|    Apr 22 Sun, 2018 1:05 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീരില്‍ മരണം 38 ആയി; കശ്മീരിലേത് സ്വാതന്ത്ര്യ പോരാട്ടം: പാകിസ്താന്‍

Published : 16th July 2016 | Posted By: SMR

ശ്രീനഗര്‍: വെടിവയ്പില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന 15കാരനും മരണത്തിനു കീഴടങ്ങിയതോടെ ആറു ദിവസമായി തുടരുന്ന കശ്മീരിലെ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി. ശ്രീനഗറിലെ എസ്‌കെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികില്‍സയിലായിരുന്ന ദക്ഷിണ കുല്‍ഗാമിലെ നൗപോറയില്‍നിന്നുള്ള പത്താംക്ലാസ് വിദ്യാര്‍ഥി ഇര്‍ഫാന്‍ അഹ്മദ് ദര്‍ ആണ് ഇന്നലെ മരിച്ചത്. സിആര്‍പിഎഫ് ജവാന്‍മാരുടെ ക്രൂര മര്‍ദ്ദനമേറ്റ ഇര്‍ഫാനെ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇര്‍ഫാന്റെ സഹോദരന്‍ കെയ്‌മോ ഉപജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.
അതേസമയം, മധ്യകശ്മീരിലെ നോഗാം, ബാട്ടാമാലു, ഹബ്ബകദല്‍, ചിന്‍ക്രാല്‍ മൊഹല്ല മേഖലകളില്‍ ഇന്നലെയും സംഘര്‍ഷമുണ്ടായി. നൗഹാട്ട, ഖന്‍യാര്‍, രജൗറി കാദല്‍ മേഖലകളില്‍ പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യം കണ്ണീര്‍വാതകം പ്രയോഗിച്ചു. ഓള്‍ഡ് ശ്രീനഗര്‍ മേഖല, ബാട്ടാമാലു, മൈസുമ, മധ്യ ബുഡ്ഗാ, ഗാന്‍ഡര്‍ബല്‍ ജില്ലകളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. നര്‍ബാല്‍ മേഖലയില്‍ സൈന്യവുമായി യുവാക്കള്‍ ഏറ്റുമുട്ടി. സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റു. മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രതിഷേധക്കാര്‍ക്കുനേരെ പരമാവധി സംയമനം പാലിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് അവര്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ മിക്കയിടങ്ങളിലും കര്‍ഫ്യൂ തുടരുകയാണ്.
പരിക്കേറ്റ സിവിലിയന്‍മാര്‍ക്ക് മികച്ച ചികില്‍സ ഉറപ്പുവരുത്തുമെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ചികില്‍സാ ക്രമീകരണങ്ങള്‍ വിലയിരുത്തുമെന്നും വിദഗ്ധ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സേവനം ലഭ്യമാക്കും. ആവശ്യമായ മരുന്നുകളും എത്തിക്കും. സൈനിക നടപടിയില്‍ ഇതുവരെ 1640 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. എസ്എംഎച്ച്എസ് ആശുപത്രിയില്‍ ചികില്‍സയിലുള്ള 46 പേര്‍ക്ക് കണ്ണിന് ശസ്ത്രക്രിയ നടത്തിയതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു. അതേസമയം, പ്രതിഷേധക്കാര്‍ക്കു നേരെ മാരകായുധങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് സിആര്‍പിഎഫിന്റെ സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ എസ് എന്‍ ശ്രീവാ സ്തവ പറഞ്ഞു.
ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിന് താഴ്‌വരയില്‍ കര്‍ഫ്യൂ തുടരാന്‍ അധികൃതര്‍ തീരുമാനിച്ചു. ആശുപത്രിവാഹനങ്ങളല്ലാത്ത മറ്റു വാഹനങ്ങള്‍ ഓടാന്‍ അനുവദിക്കില്ല. ഇന്റര്‍നെറ്റ്, മൊബൈല്‍ സംവിധാനങ്ങള്‍ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. അതേസമയം, ഹിസബ് കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധം സുപ്രിംകോടതി മാര്‍ഗനിര്‍ദേശങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഏറ്റുമുട്ടല്‍ അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കണമെന്നും മുതിര്‍ന്ന പിഡിപി നേതാവും എംഎല്‍എയുമായ മുസാഫര്‍ ഹുസെയ്ന്‍ ആവശ്യപ്പെട്ടു.
അതിനിടെ, കശ്മീരികളുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ പാകിസ്താന്‍ നല്‍കിവരുന്ന ധാര്‍മികവും രാഷ്ട്രീയവും നയതന്ത്രപരവുമായ പിന്തുണ തുടരുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പറഞ്ഞു. ബുര്‍ഹാന്‍ വാനിയെ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ രക്തസാക്ഷിയെന്നാന്ന് ശരീഫ് വിശേഷിപ്പിച്ചത്. ലാഹോറില്‍ കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തെ സംബോധന ചെയ്യുകയായിരുന്നു ശരീഫ്. വാനിയുടെ വധത്തിനെതിരേ നടന്ന സമരങ്ങളെ ഇന്ത്യ അടിച്ചമര്‍ത്തിയതില്‍ പ്രതിഷേധിച്ച് ഈ മാസം 19ന് രാജ്യത്ത് കരിദിനം ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ക്രൂരതകള്‍ കശ്മീരികളുടെ സ്വാതന്ത്ര്യ പോരാട്ടത്തിന് തീക്ഷ്ണത പകരുമെന്നും കശ്മീരിന് അവര്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം ലഭിക്കുമെന്നും ശരീഫ് പറഞ്ഞു. അതിനു വേണ്ടി പാകിസ്താന്‍ ഒന്നടങ്കം കശ്മീരിന് പിന്തുണ നല്‍കുകയാണെന്നും ശരീഫ് വ്യക്തമാക്കി. കശ്മീരിലെ പ്രശ്‌നങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങള്‍ക്കും പ്രധാനമന്ത്രി നവാസ് ശരീഫ് യോഗത്തില്‍ നിര്‍ദേശം നല്‍കി. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നതിന് പാകിസ്താന് അധികാരമില്ലെന്ന് കരിദിനാചരണത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss