|    Jun 23 Sat, 2018 12:49 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കശ്മീരില്‍ സംഘര്‍ഷം: പ്രക്ഷോഭകര്‍ക്ക് നേരെ വെടി; 12 മരണം

Published : 10th July 2016 | Posted By: sdq

ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ മുസഫര്‍ വാനി(22)യെ പോലിസ് കൊലപ്പെടുത്തിയതിനെ തുടര്‍ന്നാരംഭിച്ച പ്രതിഷേധം കശ്മീര്‍ താഴ്‌വരയെ കുരുതിക്കളമാക്കി. തെക്കന്‍ കശ്മീരില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പോലിസ് നടത്തിയ വെടിവയ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 200ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവരില്‍ 25 പേരുടെ നില അതീവഗുരുതരമാണ്.
സുരക്ഷാ ഉദ്യോഗസ്ഥരുടെ ക്യാംപ് ആക്രമിച്ചതിനെത്തുടര്‍ന്നാണു വെടിയുതിര്‍ത്തതെന്നും 96 പോലിസുകാര്‍ക്കു പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. 20ലധികം പോലിസ് ക്യാംപുകള്‍ ആക്രമിച്ച പ്രക്ഷോഭകര്‍ ആയുധങ്ങള്‍ കൈക്കലാക്കിയതായി ഐജി ജാവേദ് ഗിലാനി പറഞ്ഞു. മൂന്ന് പോലിസുകാരെ കാണാതായി. അനന്ത്‌നാഗ് ജില്ലയിലെ ബന്ദിപോറ, ഖാസിഗുഞ്ച്, ലാര്‍നൂ സ്‌റ്റേഷനുകള്‍ അഗ്‌നിക്കിരയാക്കി. ബാരാമുല്ലയിലെ സോപോറിലും വാര്‍പോറയിലും സംഘര്‍ഷമുണ്ടായി. കുല്‍ഗാമിലെ നിലോ ബുഗാമിലെ ബിജെപി ഓഫിസ് തകര്‍ത്തു. വിവിധയിടങ്ങളില്‍ സൈനികര്‍ക്കുനേരെ കല്ലെറിഞ്ഞ യുവാക്കളെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകം പ്രയോഗിച്ചു.
സംഘര്‍ഷം ശമിപ്പിക്കാന്‍ താഴ്‌വരയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം റദാക്കി. തെക്കന്‍ കശ്മീരിലൂടെയുള്ള ശ്രീനഗര്‍-ജമ്മു ദേശീയപാത അടച്ചു. അമര്‍നാഥ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ബാരാമുല്ലയില്‍നിന്നു ജമ്മുവിലെ ബനിഹാലിലേക്കുള്ള തീവണ്ടി ഗതാഗതം ഒഴിവാക്കി. പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ശ്രീനഗറിലും തെക്കന്‍ കശ്മീരിന്റെ വിവിധ ഭാഗങ്ങളിലും നിശാനിയമം പ്രഖ്യാപിക്കുകയും ചെയ്തു.
വാനിയുടെ വധത്തില്‍ പ്രതിഷേധിച്ച് നിരവധി കശ്മീരി സംഘടനകള്‍ ഇന്നലെ പ്രഖ്യാപിച്ച ബന്ദ് പൂര്‍ണമായിരുന്നു. പ്രമുഖ നേതാക്കളായ സയ്യിദ് അലിഷാ ഗിലാനിയും മിര്‍വായീസ് ഉമര്‍ ഫാറൂഖും വീട്ടുതടങ്കലിലാണ്. മാര്‍ച്ച് പ്രഖ്യാപിച്ച ജമ്മുകശ്മീര്‍ വിമോചന മുന്നണി ചെയര്‍മാന്‍ മുഹമ്മദ് യാസീന്‍ മാലികിനെ അറസ്റ്റ് ചെയ്തു.
അനന്ത്‌നാഗില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് പോലിസും രഹസ്യാന്വേഷണവിഭാഗവും നടത്തിയ സംയുക്ത ഓപറേഷനിലാണ് വാനിയും രണ്ട് കൂട്ടാളികളും കൊല്ലപ്പെട്ടത്. ഇയാളുടെ പിതാവ് ത്രാലിലെ സര്‍ക്കാര്‍ സ്‌കൂള്‍ പ്രധാനാധ്യാപകനാണ്. വാനിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് സൈന്യം 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
ഖബറടക്കച്ചടങ്ങില്‍ പങ്കെടുക്കാന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് വന്‍ ജനസഞ്ചയമാണു ത്രാലിലെത്തിയത്. താഴ്‌വരയിലെ അസംതൃപ്തരായ യുവാക്കള്‍ക്കു പുതിയ അവതാരത്തെ ലഭിച്ചിരിക്കുകയാണെന്നും വാനിയുടെ കൊലപാതകം കൂടുതല്‍ യുവാക്കള്‍ ആയുധമെടുക്കാന്‍ കാരണമാവുമെന്നും മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss