|    Nov 17 Sat, 2018 12:17 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കശ്മീരില്‍ ഗവര്‍ണര്‍ ഭരണം; സൈനിക നടപടി ശക്തമാവും

Published : 21st June 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ വീണ്ടും ഗവര്‍ണര്‍ഭരണത്തില്‍. ഗവര്‍ണര്‍ഭരണം പ്രഖ്യാപിക്കുന്നതിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാര്‍ശയില്‍ രാഷ്ട്രപതി ഇന്നലെ ഒപ്പുവച്ചു. പിഡിപി-ബിജെപി സഖ്യം തകര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി കഴിഞ്ഞദിവസം രാജിവച്ചിരുന്നു.
ഗവര്‍ണര്‍ എന്‍ എന്‍ വോറയ്ക്കാണ് ജമ്മുകശ്മീരിന്റെ ഭരണച്ചുമതല. ഈ മാസം 25ന് വോറയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് സംസ്ഥാനം ഗവര്‍ണര്‍പദവിയിലേക്ക് പോവുന്നത്. മേഖലയില്‍ സൈന്യത്തിന്റെ നടപടികള്‍ ശക്തമാക്കുമെന്നതിന്റെ സൂചനകളും പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ രാവിലെ ആറുമണിയോടെയാണ് ഗവര്‍ണര്‍ഭരണത്തിന് അനുമതി നല്‍കുന്നതിനുള്ള ശുപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചത്. ജമ്മുകശ്മീര്‍ ഭരണഘടനയുടെ 92ാം വകുപ്പ് പ്രകാരമാണ് ഗവര്‍ണര്‍ഭരണം ഏര്‍പ്പെടുത്തുന്നത്. മേഖലയില്‍ നേരിട്ട് രാഷ്ട്രപതിഭരണം പ്രാബല്യത്തില്‍ വരുന്നത് തടയുന്നതാണ് 92ാം വകുപ്പ്. ഇതുപ്രകാരം ആറ് മാസം ഗവര്‍ണര്‍ഭരണം പൂര്‍ത്തിയായശേഷം മാത്രമേ കശ്മീരില്‍ രാഷ്ട്രപതിഭരണം പ്രഖ്യാപിക്കാന്‍ സാധിക്കൂ. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി കാരണമാണിത്.
ഗവര്‍ണര്‍ എന്‍ എന്‍ വോറയുടെ കാലാവധി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുമെങ്കിലും അമര്‍നാഥ് തീര്‍ത്ഥയാത്രയുടെ പശ്ചാത്തലത്തില്‍ അത് ദീര്‍ഘിപ്പിച്ചു നല്‍കാനാണ് സാധ്യത. യുപിഎ കാലത്ത് നിയമിക്കപ്പെട്ട വോറയെ മാറ്റി പുതിയ ഗവര്‍ണറെ നിയമിക്കാനും കേന്ദ്രം നീക്കം നടത്തുന്നുണ്ട്.
അമര്‍നാഥ് യാത്രയ്ക്കുശേഷം കേന്ദ്രം പുതിയ ഗവര്‍ണറെ നിയമിക്കുമെന്ന് ജമ്മുകശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കവീന്ദര്‍ ഗുപ്ത പറഞ്ഞു. ഈ മാസം 28ന് ആരംഭിക്കുന്ന അമര്‍നാഥ് യാത്ര ആഗസ്ത് അവസാനവാരം വരെ നീണ്ടുനില്‍ക്കും. 2008ലാണ് വോറ ജമ്മുകശ്മീര്‍ ഗവര്‍ണറായി ചുമതലയേറ്റത്. പിന്നീട് 2013ല്‍ പദവി നീട്ടിനല്‍കുകയായിരുന്നു.
ഗവര്‍ണര്‍ഭരണം സൈന്യത്തെ ബാധിക്കില്ലെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് അഭിപ്രായപ്പെട്ടു. മേഖലയിലെ ആക്രമണങ്ങള്‍ക്ക് കുറവില്ലെന്നു കണ്ടാണ് വെടിനിര്‍ത്തല്‍ തീരുമാനം പിന്‍വലിച്ചത്. സായുധപ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ കര്‍ശന നിര്‍ദേശമുള്ളതായും സൈനികമേധാവി വ്യക്തമാക്കി.
ഗവര്‍ണര്‍ഭരണത്തില്‍ തങ്ങള്‍ക്കു പ്രവര്‍ത്തനം കൂടുതല്‍ എളുപ്പമാവുമെന്ന് ജമ്മുകശ്മീര്‍ പോലിസ് മേധാവി എസ് പി വൈദ് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പോലിസും സൈന്യവും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ കശ്മീരില്‍ ശക്തമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിക്കുന്ന വിവരങ്ങള്‍ ഇനി കേന്ദ്രസര്‍ക്കാരിലേക്ക് നേരിട്ടെത്താന്‍ ഗവര്‍ണര്‍ഭരണം കാരണമാവും.
അതേസമയം, ഛത്തീസ്ഗഡില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥനായ ബി വി ആര്‍ സുബ്രഹ്മണ്യത്തെ ജമ്മുകശ്മീര്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഗവര്‍ണര്‍ എന്‍ എന്‍ വോറയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss