|    Sep 26 Tue, 2017 2:37 pm
Home   >  Todays Paper  >  Page 1  >  

കശ്മീരില്‍ സൈനികതാവളത്തിനു നേരെ ആക്രമണം; 7 സൈനികര്‍ കൊല്ലപ്പെട്ടു

Published : 30th November 2016 | Posted By: SMR

ശ്രീനഗര്‍: ജമ്മുകശ്മീരിലെ നഗ്രോട്ട നഗരത്തിലുള്ള സൈനികതാവളത്തില്‍ സായുധസംഘം നടത്തിയ ആക്രമണത്തില്‍ രണ്ട് ഓഫിസര്‍മാരടക്കം ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന് അക്രമികളെ വധിച്ച സൈന്യം ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ രണ്ടു സ്ത്രീകളും രണ്ടു കുട്ടികളും 12 സൈനികരുമടക്കം 16 പേരെ രക്ഷപ്പെടുത്തി.
ചൊവ്വാഴ്ച പുലര്‍ച്ചെ പോലിസ് വേഷത്തില്‍ സൈനികതാവളത്തിലെത്തിയ അക്രമികള്‍ ഗ്രനേഡ് എറിഞ്ഞശേഷം ഓഫിസര്‍മാരുടെ ഭക്ഷണപ്പുരയിലേക്ക് ഇരച്ചുകയറി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. തിരിച്ചടിക്കൊരുങ്ങിയ ഉടനെ ഒരു ഓഫിസറും മൂന്നു ജവാന്‍മാരും കൊല്ലപ്പെട്ടു. പിന്നീട് സൈനികരും കുടുംബങ്ങളും താമസിക്കുന്ന കെട്ടിടത്തിലേക്കു കടന്ന അക്രമികളെ ഏറെനേരത്തിനു ശേഷമാണു വെടിവച്ചു കൊന്നത്. ഇവിടെയുണ്ടായിരുന്നവരെ രക്ഷിക്കുന്നതിനിടെയാണ് ഒരു ഓഫിസര്‍ക്കും രണ്ട് ജവാന്‍മാര്‍ക്കും ജീവന്‍ നഷ്ടമായത്. നിരവധി സൈനികര്‍ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മൂന്ന് അക്രമികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് നോര്‍ത്തേണ്‍ കമാന്‍ഡ് അറിയിച്ചു. കൂടുതല്‍ അക്രമികള്‍ മേഖലയില്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തില്‍ വ്യാപക തിരച്ചില്‍ നടത്തിയ സൈന്യം സ്‌കൂളുകളും സര്‍ക്കാര്‍ ഓഫിസുകളും മറ്റു സ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദേശം നല്‍കി. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ഗതാഗതം തടഞ്ഞു. അതേസമയം, സാംബ മേഖലയിലെ ചാംലിയാലില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരായ നീക്കത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ബിഎസ്എഫ് ഡിഐജിക്കും മൂന്ന് ജവാന്‍മാര്‍ക്കും ഒരു പോലിസുകാരനും പരിക്കേറ്റു. മൂന്ന് നുഴഞ്ഞുകയറ്റക്കാരെ സൈന്യം വധിച്ചു.
ആക്രമണം സിവിലിയന്‍മാരെ ലക്ഷ്യമിട്ടായിരുന്നില്ലെന്നും സൈനികകേന്ദ്രങ്ങളാണ് അവര്‍ നോട്ടമിട്ടതെന്നു വ്യക്തമാണെന്നും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. നഗ്രോട്ടയിലെയും സാംബയിലെയും ആക്രമണങ്ങളെ അപലപിച്ച മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഇത്തരം നീക്കങ്ങള്‍ ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ തളര്‍ത്തില്ലെന്ന് അഭിപ്രായപ്പെട്ടു.
ഇന്നലെ ചുമതലയേറ്റ പാകിസ്താന്‍ സൈനികമേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ ഇന്ത്യക്ക് നല്‍കിയ സന്ദേശമാണ് ആക്രമണങ്ങളെന്ന് മുന്‍ ആഭ്യന്തര സെക്രട്ടറിയും ബിജെപി എംപിയുമായ ആര്‍ കെ സിങ് പ്രതികരിച്ചു. സമാനമായ സന്ദേശം വൈകാതെ പാകിസ്താന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമതാവളത്തിലും കശ്മീരിലെ ഉറി സൈനികക്യാംപിലുമുണ്ടായ ആക്രമണത്തിനു ശേഷം ഇന്ത്യന്‍ സൈന്യത്തിനു കനത്ത തിരിച്ചടിയേറ്റ സംഭവമാണ് ഇന്നലത്തേത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക