|    Jan 23 Mon, 2017 5:59 am
FLASH NEWS

കശ്മീര്‍ കത്തുന്നു; മരണം 21

Published : 11th July 2016 | Posted By: SMR

ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ മുസഫര്‍ വാനിയെ പോലിസ് കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് കശ്മീരിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. സംഭവത്തില്‍ 200ഓളം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. കര്‍ഫ്യൂവിനു സമാനമായ നിയന്ത്രണങ്ങളും മൊബൈല്‍-ഇന്റര്‍നെറ്റ് നിരോധനവും ഇന്നലെയും തുടര്‍ന്നു.
സംഘര്‍ഷം സംസ്ഥാനത്തെ ജനജീവിതത്തെ ബാധിച്ചു. അമര്‍നാഥ് യാത്ര രണ്ടാംദിവസവും റദ്ദാക്കി. വഴിയിലകപ്പെട്ട ചില തീര്‍ത്ഥാടകരെ സൈന്യം സുരക്ഷിതസ്ഥാനത്തെത്തിച്ചു. കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കശ്മീരിലെ സ്ഥിതിഗതികള്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്തു. സമാധാനം പുനസ്ഥാപിക്കുന്നതിനു മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് അദ്ദേഹം എല്ലാ സഹായവും ഉറപ്പുനല്‍കി.
പലയിടത്തും സംഘര്‍ഷം മുറ്റിനില്‍ക്കുകയാണ്. സൈനികരും നാട്ടുകാരും തമ്മില്‍ ഇന്നലെ രാവിലെ പുല്‍വാമയിലെ നേവയില്‍ നടന്ന സംഘര്‍ഷത്തിലാണ് ഇര്‍ഫാന്‍ അഹ്മദ് മാലിക് എന്ന 18 കാരന്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അജ്ഞാതനായ ഒരാളും കൊല്ലപ്പെട്ടു. അനന്ത്‌നാഗ് ജില്ലയിലെ സാംഗയില്‍ ജനക്കൂട്ടം പോലിസ് വാഹനം ജലം നദിയിലേക്കു മറിച്ചിട്ടതിനെത്തുടര്‍ന്ന് പോലിസ് ഡ്രൈവര്‍ ഫിറോസ് അഹ്മദ് മരിച്ചു. മറ്റൊരു സംഭവത്തില്‍ പ്രക്ഷോഭകരുടെ വെടിയേറ്റ് ഒരുപോലിസുകാരന്റെ രണ്ടു കാലുകളും നഷ്ടപ്പെട്ടു. ദാംഹല്‍ ഹാഞ്ചിപുരയില്‍ കഴിഞ്ഞദിവസം പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് മൂന്നുപോലിസുകാരെ കാണാതായിട്ടുണ്ട്. മറ്റൊരു പോലിസ് കാവല്‍പ്പുരയ്‌ക്കെതിരേ നടന്ന ആക്രമണത്തിനിടെ മൂന്നു യുവാക്കള്‍ക്കു വെടിയേറ്റു. മൂന്ന് പോലിസ് സ്‌റ്റേഷനുകള്‍ക്കും മൂന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി. പിഡിപി എംഎല്‍എയുടെ വസതിയും ആക്രമിക്കപ്പെട്ടു.
സൈനികര്‍ സംയമനം പാലിക്കണമെന്നും ജനങ്ങളെ നിയന്ത്രിക്കുന്നതിനു അനുചിതമായ ഇടപെടലുകള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക