|    Dec 12 Tue, 2017 11:58 am
Home   >  Todays Paper  >  Page 1  >  

കശ്മീരില്‍ വേണ്ടത് രാഷ്ട്രീയ പരിഹാരം

Published : 23rd August 2016 | Posted By: SMR

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്നും നീതിന്യായവ്യവസ്ഥയുടെ ഇടപെടല്‍ കൊണ്ട് എല്ലാ കാര്യങ്ങള്‍ക്കും പരിഹാരം കാണാനാവില്ലെന്നും സുപ്രിംകോടതി. കശ്മീര്‍ സംബന്ധിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവേയാണ് ഈ പരാമര്‍ശം. ജുഡീഷ്യറിക്ക് വിഷയത്തില്‍ ഇടപെടുന്നതിന് അതിര്‍വരമ്പുകള്‍ ഉണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.
കശ്മീര്‍ പ്രശ്‌നത്തിനു വിവിധ തലങ്ങളുണ്ട്. അതുകൊണ്ടുതന്നെ അതു രാഷ്ട്രീയമായി വരുകയും ചെയ്തു. രാഷ്ട്രീയ പരിഹാരം മാത്രമാണ് ആവശ്യമെന്നും അതിനു ഹരജിക്കാരന്‍ പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ഇക്കാര്യം പറയണമെന്നും ചീഫ്ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്‍കി.
കശ്മീര്‍ സംഘര്‍ഷം പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജമ്മു-കശ്മീര്‍ നാഷനല്‍ പാന്തേഴ്‌സ് പാര്‍ട്ടി നേതാവും അഭിഭാഷകനുമായ ഭീംസിങ് സമര്‍പ്പിച്ച ഹരജി ചീഫ്ജസ്റ്റിസും ജസ്റ്റിസുമാരായ എ എം ഖന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരുമടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.
ആര്‍എസ്എസ് നിയന്ത്രിത സര്‍ക്കാര്‍ തനിക്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച അനുവദിക്കില്ലെന്നു ഹരജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചപ്പോള്‍, രാഷ്ട്രീയ പ്രസ്താവനകള്‍ കോടതിയില്‍ നടത്തരുതെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഹരജിക്കാരനു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള സൗകര്യം സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ ചെയ്തുകൊടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. കശ്മീരിലെ സാഹചര്യം സംബന്ധിച്ച് ഈ മാസം 5നു കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ റിപോര്‍ട്ടിന്‍മേലുള്ള സോളിസിറ്റര്‍ ജനറലിന്റെ പ്രതികരണവും കോടതി ആരാഞ്ഞു. കശ്മീരില്‍ ക്രമസമാധാനനിലയില്‍ പുരോഗതിയുണ്ടെന്നായിരുന്നു കേന്ദ്രം സമര്‍പ്പിച്ച റിപോര്‍ട്ട്. ജൂലൈ 9ന് 201 സംഘര്‍ഷങ്ങള്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിന്ന് ആഗസ്ത് 3 ആയപ്പോഴേക്കും 11 ആയി കുറഞ്ഞുവെന്നു റിപോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു.
ദക്ഷിണ-മധ്യ-ഉത്തര കശ്മീര്‍ മേഖലകളില്‍ മൊത്തം 872 സംഘര്‍ഷങ്ങള്‍ നടന്നെന്നും 42 സാധാരണക്കാരും രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ ബോധിപ്പിച്ചു. സംഭവങ്ങളില്‍ 2656 സാധാരണക്കാര്‍ക്കും 3783 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 28 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു തീയിടുകയും 49 സ്ഥാപനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സംസ്ഥാനത്തെ 22 ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ 10 ജില്ലകളിലായി കുറച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക