|    Jan 17 Tue, 2017 6:36 am
FLASH NEWS

കശ്മീര്‍ ഐക്യദാര്‍ഢ്യ സംഗമം സംഘാടകരെ തേടി അന്വേഷണം

Published : 25th July 2016 | Posted By: SMR

കണ്ണൂര്‍: കശ്മീരില്‍ നടക്കുന്ന സൈനികാതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ സംഗമം നടത്തിയവരെ തേടി രഹസ്യപോലിസ്. സംസ്ഥാന പോലിസിലെയും കേന്ദ്ര ഏജന്‍സികളിലെയും രഹസ്യാന്വേഷണ വിഭാഗമാണ് സംഘാടകരുടെ വീടുകളും ബന്ധങ്ങളും തേടി നിരന്തരം വീടുകളിലെത്തുന്നത്.
മസ്‌കത്തില്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലിചെയ്യുന്ന തലശ്ശേരി ചമ്പാട് സ്വദേശിയുടെ വീട്ടില്‍ രണ്ടുതവണ പോലിസെത്തി വിവരങ്ങള്‍ അന്വേഷിച്ചു. കുടുംബസമേതം കഴിയുന്ന യുവാവിന്റെ വീട്ടില്‍ സിവില്‍ വേഷത്തില്‍ ബൈക്കുകളിലെത്തിയ പോലിസുകാര്‍, ഐബി, റോ തുടങ്ങിയ ഏജന്‍സികള്‍ക്കു വേണ്ടിയാണ് വിവരങ്ങള്‍ തേടുന്നതെന്ന് അറിയിച്ചു. ടൗണ്‍ പോലിസ് സ്‌റ്റേഷനിലേക്കു വിളിപ്പിച്ച് പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ഉള്‍പ്പെടെയുള്ളവ വാങ്ങി വയ്ക്കുകയും ചെയ്തു. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള നവസാമൂഹിക മാധ്യമങ്ങളിലൂടെ രാഷ്ട്രീയ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന യുവാവ് സൈനികാതിക്രമങ്ങള്‍ക്കെതിരേ പോസ്റ്റുകളിടാറുണ്ട്. നാട്ടിലെത്തിയപ്പോള്‍ കണ്ണൂര്‍ സ്റ്റാന്റ്‌സ് ഫോര്‍ കശ്മീര്‍ എന്ന പേരില്‍ സാംസ്‌കാരിക പരിപാടി നടക്കുന്നതറിഞ്ഞാണു സംഗമത്തിനെത്തിയത്.
നാലു പെണ്‍കുട്ടികളുള്‍പ്പെടെ 40ഓളം പേരാണ് ചിത്രരചന, കവിതാലാപനം, നാടന്‍പാട്ട് തുടങ്ങിയ പരിപാടികളില്‍ പങ്കെടുത്തത്. ടൗണ്‍ സ്‌ക്വയറിലെ തുറന്ന വേദിയിലാണ് പോലിസ് അനുമതിയോടെ പരിപാടി നടന്നത്. ഈ സമയം സമീപത്തുണ്ടായിരുന്ന മുന്‍ പട്ടാളക്കാരന്‍, സൈന്യത്തിനെതിരേ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ബഹളമുണ്ടാക്കി. ഒപ്പമുണ്ടായിരുന്ന സംഘപരിവാര പ്രവര്‍ത്തകന്‍ ഇതേറ്റെടുത്ത് കൈയേറ്റത്തിനു മുതിര്‍ന്നു. വിവരമറിഞ്ഞ് പോലിസെത്തി സംഘാടകരായ ഫ്രീലാന്‍്‌സ് സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ജീവന്‍, സിനിമാ പ്രവര്‍ത്തകനായ രൂപേഷ്‌കുമാര്‍, വിദ്യാര്‍ഥിയായ ഷാഹിദ് എം ശമീന്‍, മദ്രാസ് ഐടി വിദ്യാര്‍ഥി അഖില്‍ തുടങ്ങി 16 പേരെ വൈകീട്ട് 6.—30ഓടെ കസ്റ്റഡിയിലെടുത്തു. അസ്വാഭാവികമായി ഒന്നുമില്ലെന്നു കണ്ടെത്തി ഇവരെയെല്ലാം രാത്രി 12ഓടെ പോലിസ് വിട്ടയക്കുകയും ചെയ്തു. ഒരു പെണ്‍കുട്ടി കശ്മീരിനെകുറിച്ചുള്ള കവിത ചൊല്ലിയതാണ് ചില മാധ്യമങ്ങളടക്കം സൈന്യത്തിനെതിരായ മുദ്രാവാക്യമായി വ്യാഖ്യാനിച്ചത്.
ടൗണ്‍ സിഐ ഉള്‍പ്പെടെയുള്ളവര്‍ വിശദമായി ചോദ്യം ചെയ്തിട്ടും അസ്വാഭാവികമായി ഒന്നും കണ്ടെത്താതെ വിട്ടയച്ചവരില്‍ ചിലരെ തിരഞ്ഞുപിടിച്ച് പോലിസിലെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണത്തിന്റെ മറവില്‍ തീവ്രവാദമുദ്ര ചാര്‍ത്തുകയാണെന്ന് യുവാക്കള്‍ ആരോപിക്കുന്നു. വിദ്യാര്‍ഥികളെയും യുവാക്കളെയും കസ്റ്റഡിയിലെടുത്തെന്ന വാര്‍ത്ത വന്നതിന്റെ പിറ്റേന്ന് സിനിമാ പ്രവര്‍ത്തകനായ രൂപേഷ്‌കുമാറിനെതിരേ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തി കാംപയിനും നടന്നു. ഇതോടെ കുടുംബാംഗങ്ങളും തന്റെ സുഹൃത്തുക്കളും വരെ ഭയപ്പെട്ടുവെന്ന് രൂപേഷ്‌കുമാര്‍ പറഞ്ഞു. സ്റ്റേഷനിലേക്കു വിളിപ്പിച്ച രൂപേഷ്‌കുമാറിനോട് ജോലി, ബന്ധുക്കളുടെ വിവരം തുടങ്ങിയവയെ കുറിച്ചാണ് അന്വേഷിച്ചത്. തന്നെ അപകീര്‍ത്തിപ്പെടുത്തിയതിനെതിരേ രൂപേഷ്‌കുമാര്‍ പട്ടികജാതി-പട്ടികവര്‍ഗ ഗോത്ര കമ്മീഷനു പരാതി നല്‍കി. എന്നാല്‍, പരിപാടി കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും വീടുകളില്‍ നിരന്തരം പോലിസെത്തുന്നതിനെതിരേ പ്രതിഷേധിക്കാനുള്ള ഒരുക്കത്തിലാണ് കൂട്ടായ്മയിലെ അംഗങ്ങള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക