|    Jan 19 Thu, 2017 6:40 pm
FLASH NEWS

കശ്മീരില്‍ മുളക് പൊടി ഷെല്ലുകള്‍ ഉപയോഗിക്കാന്‍ ശുപാര്‍ശ

Published : 26th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ നിരവധി പേരുടെ കാഴ്ച നഷ്ടപ്പെടാന്‍ കാരണമായ പെല്ലറ്റ് തോക്കിന് പകരം മുളക് പൊടിക്കു സമാനമായ പദാര്‍ഥം നിറച്ച ഷെല്ലുകള്‍ ഉപയോഗിക്കാന്‍ ശുപാര്‍ശ. ലോഹ ഉണ്ട പ്രയോഗം വിവാദമായതിനെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച വിദഗ്ധ സമിതിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പുതിയ തരം ഷെല്ലുകള്‍ ഉപയോഗിക്കാമെന്ന് ശുപാര്‍ശ ചെയ്തത്.
പെലര്‍ ഗോണിക് ആസിഡ് വനിലൈന്‍ അമൈഡ് അഥവാ പാവ എന്ന തരത്തിലുള്ള ഷെല്ലുകളാണിവ. ഇതിന് നൊണിവമൈഡ് എന്നും പേരുണ്ട്. മുളകുപൊടിയുടെ സ്വഭാവമുള്ള ഒരു ജൈവ സംയുക്തമാണിത്. ഇത് പ്രയോഗിച്ചാല്‍ ഏതാനും മിനിറ്റുകള്‍ നേരത്തേക്ക് ജനങ്ങളെ നിഷ്‌ക്രിയരാക്കാന്‍ സാധിക്കും.
ഭക്ഷ്യപദാര്‍ഥത്തിന് കൂടുതല്‍ എരിവ് നല്‍കാനും രുചി കൂട്ടാനുമാണ് ഇത് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ സമിതി അംഗങ്ങള്‍ അധികൃതര്‍ക്ക് മുമ്പാകെ പരീക്ഷണാര്‍ഥം ഇത് പ്രയോഗിച്ച് കാണിച്ചിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് സുരക്ഷാസേനക്കും കശ്മീരിലേതു പോലെ പ്രക്ഷോഭം നടത്തുന്ന ജനങ്ങളെ പിരിച്ചുവിടാനും ഇത് സഹായിക്കുമെന്നാണ് സമിതി പറയുന്നത്. ലഖ്‌നോവിലെ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ലബോറട്ടറിയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടോക്‌സിക്കോളജി റിസര്‍ച്ചും ഒരു വര്‍ഷമായി ഈ ഷെല്ലുകള്‍ പരീക്ഷിച്ചുവരികയാണ്. ആവശ്യം വരുമ്പോള്‍ ഉപയോഗിക്കുന്നതിന് സജ്ജമാണിത്. ബിഎസ്എഫിന്റെ ഗ്വാളിയറിലുള്ള കണ്ണീര്‍വാതക നിര്‍മാണ യൂനിറ്റിന് ഈ ഷെല്ലുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സമിതി അറിയിച്ചു. ആദ്യഘട്ടമായി 50,000 തിരകള്‍ ഉടനെ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. കണ്ണീര്‍വാതകം, കുരുമുരുളക് ഗ്രനേഡ് എന്നിവയെക്കാള്‍ ജൈവ സുരക്ഷയുള്ളതാണ് ‘പാവ’ഷെല്ലുകളെന്നും സമിതി അംഗങ്ങള്‍ വ്യക്തമാക്കി.
അതിനിടെ, ഇന്നലെ ശ്രീനഗറില്‍ മാധ്യമങ്ങളോട് സംസാരിക്കവെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ലോഹ ഉണ്ടയ്ക്ക് ബദല്‍ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ നിയമിച്ച ഏഴംഗ സംഘം ഉടനെ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നും ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ മാര്‍ഗം നടപ്പിലാക്കുമെന്നും പറഞ്ഞിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 184 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക