|    Oct 21 Sun, 2018 2:39 am
FLASH NEWS
Home   >  National   >  

കശ്മീരില്‍ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത മാധ്യമപ്രവര്‍ത്തകയ്ക്ക് ലോക്‌സഭാ ടിവിയില്‍ നിയമനം

Published : 16th May 2018 | Posted By: mtp rafeek


ന്യൂഡല്‍ഹി: കശ്മീരില്‍ വംശഹത്യക്ക് ആഹ്വാനം ചെയ്യുകയും സിഖ് കൂട്ടക്കൊലയെ ന്യായീകരിക്കുകയും ചെയ്ത മാധ്യമ പ്രവര്‍ത്തകയ്ക്ക് സര്‍ക്കാര്‍ ചാനലായ ലോക്‌സഭാ ടിവിയില്‍ നിയമനം. സ്ഥിരമായി വെറുപ്പും വിദ്വേഷവും നിറഞ്ഞ ട്വീറ്റുകള്‍ ചെയ്യുന്ന ജാഗ്രിതി ശുക്ലയ്ക്കാണ് ലോക്‌സഭാ ടിവിയില്‍ നിയമനം നല്‍കിയതായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. @JagratikShukla29 എന്ന ഐഡിയില്‍ നിന്നുള്ള ട്വീറ്റുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ കുപ്രസിദ്ധി നേടിയ മാധ്യമപ്രവര്‍ത്തകയാണ് ജാഗ്രിതി.

നിയമനം സ്ഥിരീകരിച്ച് കൊണ്ട് തന്റെ പുതിയ നിയമനത്തില്‍ അഭിനന്ദിച്ചവര്‍ക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള ട്വീറ്റുകള്‍ ജാഗ്രിതി ട്വിറ്ററില്‍ ഇട്ടിട്ടുണ്ട്. ലോക്‌സഭാ ടിവി വെബ്‌സൈറ്റിലെ അസിസ്റ്റന്റ് പ്രൊഡ്യൂസര്‍ സെലക്്ഷന്‍ പട്ടികയിലും ജാഗ്രിതിയുടെ പേരുണ്ട്.

സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ഫോളോ ചെയ്യുന്ന വ്യക്തിയാണ് ജാഗ്രിതി. 2016ല്‍ കശ്മീരില്‍ സുരക്ഷാ സേനയും ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായ വേളയില്‍ ജാഗ്രതിയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു: ഈ ഭീകരന്മാരെയും അവരുടെ സഹായികളെയും തുരത്താന്‍ ഒരു വംശഹത്യ ആവശ്യമാണെങ്കില്‍ നമുക്കത് ചെയ്യാം. ട്വീറ്റ് വന്‍വിവാദമായതോടെ അവര്‍ അത് ഡിലീറ്റ് ചെയ്തു.

എന്നാല്‍, അവരുടെ എക്കൗണ്ടില്‍ നിന്ന് തുടര്‍ന്നു മുസ്്‌ലിംകളോടും ദലിതുകളോടും ലിബറലുകളോടും വിദ്വേഷവും മുന്‍വിധിയും പുലര്‍ത്തുന്ന നിരവധി ട്വീറ്റുകള്‍ പുറത്തുവന്നു. അതിലൊന്ന് 1984ലെ സിഖ് കൂട്ടക്കൊലയെ ന്യായീകരിക്കുന്നതായിരുന്നു. സിഖുകാര്‍ അത് അര്‍ഹിക്കുന്നുവെന്നായിരുന്നു ജാഗ്രിതിയുടെ അഭിപ്രായം.

മറ്റൊരു ട്വീറ്റില്‍ എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലയെ ജാഗ്രിതി ന്യായീകരിച്ചു. 2017 സപ്തംബര്‍ 5ന് ഹിന്ദുത്വരാണ് ഗൗരിയെ വെടിവച്ചുകൊന്നത്. മറ്റൊരു ട്വീറ്റില്‍ കൊലയുടെ ഉത്തരവാദിത്തം ഇടതു തീവ്ര സംഘടനകളുടെ തലയില്‍ കെട്ടിവയ്ക്കാനും അവര്‍ ശ്രമിച്ചു.

2016 ജൂലൈയില്‍ ജാഗ്രിതി പോസ്റ്റ് ചെയ്ത ഒരു ട്വീറ്റില്‍ പറയുന്നത് ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രസിഡന്റായിരുന്ന കനയ്യ കുമാറിനെ കൊല്ലണമെന്നാണ്. കശ്്മീര്‍ താഴ്‌വരയിലുള്ള എല്ലാറ്റിനെയും കൊല്ലണമെന്നും ഇതേ പോസ്റ്റില്‍ ജാഗ്രിതി ആവശ്യപ്പെടുന്നു.

മാരകായുധങ്ങള്‍ കൈയില്‍ കൊണ്ടു നടക്കണമെന്നും ആവശ്യമെങ്കില്‍ അത് ഉപയോഗിച്ച് കൊല നടത്തണമെന്നും മറ്റൊരു പോസ്റ്റില്‍ ജാഗ്രിതി ആഹ്വാനം ചെയ്തു. 2018 ജനുവരി 26ന് ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നു പോസ്റ്റ്. അവര്‍ നമ്മളെ ട്രെയ്‌നില്‍ കൊന്നു, വിമാനങ്ങള്‍ ഹൈജാക്ക് ചെയ്തു. കശ്മീരില്‍ നിന്ന് ഓടിപ്പോവാന്‍ നിര്‍ബന്ധിതരാക്കി. ഇപ്പോള്‍ ത്രിവര്‍ണ പതാക പിടിക്കുന്നതിന്റെ പേരില്‍ അവര്‍ നമ്മളെ കൊല്ലുകയാണ്. സത്യമെന്താണെന്ന് വച്ചാല്‍ നമ്മളാണ് ഭയന്നു ജീവിക്കുന്നത്. അവര്‍ക്ക് ഭയമില്ല. ഇനി വേണ്ട, എല്ലായപ്പോഴും ആയുധങ്ങള്‍ കരുതുക. അവര്‍ നമ്മളെ കൊല്ലും മുമ്പ് നാം അവരെ കൊല്ലുക-ഇതായിരുന്നു ട്വീറ്റ്

കാസ്ഗഞ്ചില്‍ ദേശീയ പതാക ഉയര്‍ത്തുന്ന ചടങ്ങ് സംഘടിപ്പിച്ച മുസ്്‌ലിംകളെ സംഘപരിവാരം ആക്രമിക്കുകയും തുടര്‍ന്ന് ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ച തങ്ങളെ മുസ്്‌ലിംകള്‍ ആക്രമിച്ചു എന്ന് പ്രചരിപ്പി്കകുകയുമായിരുന്നു. ഈ പ്രചരണമാണ് ജാഗ്രിതി ഏറ്റെടുത്തിരിക്കുന്നത്. ദലിതുകളുടെ അപമാനിക്കുന്ന നിരവധി പോസ്റ്റുകളും ജാഗ്രിതിയുടെ വകയായി ഉണ്ട്.

ചില സാമൂഹിക വിഭാഗങ്ങളെക്കുറിച്ച് മുന്‍വിധി വച്ചു പുലര്‍ത്തുകയും പരസ്യമായ അക്രമത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഒരാളെ ലോക്‌സഭാ ടിവിയുടെ കണ്‍സള്‍ട്ടന്റ് ആക്കിയത് തികച്ചും അനുചിതമായ നടപടിയാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss