|    Mar 24 Sat, 2018 6:21 am
FLASH NEWS
Home   >  Editpage  >  Editorial  >  

കശ്മീരി കുഞ്ഞുങ്ങളുടെ മങ്ങുന്ന കാഴ്ചകള്‍

Published : 18th July 2016 | Posted By: SMR

കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന അമിതമായ ശക്തിപ്രയോഗങ്ങള്‍ സ്വന്തം ജനങ്ങള്‍ക്കെതിരായ അപ്രഖ്യാപിത യുദ്ധമായി മാറുകയാണെന്ന ആശങ്ക ഞങ്ങള്‍ നേരത്തേ പങ്കുവച്ചിരുന്നു. ആ ആശങ്കകളെ ശരിവയ്ക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ കശ്മീരില്‍നിന്നു പുറത്തുവരുന്നത്. ഇപ്പോഴുണ്ടായ സംഭവങ്ങളില്‍ ഇതിനകം 40ഓളം പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ നൂറുകണക്കിനുപേര്‍ വിവിധ ആശുപത്രികളില്‍ കഴിയുകയാണ്. ഇവരില്‍ ഭൂരിപക്ഷത്തിനും കണ്ണുകള്‍ക്ക് മാരകമായി പരിക്കേറ്റിട്ടുണ്ട്. റബര്‍ കോട്ടിങുള്ള ചെറിയ ഇരുമ്പുണ്ടകള്‍ കണ്ണുകളില്‍ തുളച്ചുകയറിയ ഇവരില്‍ 80 ശതമാനം പേര്‍ക്കും കാഴ്ച തിരിച്ചുകിട്ടാനിടയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യുദ്ധസമാനമായ സാഹചര്യമാണ് കശ്മീരില്‍ നിലനില്‍ക്കുന്നതെന്നും ഇത്ര വ്യാപകമായ നിലയില്‍ കണ്ണിനു പരിക്കേറ്റവരെ ഇതുവരെ കണ്ടിട്ടില്ലെന്നും ആണയിടുന്നത് എയിംസില്‍നിന്നുള്ള മൂന്നംഗ ഡോക്ടര്‍മാരുടെ സംഘത്തെ നയിച്ച് കശ്മീരിലെത്തിയ നേത്രരോഗവിദഗ്ധന്‍ ഡോ. സുദര്‍ശന്‍ ഖോകര്‍ ആണ്. കശ്മീരി പ്രക്ഷോഭകരെ അവരുടെ ഭാവിജീവിതം തന്നെ അപകടപ്പെടുംവിധം മാരകമായി പരിക്കേല്‍പിക്കാന്‍ സൈനികര്‍ ബോധപൂര്‍വം ലക്ഷ്യമിടുകയാണെന്നാണ് ആരോപണം.
ജീവാപായം ഉണ്ടാക്കും വിധം മാരകമല്ല എന്ന നിലയ്ക്കാണ് ക്ഷുഭിതരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ റബര്‍ പെല്ലറ്റുകള്‍ പലരാജ്യങ്ങളിലും ഉപയോഗിച്ചു തുടങ്ങിയത്. ഇതിനെ മാരകമായ ഉള്ളടക്കങ്ങളോടെ പരിഷ്‌കരിച്ച് ഇസ്രായേല്‍ ഫലസ്തീനികളുടെ മുതുകൊടിക്കാന്‍ തുടങ്ങിയതോടെ റബര്‍ പെല്ലറ്റുകള്‍ അപകടകാരികളല്ലെന്ന ധാരണ തിരുത്തപ്പെട്ടിട്ടുണ്ട്. മാത്രമല്ല, കശ്മീരില്‍ ഇന്ത്യന്‍ സൈന്യവും ഫലസ്തീനില്‍ ഇസ്രായേല്‍ സൈന്യവും ജനങ്ങള്‍ക്കെതിരേ ഉപയോഗിക്കുന്ന റബര്‍ പെല്ലറ്റുകള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായുള്ളതല്ലെന്ന് ആംനസ്റ്റി പോലുള്ള മനുഷ്യാവകാശ വേദികള്‍ ചൂണ്ടിക്കാണിക്കുന്നു. കശ്മീരിലെ ഉയര്‍ന്ന മരണനിരക്കും പരിക്കേറ്റവരുടെ ഗുരുതരാവസ്ഥയും ഈ ആരോപണം ശരിവയ്ക്കുകയാണ്.
പ്രശ്‌നം ഒരേസമയം ലളിതവും ഒപ്പം ഗുരുതരവുമാണ്. കശ്മീരിലെ ജനങ്ങളെ നാം എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ ആസ്പദിച്ചാണ് കശ്മീരിന്റെ സമാധാനം. അവിടത്തെ മണ്ണും മഞ്ഞും മലകളും മാത്രം കാണുകയും മനുഷ്യരെ കാണാതിരിക്കുകയും ചെയ്യുന്ന ഭരണകൂട സമീപനങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം കശ്മീര്‍ ശാന്തമാവുമെന്നു കരുതാനാവില്ല. പരിക്കേറ്റവര്‍ക്ക് ആശുപത്രികളെ സമീപിക്കേണ്ടിവരുമെന്നതിനാല്‍ പ്രക്ഷോഭകരെ നേരിടാന്‍ ചുറ്റിലും ചിതറിത്തെറിക്കുന്ന റബര്‍ പെല്ലറ്റുകള്‍ ഏറ്റവും ഫലപ്രദമായ ആയുധമാണെന്നാണ് ഒരു സൈനികവക്താവ് ശ്രീനഗറില്‍ പത്രക്കാരോട് പ്രതികരിച്ചത്. ഒരു മാന്‍വേട്ടക്കാരന്റെ ലാഘവത്തോടെ ജനങ്ങളെ വേട്ടയാടണമെന്നു ചിന്തിക്കുന്ന സൈനികരുടെ ദയാദാക്ഷിണ്യത്തില്‍ ഒരു ജനാധിപത്യരാജ്യത്തെ ജനം അകപ്പെട്ടുപോവുന്നത് വലിയ വൈരുധ്യവും ദുരന്തവുമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss