|    Jan 19 Thu, 2017 1:47 am
FLASH NEWS

കശ്മീരില്‍ രണ്ടിടത്ത് ആക്രമണം; 9 പേര്‍ക്ക് പരിക്ക്

Published : 12th October 2016 | Posted By: SMR

ശ്രീനഗര്‍: പാംപോറില്‍ സായുധസംഘത്തെ കീഴ്‌പ്പെടുത്താനുള്ള ശ്രമം തുടരുന്നതിനിടെ ശ്രീനഗറിലെ ഷോപിയാനില്‍ സിആര്‍പിഎഫ് വാഹനത്തിനു നേരെ ഗ്രനേഡ് ആക്രമണം. സംഭവത്തില്‍ രണ്ടു ജവാന്‍മാരടക്കം എട്ടുപേര്‍ക്കു പരിക്കേറ്റു.
അതേസമയം, പാംപോറില്‍ സൈന്യവും സായുധസംഘവും തമ്മിലുള്ള ഏറ്റുമുട്ടല്‍ രണ്ടു ദിവസം പിന്നിട്ടു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹോസ്റ്റലില്‍ ഒളിച്ച അക്രമികളുമായി തിങ്കളാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണ്. വെടിയേറ്റ് ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തില്‍ മൂന്നുപേര്‍ ഒളിച്ചിട്ടുണ്ടെന്നാണ് നിഗമനം.
ശ്രീനഗറില്‍ നിന്നു 15 കിലോമീറ്റര്‍ അകലെ പാംപോറിലെ ഇഡിഐ കാംപസില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സായുധസംഘം ഇരച്ചുകയറിയത്. ഝലം നദിയിലൂടെ സംഘം ബോട്ടിലെത്തുകയായിരുന്നുവെന്നാണ് കരുതുന്നത്. കാംപസില്‍ പ്രവേശിച്ച അക്രമികള്‍ കെട്ടിടങ്ങള്‍ക്കു തീയിടാന്‍ ശ്രമിച്ചതോടെ സൈന്യമെത്തി പ്രതിരോധം തീര്‍ത്തു. 50ലധികം മുറികളുള്ള ഹോസ്റ്റല്‍ കെട്ടിടത്തിലാണ് അക്രമികള്‍ ഒളിച്ചിരിക്കുന്നത്. ഇതിന്റെ ആറാമത്തെയോ ഏഴാമത്തെയോ നിലയിലാണ് സംഘം ഒളിച്ചിരിക്കുന്നതെന്നാണ് സേനയുടെ വിലയിരുത്തല്‍. ഏറ്റുമുട്ടലില്‍ ഹോസ്റ്റലിന്റെ പല ഭാഗങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തിരിച്ചടി ശക്തമാക്കിയ സൈനികര്‍ ഹോസ്റ്റല്‍ വളഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ കെട്ടിടത്തില്‍ സായുധസംഘം നുഴഞ്ഞുകയറിയിരുന്നു.
അതേസമയം, ജമ്മുകശ്മീരിലെ നൗഗാം മേഖലയിലേക്ക് 15 ലശ്കറെ ത്വയ്യിബ ഫിദായീന്‍ സംഘം നുഴഞ്ഞുകയറിയതായി സൈന്യം അറിയിച്ചു. അഞ്ചു സംഘമായി പിരിഞ്ഞ ഇവര്‍ ഇന്ത്യയില്‍ കടുത്ത ആക്രമണമാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും സൈനികവൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതിലെ ഒരു സംഘത്തെയാണ് ഹന്ദ്വാരയിലെ ക്യാംപ് ആക്രമണത്തിനിടെ ഒക്ടോബര്‍ 5ന് സൈന്യം തുരത്തിയത്. പാംപോറില്‍ ഇഡിഐ കെട്ടിടത്തില്‍ കുടുങ്ങിയിരിക്കുന്നവരാണ് രണ്ടാമത്തെ സംഘം. ഇനി മൂന്ന് സംഘങ്ങള്‍ കൂടി പുറത്തുണ്ടെന്നും സൈന്യം പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക