|    Jul 21 Fri, 2017 6:31 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കശ്മീര്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മയ്ക്ക് നേരെ കൈയേറ്റ ശ്രമം; 16 പേര്‍ പോലിസ് കസ്റ്റഡിയില്‍

Published : 18th July 2016 | Posted By: SMR

കണ്ണൂര്‍: കശ്മീരികളുടെ സ്വയംനിര്‍ണയാവകാശത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് ഫേസ്ബുക്ക് കൂട്ടായ്മ കണ്ണൂരില്‍ സംഘടിപ്പിച്ച കൂട്ടായ്മയ്ക്കു നേരെ കൈയേറ്റശ്രമം. 16ഓളം പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ട് ആറോടെ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലാണു സംഭവം.
കണ്ണൂര്‍ സ്റ്റാന്റ്‌സ് വിത്ത് കശ്മീര്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ഒരുകൂട്ടം യുവാക്കള്‍ കൂട്ടായ്മ നടത്തിയത്. കശ്മീരില്‍ സൈന്യം നടത്തുന്ന അതിക്രമങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമെതിരേ പ്രതിഷേധിച്ചാണു കൂട്ടായ്മയും ചിത്രരചനയും കവിതയുമായി പ്രതിഷേധിച്ചത്. ഇതിനിടെ ഒരുകൂട്ടം സംഘപരിവാര പ്രവര്‍ത്തകരെത്തി ചോദ്യം ചെയ്യുകയും സംഘാടകരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. ഇരു വിഭാഗവും തമ്മില്‍ അല്‍പനേരം വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി.
വിവരമറിഞ്ഞ് ടൗണ്‍ പോലിസ് സ്ഥലത്തെത്തി സംഘാടകരായ 16ഓളം പേരെ കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥികളും ആക്റ്റിവിസ്റ്റുകളുമായ ഷാഹിദ് എം ശമീം, അഫ്താബ് ഇല്ലത്ത്, രൂപേഷ്‌കുമാര്‍, ജീവന്‍ തുടങ്ങിയവരെയാണ് ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കസ്റ്റഡിയിലെടുത്തത്. ഇന്ത്യന്‍ സൈന്യത്തിനെതിരായ ഒരു പരിപാടിയും ഇവിടെ നടത്താന്‍ പാടില്ലെന്നു പറഞ്ഞാണ് പരിപാടി പോലിസ് തടസ്സപ്പെടുത്തിയതെന്നു സംഘാടകര്‍ ഫേസ്ബുക്ക് പേജില്‍ അറിയിച്ചു. കശ്മീരിനെ കുറിച്ചുള്ള കവിത പാടിയപ്പോള്‍ കൈയില്‍ കാവികെട്ടിയ ഒരാളുടെ നേതൃത്വത്തില്‍ പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കണ്ണൂര്‍ സ്റ്റാന്റ്‌സ് വിത്ത് കശ്മീര്‍ ഫേസ്ബുക്ക് കൂട്ടായ്മ അംഗം ജീവന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
എന്നാല്‍, ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നു ടൗണ്‍ പോലിസ് അറിയിച്ചു. കശ്മീരില്‍ ദിവസങ്ങളായി നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് പലയിടത്തും വിദ്യാര്‍ഥികളും ആക്റ്റിവിസ്റ്റുകളും നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചാണ് കണ്ണൂരില്‍ കൂട്ടായ്മ നടത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക