|    Jan 24 Tue, 2017 8:45 am

കശ്മീര്‍ ഇരകളുടെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

Published : 4th September 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലെ കുല്‍ഗാം ജില്ലയില്‍ സൈനികരുടെ വെടിയേറ്റ മസ്ഹൂദ് അഹമ്മദിന്റെ കുടുംബത്തെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി സന്ദര്‍ശിച്ചു. സമാധാനത്തിനായി എല്ലാവരും യത്‌നിക്കണമെന്ന് അവര്‍ പറഞ്ഞു. താന്‍ അഹമ്മദിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് അനുശോചനമറിയിച്ചതായി മെഹബൂബ തന്നെയാണ് ഫേസ്ബുക്കില്‍ അറിയിച്ചത്.
കശ്മീര്‍ ആക്രമണത്തിനിടെ കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ ആദ്യമായാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത്. കുടുംബാംഗങ്ങളുമായി മെഹബൂബ സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഫേസ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നു. വെടിവയ്പ്പിനിരയായ ചിലരുടെ കുടുംബങ്ങളെ ജൂലൈ 21ന് ദക്ഷിണ കശ്മീരില്‍ മെഹബൂബ കണ്ടിരുന്നു. എന്നാല്‍, സര്‍ക്കാര്‍ സ്ഥലത്തു വച്ചായിരുന്നു ആ കൂടിക്കാഴ്ച. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ ജൂലൈ എട്ടിന് സുരക്ഷാസേന കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 70 പേര്‍ മരിച്ചിട്ടുണ്ട്.
അതേസമയം, ശ്രീനഗറിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ തുടരുകയാണ്. സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളില്‍ കര്‍ഫ്യുവിന് സമാനമായ നിയന്ത്രണങ്ങളുമുണ്ട്. കശ്മീരി സംഘടനകള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല ബന്ദ് തുടരുന്നതിനാല്‍ ജനജീവിതം താറുമാറായി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള അഖില കക്ഷിസംഘത്തിന്റെ കശ്മീര്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ഇന്നലെയും ഇന്നും ശ്രീനഗറിലെ എയര്‍പോര്‍ട്ട് റോഡില്‍ കുത്തിയിരിക്കാന്‍ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് ശ്രീനഗറില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.
അതിനിടെ ബട്മാലുവില്‍ പോലിസുകാര്‍ പത്ര ഫോട്ടോഗ്രാഫര്‍മാരെ കൈയേറ്റം ചെയ്തതായി അവരുടെ സംഘടന ആരോപിച്ചു. പോലിസുകാര്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വസതി ഉപരോധിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി. ജോലിയുടെ ഭാഗമായി ചിത്രങ്ങളെടുക്കുകയായിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പാസുകള്‍ കാണിച്ചിട്ടും പോലിസ് മര്‍ദ്ദനം തുടര്‍ന്നുവെന്ന് സംഘടനാവക്താവ് ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക