|    Aug 18 Fri, 2017 4:09 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീരില്‍ രാത്രികാല റെയ്ഡ് നിര്‍ത്തണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍

Published : 4th November 2016 | Posted By: SMR

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷാസേനയും പോലിസും നടത്തുന്ന രാത്രികാല തിരച്ചിലുകള്‍ നിര്‍ത്തണമെന്നും യുവാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നും പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അധ്യാപകരും സാംസ്‌കാരിക പ്രവര്‍ത്തകരും ആവശ്യപ്പെട്ടു.
ജമ്മുകശ്മീരിലെ സര്‍വകലാശാലകള്‍, കോളജുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള അധ്യാപകരും വിദ്യാഭ്യാസ പ്രവര്‍ത്തകരുമാണ് കശ്മീരിലെ സംഘര്‍ഷം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനും രാഷ്ട്രീയ നേതൃത്വത്തിനും മത നേതാക്കള്‍ക്കും തുറന്ന കത്തെഴുതിയത്. കശ്മീര്‍ താഴ്‌വരയില്‍ 114 ദിവസമായി ജനജീവിതം തടസ്സപ്പെട്ടിരിക്കുകയാണ്. നിരായുധരായ 90 സാധാരണക്കാരെയാണ് മൃഗീയമായി കൊലപ്പെടുത്തിയത്. പെല്ലറ്റ് തോക്കിനിരയായി നിരവധി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. നിരവധി യുവാക്കളെ കസ്റ്റഡിയിലെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു.
60 മുതല്‍ 70 ദിവസം മാത്രമാണ് ഈ വര്‍ഷം സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചത്. സര്‍ക്കാരിന് പ്രത്യേകിച്ചും വിവിധ രാഷ്ട്രീയ നേതൃത്വത്തിനും മത നേതാക്കള്‍ക്കും പ്രശ്‌നം പരിഹരിക്കുന്നതിനുവേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും കത്തില്‍ പറയുന്നു. രാഷ്ട്രീയവല്‍ക്കകരിക്കാതെയും ദുര്‍വാശി മാറ്റിവച്ചും പ്രശ്‌നം പരിഹരിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നാവശ്യപ്പെട്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. കശ്മീര്‍ വിദ്യാഭ്യാസ സര്‍വകലാശാല മുന്‍ ഡീന്‍ പ്രഫ. എ ജി മധോഷ്, അക്കാദമിക് ഡീന്‍ പ്രഫ. എം അഷറഫ് വാനി, മുന്‍ സാമൂഹിക ശാസ്ത്ര ഡീന്‍ പ്രഫ. എം സമാന്‍ അസുര്‍ദാഹ്, കശ്മീര്‍ കേന്ദ്ര സര്‍വകലാശാലയിലെ പ്രഫ. നസീം റാഫിയ ബാദി, അണ്‍ എയ്ഡഡ് പ്രൈവറ്റ് സ്‌കൂള്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രഫ. സി എല്‍ വൈശന്‍ തുടങ്ങി 28 പേരാണ് കത്തില്‍ ഒപ്പുവച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക