|    Dec 11 Tue, 2018 4:18 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; 9 മരണം

Published : 26th November 2018 | Posted By: kasim kzm

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ രണ്ടിടത്ത് സുരക്ഷാസേനയും സായുധരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒമ്പതു പേര്‍ മരിച്ചു. ഷോപിയാന്‍ ജില്ലയിലെ കപ്രാന്‍ ബതാഗുണ്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ഒരു ഏറ്റുമുട്ടലുണ്ടായത്. നാട്ടുകാരിലൊരാളും ഒരു ജവാനും ആറ് സായുധരും ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു.
വെടിവയ്പിനിടയില്‍ നാട്ടുകാരായ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് ജനങ്ങളും സുരക്ഷാ സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. 34 രാഷ്ട്രീയ റൈഫിള്‍സിലെ ജവാന്‍ നസീര്‍ അഹമ്മദാണ് മരിച്ച സൈനികന്‍.
കൊല്ലപ്പെട്ട സായുധരില്‍ നാലുപേര്‍ ഹിസ്ബുല്‍ പ്രവര്‍ത്തകരും രണ്ടുപേര്‍ ലശ്കര്‍ പ്രവര്‍ത്തകരുമാണെന്നാണ് റിപോര്‍ട്ടുകള്‍. സായുധര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രദേശത്ത് സൈന്യം തിരച്ചില്‍ നടത്തിയിരുന്നു. സായുധര്‍ സൈന്യത്തിനു നേരെ വെടിവച്ചതിനെ തുടര്‍ന്ന് തിരിച്ചും വെടിവച്ചെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വെടിവയ്പുണ്ടായ സ്ഥലത്തു നിന്ന് സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും സൈന്യത്തിനു ലഭിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഷോപിയാന്‍, കുല്‍ഗാം ജില്ലകളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനം തടഞ്ഞുവച്ചിട്ടുണ്ട്.
അതേസമയം, പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയും സായുധരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സായുധന്‍ കൊല്ലപ്പെട്ടു. പാകിസ്താന്‍ സ്വദേശിയും ജയ്‌ശെ പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. ഇയാളുടെ കൈയില്‍ നിന്ന് എകെ 47 തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. വസീം എന്ന രഹസ്യപേരില്‍ അറിയപ്പെടുന്നയാളാണ് കൊല്ലപ്പെട്ടതെന്നും അധികൃതര്‍ അറിയിച്ചു. ഇയാളുടെ പക്കല്‍ നിന്നു ലഭിച്ച രേഖകള്‍പ്രകാരമാണ് കൊല്ലപ്പെട്ടത് വസീം ആണെന്ന് സംശയിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss