|    Jan 18 Wed, 2017 3:02 am
FLASH NEWS

കശ്മീരില്‍ വീണ്ടും സംഘര്‍ഷം: 2 മരണം

Published : 11th September 2016 | Posted By: SMR

ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാരിന്റെ സമാധാനശ്രമങ്ങള്‍ക്ക് തിരിച്ചടിയായി കശ്മീരില്‍ വീണ്ടും സംഘര്‍ഷം. പ്രക്ഷോഭകരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു യുവാക്കള്‍ കൂടി മരിച്ചു. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെത്തുടര്‍ന്ന് താഴ്‌വരയില്‍ വ്യാപകമായി പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 75 ആയി.
തുക്‌റൂവിലും അനന്ത്‌നാഗ് ജില്ലയിലെ ബൊതെങ്ങുവിലുമാണ് ഇന്നലെ രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ടത്. ബൊതെങ്ങുവില്‍ ലോഹഉണ്ടയേറ്റ് യവര്‍ ഭട്ടും (23) ഷോപിയാനിലെ തുക്‌റൂവില്‍ സുരക്ഷാസേനയുടെ കണ്ണീര്‍വാതക ഷെല്ല് തലയില്‍ പതിച്ച് സയാര്‍ അഹ്മദ് ശെയ്ഖും (25) ആണ് മരിച്ചത്. ഇരുസംഭവങ്ങളിലും നിരവധി പേര്‍ക്ക് പരിക്കേറ്റു.
ബൊതെങ്ങുവില്‍ കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം പെല്ലറ്റ് തോക്ക് പ്രയോഗിക്കുകയായിരുന്നു. തുക്‌റൂവില്‍ പ്രകടനം നടത്തിയവര്‍ തങ്ങള്‍ക്കു നേരെ കല്ലെറിഞ്ഞപ്പോള്‍ കണ്ണീര്‍വാതക പ്രയോഗം നടത്തിയതായും സൈന്യം വ്യക്തമാക്കി. പഴയ നഗരമേഖലയിലും ബുദ്ഗം ജില്ലയിലും ഉണ്ടായ സംഘര്‍ഷങ്ങളില്‍ 12 പേര്‍ക്ക് പരിക്കേറ്റു. താഴ്‌വരയില്‍ സംഘര്‍ഷം തുടരുകയാണെന്നും വിവിധ സ്ഥലങ്ങളില്‍ 24 മണിക്കൂറും ഡോക്ടര്‍മാര്‍ ക്യാംപ് ചെയ്യുകയാണെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സിആര്‍പിഎഫ് ക്യാംപിനു നേരെ ആക്രമണമുണ്ടായി. ആളപായമില്ല. കഴിഞ്ഞ നാലു ദിവസത്തിനിടയില്‍ രണ്ടാം തവണയാണ് ഈ ക്യാംപിനു നേരെ ആക്രമണം നടക്കുന്നത്. ശ്രീനഗര്‍, ബുദ്ഗാം, പുല്‍വാമ, കുല്‍ഗാം, ഷോപിയാന്‍, ബാരാമുല്ല, സോപുര്‍, ബന്ദിപുര, ഹന്ദ്‌വാര എന്നിവിടങ്ങളിലെ 31 സ്ഥലങ്ങളില്‍ സുരക്ഷാസേനയ്ക്കു നേരെ കല്ലേറുമുണ്ടായി.
അതിനിടെ, വെള്ളിയാഴ്ച ചില സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ ഇന്നലെ പിന്‍വലിച്ചു. താഴ്‌വരയില്‍ പൂര്‍ണമായി കര്‍ഫ്യൂ പിന്‍വലിച്ചിട്ടുണ്ടെങ്കിലും ശ്രീനഗറിലെ നൗഹട്ട, എംആര്‍ ഗുഞ്ച്, ഖാന്‍യാര്‍ പോലുള്ള പ്രദേശങ്ങളില്‍ കര്‍ഫ്യൂവിനു സമാനമായ സ്ഥിതിയാണുള്ളത്. ജനങ്ങള്‍ കൂട്ടംചേരുന്നതിനു താഴ്‌വരയിലാകെ നിയന്ത്രണം ഏര്‍പ്പെടുത്തി.
കഴിഞ്ഞ രണ്ടു മാസമായി കശ്മീരില്‍ സംഘര്‍ഷം തുടരുകയാണ്. ഈ മാസം 16 വരെ സംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, കശ്മീരിലെ സംഘടനകള്‍ സര്‍വകക്ഷിസംഘത്തില്‍ നിന്ന് അകന്നുനില്‍ക്കുന്നതിനു പകരം പ്രശ്‌നപരിഹാരത്തിനു നിര്‍ദേശം സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക