചു. എന്നാല്‍, പോലിസിന്റെ ആത്മവീര്യം കുറയ്ക്കുമെന്ന ന്യായത്തില്‍ മോദി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയില്ല). അതോടൊപ്പമാണ് മുസ്‌ലിംകള്‍ക്കെതിരേ ഹിന്ദുത്വസംഘങ്ങള്‍ നടത്തുന്ന ഹിംസാത്മകമായ പ്രചാരവേല. രാജ്യത്തെ മുസ്‌ലിംകളില്‍ തന്നെ സുരക്ഷാബോധമുണ്ടാക്കാനാവാത്ത സാഹചര്യത്തില്‍ അതെങ്ങനെയാണ് കശ്മീരികളില്‍ പ്രതീക്ഷിക്കാനാവുക. കശ്മീരിലെ മതഭ്രാന്തന്‍മാരുടെ സാന്നിധ്യത്തെ വിമര്‍ശിക്കുന്നവര്‍, ആര്‍എസ്എസ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നതുകൊണ്ട് നമ്മളെല്ലാവരും ഹിന്ദുത്വവാദികളായി മാറുമോ എന്ന ചോദ്യത്തിന് ആദ്യം മറുപടി പറയണം. ഓരോ തവണ നമ്മള്‍ കശ്മീരി മുസ്‌ലിംകള്‍ക്കെതിരേ ഓരോ ചോദ്യം ഉന്നയിക്കുമ്പോഴും അതേ ചോദ്യം നമുക്കുമെതിരേ ഉന്നയിക്കാവുന്നതാണെന്നു മനസ്സിലാക്കണം. തീര്‍ച്ചയായും കശ്മീരില്‍ മൗലികവാദി ഇസ്‌ലാമികരുടെ സാന്നിധ്യമുണ്ട്. എന്നാല്‍, അവരല്ല ജമ്മുകശ്മീര്‍ ഭരിക്കുന്നത്. അവര്‍ക്കുണ്ടാക്കാന്‍ കഴിയുന്ന നഷ്ടം രാജ്യം ഭരിക്കുന്ന ഹിന്ദുത്വവാദികള്‍ക്ക് ഉണ്ടാക്കാന്‍ കഴിയുന്നതിനേക്കാള്‍ എത്രയോ ചെറുതായിരിക്കും. ഇന്ത്യയുടെ മുഖ്യധാരയ്ക്ക് നേരെയുള്ള ഈ ഭീഷണിയില്‍ നിരാശരാവാത്തവര്‍ കശ്മീരികള്‍ ഈ ചളിക്കുണ്ടില്‍ ചാടണമെന്നാഗ്രഹിക്കുന്നു.
കശ്മീരില്‍ കാണുന്നപോലെ ആറുവര്‍ഷത്തിലൊരിക്കല്‍ തിരഞ്ഞെടുപ്പു നടക്കുന്നുവെന്നത് മാത്രമല്ല രാഷ്ട്രീയം. കശ്മീരികള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കുന്നത് അവരുടെ ദൈനംദിന അതിജീവനം കുറച്ചുകൂടി സഹ്യമാവുന്നതിനാണ്. റോയുടെ മുന്‍ തലവന്‍ എ എസ് ദുലാത്ത് തന്റെ പുസ്തകത്തില്‍ എഴുതിയത് എന്താണെന്ന് ഓര്‍ക്കുക. വോട്ട് ചെയ്യാന്‍ പോവുന്ന വൃദ്ധയായ കശ്മീരി സ്ത്രീപോലും ആസാദിയെന്ന തന്റെ ആവശ്യം ഉപേക്ഷിച്ചിട്ടില്ല. കശ്മീരി ജനതയുടെ മനസ്സും ഹൃദയവും ഇന്ത്യയോടൊപ്പമില്ല. നയതന്ത്രവുമായി ബന്ധപ്പെട്ട് ചില ബുദ്ധിജീവികള്‍ എഴുതിയ ലേഖനങ്ങള്‍ കുറേക്കൂടി വിവേകപൂര്‍ണമായിരുന്നു. കശ്മീരില്‍ ദീര്‍ഘകാലം ജോലിചെയ്ത ജനറല്‍മാരെല്ലാം ആവര്‍ത്തിച്ചുപറയുന്ന കാര്യമാണ് കശ്മീരില്‍ സൈനികപരിഹാരം സാധ്യമല്ലെന്നത്. അത് രാഷ്ട്രീയമായേ പരിഹരിക്കാനാവൂ. കശ്മീരിലെ സൈനിക നടപടികളെക്കുറിച്ച് ഉള്‍ക്കാഴ്ചയോടെയുള്ള പഠനങ്ങളുണ്ടായിട്ടുണ്ട്. അവ പറയുന്നത് പ്രദേശത്തെ ജനങ്ങള്‍ സൈന്യത്തെ വാഴ്ത്തുന്നത് അതിന്റെ സാമൂഹികപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ മാത്രമാണെന്നാണ്. അതോടൊപ്പം തന്നെ സൈന്യത്തെ അവര്‍ അധിനിവേശ സൈന്യമായി കാണുകയും സ്വാതന്ത്ര്യം ആവശ്യപ്പെടുകയും ചെയ്യുന്നു.
തീവ്രവാദവിരുദ്ധ നടപടികള്‍ മനശ്ശാസ്ത്രയുദ്ധം കൂടിയാണ്. രാജ്യം പൊതുസമൂഹത്തിനിടയില്‍ അരക്ഷിതബോധം നിലനിര്‍ത്തി കശ്മീരിലെ ചെറുത്തുനില്‍പിനെ തോല്‍പിച്ചെന്ന പ്രതീതിയുളവാക്കണം. രക്തരൂഷിതമായ അടിച്ചമര്‍ത്തലിനു സാധുത ലഭിക്കാനാണിത്. എന്നാല്‍, പെട്ടെന്നു ‘വിഘടനവാദി’കളെ തോല്‍പിച്ചെന്ന വിജയഭേരി നിര്‍ത്തി തുടര്‍ന്നുണ്ടാവുന്ന ജനകീയ പ്രതിഷേധങ്ങളുടെ പേരില്‍ പാകിസ്താനെ കുറ്റപ്പെടുത്തുന്നു. 70 വര്‍ഷത്തോളമായി ജമ്മുകശ്മീര്‍ ഇന്ത്യന്‍ ഭരണസംവിധാനത്തിന്റെ നിയന്ത്രണത്തിലാണ്. 6,00,000ല്‍ അധികം സൈന്യം, അര്‍ധസൈന്യം, സംസ്ഥാനത്തെ സായുധ പോലിസ് തുടങ്ങിയവരെ അവിടെ വിന്യസിച്ചിട്ടുണ്ട്. കൂറുമാറിയ പോരാളികള്‍ കൂടി ഉള്‍പ്പെടുന്നതാണ് ഈ സൈന്യം. നിര്‍ദയമായ നിയമങ്ങളുടെ സഹായത്തോടെയാണ് നിയന്ത്രണം അടിച്ചേല്‍പിച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ പാകിസ്താന് എങ്ങനെയാണ് കശ്മീരില്‍ ഒരു പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സാധിക്കുക. തിരഞ്ഞെടുപ്പും അതിലെ വോട്ടിങ് ശതമാനവും ജനങ്ങളുടെ തീരുമാനത്തിന് ഉദാഹരണമാണെങ്കില്‍ എങ്ങനെയാണ് കൊല്ലപ്പെട്ട സായുധപോരാളിയുടെ സംസ്‌കാരച്ചടങ്ങിലും ഏറ്റുമുട്ടല്‍ നടന്ന സ്ഥലങ്ങളിലും ജനങ്ങള്‍ തടിച്ചുകൂടുക. ബാഹ്യശക്തികളെ ഇത്തരം കാര്യങ്ങളില്‍ കുറ്റപ്പെടുത്തുന്നത് ഒരു പൊതുപ്രവണതയായി മാറിയിട്ടുണ്ട്. അതോടൊപ്പം തന്നെ സായുധസംഘങ്ങളുടെ വേരുകള്‍ തദ്ദേശീയമാണെന്ന യാഥാര്‍ഥ്യം നിഷേധിക്കുന്നത് ഗുരുതര പിഴവാണ്. നാം പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ എല്ലാ അവകാശത്തെയും തല്ലിക്കെടുത്തുന്നു, കശ്മീരില്‍ രാഷ്ട്രീയപ്രക്രിയകളെ തടയുന്നു, ജനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്നു, അപകടപ്പെടുത്തുന്നു. സൈന്യത്തിന് സംശയത്തിന്റ പേരില്‍ ആളെ കൊല്ലുന്നതിന് നിയമപരിരക്ഷ നല്‍കുന്നു. അതിന്റെ ഫലമായി കസ്റ്റഡിമരണം, പീഡനം, ബലാല്‍സംഗം, കാണാതാവലുകള്‍ തുടങ്ങിയവയുണ്ടാവുന്നു. കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാന്‍ പാകിസ്താനെ സഹായിക്കുന്നതാണ് ഇതൊക്കെ. നാണക്കേടുണ്ടാക്കുന്ന ഇത്തരം നയങ്ങളാണ് വീണ്ടും ആയുധമെടുക്കാന്‍ കശ്മീരികളെ പ്രേരിപ്പിക്കുന്നത്. 2008, 2009, 2010 വര്‍ഷങ്ങളിലെ കടുത്ത അടിച്ചമര്‍ത്തല്‍ മൂലം ലശ്കര്‍, ജയ്‌ശെ തുടങ്ങിയ സംഘടനകളിലേക്ക് വീണ്ടും യുവാക്കള്‍ ചേരുകയും അവ പ്രവര്‍ത്തനക്ഷമമാവുകയും ചെയ്തിട്ടുണ്ട്.
2008 സായുധസമരം സായുധരഹിത സമരത്തിന് വഴിമാറിയ കാലമായിരുന്നു. ഇപ്പോള്‍ കശ്മീര്‍ വീണ്ടും സായുധസമരത്തിന്റെ കാലത്തേക്കു മാറിസഞ്ചരിക്കുകയാണ്. അന്നു മുന്‍ൈകയെടുത്ത് പ്രശ്‌നം പരിഹരിക്കുന്നതിനു പകരം രണ്ടു യുപിഎ ഭരണകൂടങ്ങളും അവസരം കളഞ്ഞുകുളിച്ചു. ഇന്ത്യാ സര്‍ക്കാരിന് കശ്മീരികളോട് പുതുതായി ഒന്നും വാഗ്ദാനം ചെയ്യാനില്ലെന്നതാണ് വസ്തുത. സ്വയംഭരണം നല്‍കാമെന്നാണ് ഒരോ സംഘര്‍ഷകാലത്തും ഇന്ത്യ കശ്മീരികളെ സമാധാനിപ്പിക്കാന്‍ പറയാറ്. ആരും അത് ഇപ്പോള്‍ കണക്കിലെടുക്കാറില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വനമേഖലകളിലും കാണുന്ന സാഹചര്യത്തില്‍നിന്ന് വ്യത്യസ്തമല്ല കശ്മീര്‍. എന്നിട്ടും ഒന്നും മുന്നോട്ടുവയ്ക്കാനില്ലാത്ത സര്‍ക്കാര്‍ പ്രവിശ്യയില്‍ തങ്ങള്‍ തന്നെ എല്ലാം തീരുമാനിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഇതിനിടെ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ഒരു സത്യം പറഞ്ഞു. സായുധസംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ബുര്‍ഹാന്‍ വാനിയുടെ മൃതകുടീരത്തിനുള്ള ശേഷി സാമൂഹികമാധ്യമങ്ങളിലൂടെ അദ്ദേഹത്തിനു കഴിയുന്നതിനേക്കാള്‍ കൂടുതലാണെന്നാണത്. ഭരണകക്ഷിയായ പിഡിപി വക്താവും പോലിസും മക്കളെ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് രക്ഷിതാക്കള്‍ തടയണമെന്ന് അഭ്യര്‍ഥിച്ചു. ഏതു രക്ഷിതാവാണ് സ്വന്തം മക്കള്‍ കൊല്ലപ്പെടണമെന്ന് ആഗ്രഹിക്കുക. എന്നിട്ടും എല്ലാ പ്രായത്തില്‍പ്പെട്ടവരും കശ്മീരിലെ പ്രക്ഷോഭത്തിലുണ്ട്. മക്കളെ തടയണമെന്നു രക്ഷിതാക്കളോട് അഭ്യര്‍ഥിക്കുന്ന ഇന്ത്യാ ഗവണ്‍മെന്റ് അതിന്റെ ഹതാശയും തെറ്റായ ഗണിതവുമാണു വ്യക്തമാക്കുന്നത്. കശ്മീര്‍ അതിന്റെ സായുധസമരത്തിന്റെ പുതിയ ഘട്ടത്തിലേക്കു കടന്നിരിക്കുന്നു.
പോലിസും സുരക്ഷാസൈന്യവും എത്ര ശ്രമിച്ചിട്ടും 40,000 ആളുകള്‍ ബുര്‍ഹാന്‍ വാനിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നത് തടയാന്‍ കഴിഞ്ഞില്ല. യുവാക്കള്‍ എല്ലായിടത്തുമുണ്ടായിരുന്നു. അവര്‍ സൈനികവാഹനങ്ങള്‍ തടഞ്ഞു. ഹിസ്ബുല്‍ മുജാഹിദീന്‍ പോരാളികള്‍ വാനിക്ക് 21 ഗണ്‍ സല്യൂട്ടുകള്‍ നല്‍കി. കഴിഞ്ഞ 26 വര്‍ഷത്തെ സംഭവങ്ങളുടെ രോഷം മുഴുവന്‍ ജനങ്ങളുടെ പ്രതിഷേധത്തിലുണ്ടായിരുന്നു.
പ്രശ്‌നത്തിനു രാഷ്ട്രീയ പരിഹാരം തേടുന്നതിലുള്ള അനാസ്ഥയും അതില്‍ പ്രതിഫലിച്ചിരുന്നു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സിദ്ധാന്തവാശിയും പ്രത്യയശാസ്ത്രഭാരവും പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണു ചെയ്യുന്നത്. ഭാവനയോടെ ദേശീയതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന യാത്ര ധീരന്‍മാര്‍ക്കുള്ളതാണ്. കഴിഞ്ഞ നവംബറില്‍ ശ്രീനഗര്‍ സന്ദര്‍ശിക്കുമ്പോള്‍ മോദി പറഞ്ഞത് കശ്മീര്‍ വിഷയത്തില്‍ തനിക്കാരുടെയും ഉപദേശം ആവശ്യമില്ലെന്നാണ്. പ്രവിശ്യയിലേക്കു കൂടുതല്‍ സൈന്യത്തെ അയക്കുകയും അവര്‍ക്കുള്ള കുറ്റവിമുക്തിയെക്കുറിച്ച് ഒച്ചയിടുകയും ചെയ്യുന്ന നയം തന്നെ അതിനാല്‍ കേന്ദ്രം തുടരുന്നു. തൊട്ടുമുമ്പാണ് രാജ്യത്തെ പരമോന്നത കോടതി ‘സായുധവിഭാഗങ്ങള്‍’, ‘ശത്രു’, ‘ആഭ്യന്തര കുഴപ്പം’ എന്നീ പ്രയോഗങ്ങള്‍ ഏതര്‍ഥത്തിലാണ് ഉപയോഗിക്കുന്നതെന്ന അസുഖകരമായ ചോദ്യങ്ങളുയര്‍ത്തിയത്. അസ്വസ്ഥബാധിത പ്രദേശങ്ങൡ സിവിലിയന്‍മാര്‍ക്കുള്ള അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും പാവനമാണെന്നു കോടതി വ്യക്തമാക്കി. ‘സാധാരണനില’ കൈവരിക്കാന്‍ ‘അനിശ്ചിതകാല’മെടുക്കുന്നതിനെ വിമര്‍ശിച്ചു. എന്നാല്‍, ഭരണകൂടം അതിനൊന്നും ചെവികൊടുക്കുന്നില്ല. അടഞ്ഞ മനസ്സുകള്‍ വിമതശബ്ദങ്ങള്‍ അംഗീകരിക്കില്ല. അതിനാല്‍ പ്രിയ നാടേ കേഴുക. ചോരച്ചൊരിച്ചിലിന്റെ പുതിയ ഘട്ടത്തിലേക്കുള്ള വീഴ്ച തടയുന്നതിനു പകരം ഭരണകൂടം അതിലേക്കു കുതിക്കുകയാണ്. അതിന്റെ പ്രത്യാഘാതങ്ങള്‍ കടുത്തതായിരിക്കും. നാം ഗൗരവത്തോടെ ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു.

പരിഭാഷ: കെ എ സലിം

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss