|    Oct 18 Wed, 2017 10:32 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കശ്മീരില്‍ മരണം 30 ആയി

Published : 12th July 2016 | Posted By: SMR

ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ മുസഫര്‍ വാനിയെ പോലിസ് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് കശ്മീരിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. 29 സിവിലിയന്മാരും ഒരു പോലിസ് ഉദ്യോഗസ്ഥനുമാണു മരിച്ചത്. സ്ഥിതിഗതികള്‍ ഭാഗികമായി ശാന്തമായതിനെ തുടര്‍ന്ന് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ ശേഖരിച്ചുവരുകയാണ്.
21 സിവിലിയന്മാര്‍ കൊല്ലപ്പെട്ടെന്നാണ് പോലിസ് കഴിഞ്ഞ ദിവസം അറിയിച്ചത്. ഞായറാഴ്ച വൈകീട്ട് ഷോപിയാനിലെ ചിത്രഗാമില്‍ സൈനികര്‍ പ്രതിഷേധക്കാര്‍ക്കു നേരെ നടത്തിയ വെടിവയ്പില്‍ 13കാരനായ ആസിഫ് അഹ്മദ് ഭട്ട് കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി 24കാരിയായ യസ്മീന ജനിന് പോലിസ് വെടിവയ്പില്‍ പരിക്കേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് ഭട്ട് കൊല്ലപ്പെട്ടത്. കുല്‍ഗാം, ഷോപിയാന്‍ ജില്ലകളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആണെന്ന് സര്‍ക്കാരിന്റെ റിപോര്‍ട്ടില്‍ പറയുന്നു. നേരത്തേ ഈ ജില്ലകളില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു റിപോര്‍ട്ടുകള്‍.
ഇന്നലെയും വിലക്കു ലംഘിച്ച് തെക്കന്‍ കശ്മീരിലെ വിവിധയിടങ്ങളില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. കശ്മീര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല എന്നിവരുമായി ചര്‍ച്ച നടത്തി. കശ്മീരില്‍ സമാധാനം തിരികെ കൊണ്ടുവരാന്‍ എല്ലാ സഹകരണവും നല്‍കുമെന്നും രാജ്യസുരക്ഷ സംബന്ധിച്ച വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്നും സോണിയഗാന്ധി പ്രതികരിച്ചു. സംഘര്‍ഷം പരിഹരിക്കുന്നതില്‍ മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ഉമര്‍ അബ്ദുല്ല അറിയിച്ചു. കശ്മീരിലേക്കു കൂടുതല്‍ സിആര്‍പിഎഫുകാരെ അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ അപലപിക്കുന്നതായി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് പ്രതികരിച്ചു. ജമാഅത്തുദ്ദഅ്‌വ നേതാവ് ഹാഫിസ് സഈദും വാനിയുടെ മരണത്തില്‍ പ്രതിഷേധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക