|    Nov 20 Tue, 2018 1:48 am
FLASH NEWS
Home   >  News now   >  

കശ്മീരില്‍ സൈനിക ഏറ്റുമുട്ടല്‍; പ്രദേശത്ത് സംഘര്‍ഷാവസ്ഥ, 5 ഗ്രാമീണരും 5 സായുധരും കൊല്ലപ്പെട്ടു

Published : 7th May 2018 | Posted By: kasim kzm

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപിയാനില്‍ സായുധരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കശ്മീര്‍ സര്‍വകലാശാലാ പ്രഫസറടക്കം അഞ്ച് ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെ സൈന്യം വധിച്ചു. അതേസമയം, ഏറ്റുമുട്ടല്‍ പ്രദേശത്തേക്ക് പ്രതിഷേധവുമായി എത്തിയ പ്രദേശവാസികളും സൈന്യവും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ 17കാരന്‍ ഉള്‍പ്പെടെ അഞ്ചു ഗ്രാമീണരും കൊല്ലപ്പെട്ടു. ഷോപിയാനിലെ ബദിഗാം ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. അഞ്ചു സായുധരുടെയും മൃതദേഹം കണ്ടെടുത്തുവെന്ന് ജമ്മുകശ്മീര്‍ ഡിജിപി എസ് പി വെയ്ദ് പറഞ്ഞു. സായുധരുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യവും പോലിസും ഷോപിയാനിലെ ബദിഗാം ഗ്രാമം വളഞ്ഞത്. തിരച്ചിലിനിടെ സായുധര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ നടക്കുന്നതിനിടയിലും കീഴടങ്ങാന്‍ അഭ്യര്‍ഥിച്ചുവെങ്കിലും ചെവിക്കൊള്ളാന്‍ സായുധര്‍ തയ്യാറായില്ലെന്നും ഡിജിപി വ്യക്തമാക്കി.

ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറായ സദ്ദാം പദ്ദേറും കശ്മീര്‍ യൂനിവേഴ്‌സിറ്റിയില്‍ സോഷ്യോളജി ഡിപാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രഫസറായ മുഹമ്മദ് റാഫി ഭട്ടും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്നാണ് വിവരം. മൃതദേഹങ്ങളുടെ തിരിച്ചറിയല്‍ പൂര്‍ത്തിയായതിന് ശേഷമേ ഇത് ഉറപ്പിക്കാനാകൂവെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.
തൗസീഫ് ശെയ്ഖ്, ആദില്‍ മാലിക്, ബിലാല്‍ എന്നിവരാണു കൊല്ലപ്പെട്ട ബാക്കി മൂന്നുപേര്‍. എല്ലാവരും തെക്കന്‍ കശ്മീരില്‍ നിന്നുള്ളവരാണ്. ഇവരില്‍ നിന്ന് തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.  ഒരു സൈനികനും പോലിസ് ഉദ്യോഗസ്ഥനും ഏറ്റുമുട്ടലിനിടെ പരിക്കേറ്റു. മരിച്ച ഗ്രാമീണരില്‍ ഒരാള്‍ ആസിഫ് അഹമ്മദ് മിര്‍ എന്ന 17കാരനാണ്. സൈന്യത്തിനു നേരെ കല്ലേറുണ്ടായതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. തുടര്‍ന്ന് ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് വെടിവയ്ക്കുകയും ബുള്ളറ്റ് കൊണ്ട് ആസിഫിന്റെ തലയില്‍ മുറിവേല്‍ക്കുകയും ചെയ്തു. അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അവിടെ വച്ച് മരിക്കുകയായിരുന്നു. സംഘര്‍ഷാവസ്ഥ പരിഗണിച്ച് സ്ഥലത്തെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രതിഷേധങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ഏഴ് പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ ക്രിമിനല്‍ നടപടിച്ചട്ടം 144 അനുസരിച്ചുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കശ്മീരിലെ ചുണ്ടിന പ്രദേശവാസിയായ പ്രഫസര്‍ ഭട്ടിനെ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാതായിരുന്നു. ഭട്ടിന്റെ തിരോധാനത്തെ തുടര്‍ന്ന് കശ്മീര്‍ യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തിയിരുന്നു. കാണാതായ പ്രഫസറെ കണ്ടെത്താന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന വൈസ് ചാന്‍സലറുടെ ഉറപ്പിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം അവസാനിപ്പിച്ചത്. ഭട്ടിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ പോലിസ് ഡിജിപിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.
എന്നാല്‍ ഇയാള്‍ സായുധ സംഘടനയില്‍ ചേര്‍ന്നുവെന്നാണ് പോലിസ് പറയുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. പ്രഫസറുടെ അടുത്ത ബന്ധുക്കളുമായി ആശയവിനിമയം നടത്തുകയും കീഴടങ്ങാന്‍ അവസരം നല്‍കാമെന്ന് പോലിസ് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, വാഗ്ദാനം ഭട്ട് നിരസിച്ചുവെന്നാണ് സൂചന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss