|    Jan 24 Tue, 2017 6:53 pm
FLASH NEWS

കശ്മീരില്‍ സമരക്കാരെ ക്രൂരമായി അടിച്ചമര്‍ത്തുന്നു: സിപിഎം

Published : 12th July 2016 | Posted By: SMR

ന്യൂഡല്‍ഹി: കശ്മീരില്‍ ബുര്‍ഹാന്‍ വാണി കൊല്ലപ്പെട്ടതിനു ശേഷം നടക്കുന്ന പ്രതിഷേധങ്ങളില്‍ സമരക്കാരുടെ ജീവന്‍ നഷ്ടപ്പെടുന്ന തരത്തില്‍ സൈന്യം ആയുധപ്രയോഗം നടത്തുന്നത് ക്രൂരവും അപലപനീയവുമാണെന്ന് സിപിഎം. കശ്മീരിലെ സ്ഥിതിഗതികളില്‍ കടുത്ത ആശങ്കയും പോളിറ്റ്ബ്യൂറോ പ്രകടിപ്പിച്ചു.
കശ്മീര്‍ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ട 25 പേരിലധികം വരുന്നവരില്‍ ഭൂരിപക്ഷവും യുവാക്കളാണ്. ബുര്‍ഹാന്റെ കൊലയ്ക്കു ശേഷമുണ്ടായ ജനകീയപ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവര്‍ക്കു നേരെ പോലിസും സൈന്യവും ക്രൂരമായ ആയുധപ്രയോഗം നടത്തുന്നത് അപലപനീയമാണ്. പ്രക്ഷോഭകര്‍ക്കെതിരേയുള്ള ആയുധപ്രയോഗത്തില്‍നിന്നു ഭരണകൂടം പിന്തിരിയണമെന്നും നിരായുധരും നിരപരാധികളുമായ പ്രതിഷേധക്കാരെ വധിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും പിബി ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്കിടയില്‍ ശക്തമാവുന്ന അന്യതാബോധം, അടിച്ചമര്‍ത്തലിനും നിരായുധരെ വധിക്കുന്നതിനും സൈനികര്‍ക്കെതിരേയുള്ള രോഷം എന്നിവയുടെ പ്രകടനമാണ് ശക്തിപ്പെട്ടുവരുന്നതെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി. ക്രമസമാധാനപാലനം ഉറപ്പുവരുത്താന്‍ തീവ്രഗതിക്കാരായ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണം. എന്നാല്‍, കല്ലേറ് നടത്തുന്ന പ്രതിഷേധക്കാര്‍ക്കു നേരെ ഇത്തരത്തില്‍ അമിതമായ ആയുധം ഉപയോഗിക്കുന്നതിന് അതു കാരണമായിക്കൂടായെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.
നിലവിലെ രൂക്ഷമായ സ്ഥിതിവിശേഷം അവസാനിപ്പിക്കാനും സമാധാനവും സാധാരണനിലയും തിരിച്ചു കൊണ്ടുവരാനും വേണ്ടി കേന്ദ്രസര്‍ക്കാരും ബിജെപികൂടി ഭാഗഭാക്കായ സംസ്ഥാന സര്‍ക്കാരും കശ്മീരിലെ മുഴുവന്‍ രാഷ്ട്രീയപ്പാര്‍ട്ടികളുമായും സംഘങ്ങളുമായും രാഷ്ട്രീയ സംവാദം ആരംഭിക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. കേന്ദ്രതലത്തില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് എത്രയും പെട്ടെന്ന് സര്‍വകക്ഷി യോഗം വിളിക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക