|    Dec 12 Wed, 2018 7:56 am
FLASH NEWS
Home   >  Editpage  >  Editorial  >  

കശ്മീരി സ്ത്രീകളുടെ വേദനകള്‍

Published : 7th March 2018 | Posted By: kasim kzm

പി   കെ   ജാസ്മിന്‍
”അത് ശരീരത്തിന്റെ മുറിവുകള്‍ മാത്രമായിരുന്നില്ല; ഹൃദയവും ആത്മാവും മുറിഞ്ഞിരിക്കുന്നു. അതെങ്ങനെയാണ് പിന്നെ മറന്നുകളയുക? ഒരിക്കലും മറന്നുപോവാന്‍ സമ്മതിക്കാത്തത്ര തീക്ഷ്ണതയുള്ള ഒരു ജ്വലനം പോലെ ആ രാത്രി ഞങ്ങളുടെ മനസ്സില്‍ കത്തിനില്‍ക്കുന്നു”- കുനന്‍, പോഷ്‌പോറയില്‍ ഇരയാക്കപ്പെട്ടവരില്‍ ഒരാളുടെ വാക്കുകളാണിവ.
27 വര്‍ഷം മുമ്പ് കശ്മീരിലെ കുനന്‍, പോഷ്‌പോറയിലെ 23 സ്ത്രീകളെ ഇന്ത്യന്‍ സൈന്യത്തിന്റെ രജപുത്ര റൈഫിള്‍സ് വിഭാഗത്തില്‍പ്പെട്ട നാലു സൈനികര്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവം രാജ്യത്തെ വല്ലാതെ ഞെട്ടിച്ചിരുന്നു. എന്നാല്‍, ചില പ്രതിഷേധങ്ങള്‍ക്കപ്പുറം ആ കേസില്‍ എന്തു സംഭവിച്ചെന്ന് ഇപ്പോഴും ആര്‍ക്കും ധാരണയില്ല.


നുഴഞ്ഞുകയറ്റക്കാരെ തിരയാനായി ഗ്രാമത്തിലെത്തിയതായിരുന്നുവത്രേ സുരക്ഷാ ഉദ്യോഗസ്ഥര്‍. എന്നാല്‍ കശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട രാത്രിയായി അതു മാറി. ജമ്മുകശ്മീര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ 2012ലെ റിപോര്‍ട്ട് പ്രകാരം, സൈന്യം ആദ്യം ഗ്രാമത്തിലെ പുരുഷന്‍മാരോട് പുറത്തുവരാന്‍ ആവശ്യപ്പെടുകയും അവരെ മറ്റൊരിടത്തേക്ക് മാറ്റുകയുമായിരുന്നു. തുടര്‍ന്ന് തിരച്ചിലിനെന്ന പേരില്‍ വീടുകളിലേക്കു കയറിയ സൈനികര്‍ സ്ത്രീകളെ കൂട്ടബലാല്‍സംഗത്തിനു വിധേയരാക്കി. കുനന്‍, പോഷ്‌പോറ കൂട്ടബലാല്‍സംഗത്തിലെ ഏറ്റവും പ്രായം കൂടിയ ഇര 80 വയസ്സുകാരിയായിരുന്നു. 10 വയസ്സുള്ള കുട്ടിയെ പോലും സൈനികര്‍ ലൈംഗികപീഡനത്തിന് ഇരയാക്കി.
സംഭവത്തില്‍ സൈനികര്‍ ശിക്ഷിക്കപ്പെട്ടില്ലെന്നു മാത്രമല്ല, അതുസംബന്ധിച്ച റിപോര്‍ട്ടുകളില്‍ ഒന്നുപോലും പുറംലോകം കണ്ടതുമില്ല. ജമ്മു-കശ്മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ബഹാവുദ്ദീന്‍ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള സംഘമടക്കം നിരവധി സ്വതന്ത്ര അന്വേഷണ സംഘങ്ങള്‍ കേസന്വേഷണവുമായി ബന്ധപ്പെട്ട് മനപ്പൂര്‍വമായ അവഗണനയുണ്ടെന്ന് ആരോപിച്ചിരുന്നു.
2014ല്‍ ചീഫ് ജസ്റ്റിസ് എം എം കുമാറും ജസ്റ്റിസ് ഹസ്‌നൈന്‍ മസൂദിയും ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് എടുത്തുപറഞ്ഞ് മൂന്നാഴ്ചയ്ക്കുള്ളില്‍ ഇരകള്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ മാത്രമാണ് അങ്ങനെയൊരു സംഭവം നടന്നതായി പോലും ഉന്നത നീതിപീഠങ്ങള്‍ അംഗീകരിച്ചത്. അതുവരെ കൂട്ടബലാല്‍സംഗം നടന്നെന്ന റിപോര്‍ട്ട് പോലും തീവ്രവാദ പ്രചാരണം മാത്രമാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. അന്നു മുതല്‍ ഹൈക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയില്‍ രണ്ടു കേസുകള്‍ നിലനില്‍ക്കുന്നു. ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ ലഭിച്ചിട്ടുണ്ട്. നീണ്ട 27 വര്‍ഷം കഴിഞ്ഞിട്ടും നീതി ലഭിച്ചില്ല. ഈ ഭീകര കുറ്റകൃത്യത്തിന് ഇരയായവരില്‍ ആറ് പേര്‍ മരിച്ചു.
പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ആദ്യപടി അതിന്റെ വസ്തുത അംഗീകരിക്കുക എന്നതാണ്. ഹൈക്കോടതി വിധിക്കെതിരേ ഹരജി ഫയല്‍ ചെയ്യുമ്പോള്‍ സൈന്യം, ഇങ്ങനെയൊരു സംഭവം ഉണ്ടായില്ലെന്നും സായുധസംഘങ്ങള്‍ സുരക്ഷാസേനകളെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രചരിപ്പിക്കുന്നതാണെന്നുമാണ് വാദിച്ചത്. മണിപ്പൂരിലെ തങ്ജാം മനോരമ ബലാല്‍സംഗത്തില്‍ ഇന്ത്യന്‍ സൈന്യം ഇതേ നിലപാടുകളാണ് സ്വീകരിച്ചത്. മുന്‍ മണിപ്പൂര്‍ ജഡ്ജിയായ ഉപേന്ദ്ര സിങിന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് മുന്നില്‍ സൈന്യം നല്‍കിയ സത്യവാങ്മൂലത്തില്‍, സംഭവിച്ചതെന്താണെന്നു വ്യക്തമാക്കുന്നുണ്ട്.
17ാം അസം റൈഫിള്‍സ് സൈന്യം കുടുംബത്തിന്റെ മുന്നില്‍ വച്ച് മനോരമയെ ക്രൂരമായി മര്‍ദിച്ചതായും ബലാല്‍സംഗം ചെയ്തതായും അന്വേഷണ സംഘം സ്ഥിരീകരിച്ചു. അതിനുശേഷം അവളുടെ നേരെ പലതവണ വെടിവയ്ക്കുകയും ചെയ്തു. ബലാല്‍സംഗം നടന്നുവെന്നത് മറച്ചുവയ്ക്കാന്‍ മനോരമയുടെ ജനനേന്ദ്രിയത്തില്‍ പോലും സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അന്വേഷണ റിപോര്‍ട്ട് പറയുന്നു. സൈന്യത്തിന്റെ സത്യവാങ്മൂലം ശുദ്ധ നുണയായിരുന്നുവെന്ന് ഇതോടെ തെളിഞ്ഞു. 2014ല്‍ കുനന്‍-പോഷ്‌പോറ കേസിലെ ജമ്മുകശ്മീര്‍ ഹൈക്കോടതി ഉത്തരവിനെപ്പോലെ, ഇന്ത്യന്‍ സര്‍ക്കാരിനോടും മണിപ്പൂര്‍ സര്‍ക്കാരിനോടും സുപ്രിംകോടതിയിലെ ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, പി സി ഘോഷ് എന്നിവരടങ്ങിയ ബെഞ്ച് മനോരമയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചു.
സൈന്യത്തിന്റെ അതിരുകടന്ന നിലപാടുകള്‍ തെളിയിക്കുന്ന ഔദ്യോഗികരേഖകള്‍ വേറെയുമുണ്ട്. ഉദാഹരണത്തിന്, 2013ലെ ജസ്റ്റിസ് ജെ എസ് വര്‍മ കമ്മിറ്റി റിപോര്‍ട്ട്. ഇന്ത്യന്‍ സായുധസേനയുടെ ക്രൂരവും നിരന്തരവുമായ ലൈംഗികാക്രമണങ്ങള്‍ കശ്മീര്‍, മണിപ്പൂര്‍ തുടങ്ങിയ സംഘര്‍ഷ മേഖലകളില്‍ നിസ്സംഗതയും നൈരാശ്യവും പടര്‍ത്തിയെന്ന് ഈ റിപോര്‍ട്ടില്‍ പറയുന്നു.
ഇത്തരം എല്ലാ ലൈംഗികാതിക്രമങ്ങള്‍ക്കും സൈന്യത്തിനു ബലം നല്‍കുന്നത് സായുധസേനയുടെ പ്രത്യേകാധികാര നിയമം (അഫ്‌സ്പ) പോലുള്ള കാടന്‍ നിയമങ്ങളാണ്. അതുകൊണ്ടുതന്നെ സംഘര്‍ഷ മേഖലകളില്‍ നിലവിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ക്കും അഫ്‌സ്പയ്ക്കും ചില ഭേദഗതികള്‍ വരുത്തണമെന്ന് വര്‍മ കമ്മിറ്റി ശുപാര്‍ശ ചെയ്തുവെങ്കിലും സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഇത്തരം നിയമങ്ങള്‍ സൈനികരുടെ കടന്നുകയറ്റങ്ങളില്‍ നിന്ന് പൗരന്‍മാര്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നില്ലെന്ന കാരണത്താല്‍ അഫ്‌സ്പ റദ്ദാക്കണമെന്ന് 2005ല്‍ ജസ്റ്റിസ് ജീവന്‍ റെഡ്ഡി സമിതി ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയില്‍ കരസേനയ്ക്കു സ്വന്തം സൈനിക കോടതികളുണ്ട്. അവരുടെ വിചാരണയും കേസുകളുടെ എണ്ണവും പുറത്തറിയില്ല. നാഷനല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ കണക്കുപ്രകാരം (2015 മുതല്‍)  രാജ്യത്ത് 28 ശതമാനം ലൈംഗികാതിക്രമ കേസുകളുണ്ടായി. ഇതു സാധാരണ പ്രദേശങ്ങളിലെ കാര്യം. അഫ്‌സ്പ നടപ്പിലുള്ള ഇടങ്ങളില്‍ സായുധസേനയുടെ ഇത്തരം കേസുകളുടെ സ്ഥിതിവിവരക്കണക്കുകള്‍ എത്രയെന്ന് ഊഹിക്കാനേ പറ്റൂ. എന്നാല്‍, യഥാര്‍ഥത്തില്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയോ ബലാല്‍സംഗം ചെയ്യുകയോ ചെയ്താല്‍ സൈനികര്‍ക്ക് അഫ്‌സ്പ പ്രകാരം യാതൊരു സംരക്ഷണവും നല്‍കുക സാധ്യമല്ല.
മനോരമയുടെ കൊലപാതകം എല്ലാവരെയും പിടിച്ചുകുലുക്കി. പക്ഷേ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളോടും കശ്മീരിനോടുമുള്ള നമ്മുടെ ദേശീയ മാധ്യമങ്ങളുടെ സഹജമായ നിഷേധഭാവം കാരണം ഇത്തരം സംഭവങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടില്ല. ലോകം തങ്ങളുടെ ശബ്ദം കേള്‍ക്കാനായി മണിപ്പൂരിലെ സ്ത്രീകള്‍ ‘തങ്ങളെ ബലാല്‍സംഗം ചെയ്യൂ’ എന്ന ബാനറുമായി ഇംഫാല്‍ വഴി അസം റൈഫിള്‍സിന്റെ ആസ്ഥാനത്തിനു മുന്നിലേക്ക് നഗ്‌നരായി മാര്‍ച്ച് നടത്തി. കുനന്‍, പോഷ്‌പോറയില്‍ അതിജീവിച്ചവര്‍ അതുപോലെ തുടര്‍ച്ചയായി പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍, അവരുടെ ശബ്ദം എവിടെയുമെത്തുന്നില്ല.
കശ്മീരി സ്ത്രീകള്‍ ഇരയാക്കപ്പെടുമ്പോള്‍, തങ്ങളനുഭവിക്കുന്നത് പറയാന്‍ ശ്രമിക്കുമ്പോള്‍ സമൂഹം കേള്‍ക്കാതെ പോവുന്നത് എന്തുകൊണ്ടാണ്? സൈനികവല്‍ക്കരിക്കപ്പെട്ട ഒരുപറ്റം മനുഷ്യരുടെ ശബ്ദം തള്ളിക്കളയാന്‍ എന്തു ന്യായം? ഇത് ജനങ്ങള്‍ക്കു നേരെയുള്ള യുദ്ധമാണ്. കുനന്‍, പോഷ്‌പോറ കൂട്ടബലാല്‍സംഗത്തിന്റെ മറ്റൊരു വാര്‍ഷികം കൂടി കടന്നുപോവുമ്പോള്‍ അത് കശ്മീരി സ്ത്രീകളുടെ പ്രതിരോധത്തിന്റെ ദിവസമായി ഓര്‍ക്കപ്പെടണം. അതോടൊപ്പം ഇത്തരം വിഷയങ്ങളില്‍ നമ്മളെവിടെയാണു നില്‍ക്കുന്നതെന്ന ചോദ്യം സമൂഹം സ്വയം ചോദിക്കേണ്ടതുമുണ്ട്.
സൈനിക അടിച്ചമര്‍ത്തലുകളുടെ വീര്‍പ്പുമുട്ടലില്‍ തന്നെയാണ് കശ്മീര്‍ ഇപ്പോഴും. രാജ്യസുരക്ഷ എന്ന പേരില്‍ അവിടെ നടക്കുന്ന സൈനികാതിക്രമങ്ങള്‍ കുനന്‍, പോഷ്‌പോറയില്‍ തുടങ്ങിയതോ അവസാനിക്കുന്നതോ അല്ല. അതിനാലിത് ഒരു ഓര്‍മപ്പെടുത്തല്‍ മാത്രമാണ്; കാലങ്ങളായി അടിച്ചമര്‍ത്തപ്പെടുന്ന ഒരു ജനതയുടെ അതിജീവനത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍.                                                 ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss