|    Nov 21 Tue, 2017 2:42 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കശ്മീരില്‍ മാധ്യമങ്ങള്‍ക്ക് ഭീഷണി; പത്രങ്ങള്‍ ഇറങ്ങിയില്ല

Published : 17th July 2016 | Posted By: SMR

ശ്രീനഗര്‍: കര്‍ഫ്യൂ നിലനില്‍ക്കുന്ന കശ്മീര്‍ താഴ്‌വരയില്‍ ശനിയാഴ്ച പ്രാദേശിക പത്രങ്ങള്‍ വിതരണം ചെയ്തില്ല. അധികൃതര്‍ ചില പത്രസ്ഥാപനങ്ങള്‍ റെയ്ഡ് നടത്തി ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും പത്രത്തിന്റെ പ്രതികള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അധികൃതര്‍ പത്രങ്ങളുടെ വായ മൂടിക്കെട്ടാന്‍ ശ്രമിച്ചതിനാല്‍ ഇംഗ്ലീഷിലും ഉര്‍ദുവിലും കശ്മീരിയിലുമുള്ള പത്രങ്ങളൊന്നും വിതരണം ചെയ്തില്ലെന്ന് മാധ്യമവൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നുമില്ല.
കശ്മീരില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ദിനപത്രമായ ഗ്രേറ്റര്‍ കശ്മീരിന്റെ രണ്‍ഗ്രീത്തിലെ ഓഫിസില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയാണ് റെയ്ഡ് നടത്തിയതെന്നു പത്രത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. പ്രസ്സിലെ ഫോര്‍മാന്‍ ബിജു ചൗധരിയെയും മറ്റു രണ്ടു ജീവനക്കാരെയും പോലിസ് അറസ്റ്റ് ചെയ്തു. പത്രത്തിന്റെ പ്രിന്റിങ് പ്ലേറ്റുകളും 50,000ല്‍പ്പരം പത്രങ്ങളും പോലിസ് പിടിച്ചെടുത്തു. കശ്മീര്‍ റീഡര്‍, കശ്മീര്‍ ടൈംസ്, കശ്മീര്‍ ഒബ്‌സര്‍വര്‍, കശ്മീര്‍ മോണിറ്റര്‍ എന്നിവയടക്കമുള്ള പത്രങ്ങള്‍ അച്ചടിക്കുന്ന കെ ടി പ്രസ്സിലും പോലിസ് റെയ്ഡ് നടത്തിയതായി ഉടമ പറഞ്ഞു. അവിടെ നിന്ന് പല പത്രങ്ങളുടെയും പ്രതികളും അച്ചടി സാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്. പോലിസ് പത്രങ്ങള്‍ പിടിച്ചെടുത്തതായും പത്രം വിതരണം ചെയ്യാന്‍ അനുവദിച്ചില്ലെന്നും ലാല്‍ചൗക്ക് സിറ്റി സെന്ററിലെ പത്രവിതരണക്കാരും ആരോപിച്ചു. കശ്മീര്‍ ഇമേജസ് ദിനപത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ബഷീര്‍ മന്‍സാറും അച്ചടി സാമഗ്രിക ള്‍ പിടിച്ചെടുത്തതായി വെളിപ്പെടുത്തി. കശ്മീരിലുടനീളം കേബിള്‍ ടിവി നെറ്റ്‌വര്‍ക്കും പോലിസ് വിച്ഛേദിച്ചിട്ടുണ്ട്.
അതിനിടെ തുടര്‍ച്ചയായ എട്ടാം ദിവസവും കശ്മീര്‍ താഴ്‌വരയില്‍ ജനജീവിതം സ്തംഭിച്ചു. കര്‍ഫ്യൂ തുടരുകയാണ്. സംഘര്‍ഷത്തില്‍ ഇതുവരെ 38 പേര്‍ കൊല്ലപ്പെടുകയും 3100ല്‍പ്പരം പേര്‍ക്കു പരിക്കേ ല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ 10 ജില്ലകളിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ചില സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം കല്ലേറു നടന്നതിനെ തുടര്‍ന്നാണ് കര്‍ഫ്യൂ നീക്കേണ്ടതില്ലെന്നു തീരുമാനിച്ചതെന്ന് ഒരു പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അഭ്യൂഹങ്ങള്‍ തടയാ ന്‍ താഴ്‌വരയില്‍ മൊബൈല്‍ ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. ചില കശ്മീരി സംഘടനകള്‍ തിങ്കളാഴ്ച വരെ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക