|    Apr 27 Fri, 2018 2:33 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീരില്‍ കര്‍ഫ്യൂ തുടരുന്നു; മരണം 34 ആയി

Published : 14th July 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ സുരക്ഷാസേനയും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷം അഞ്ചാം ദിവസവും തുടര്‍ന്നു. സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയിട്ടുണ്ട്. പാംപൂര്‍, കുപ്‌വാര ജില്ലകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ കര്‍ഫ്യൂ തുടരുകയാണ്. മിക്ക സ്ഥലത്തും ജനങ്ങളുടെ സഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാസൈന്യം വധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് സംഘര്‍ഷം തുടങ്ങിയത്.
ശനിയാഴ്ച ജനക്കൂട്ടം പോലിസിന്റെയും സുരക്ഷാ സേനയുടെയും താവളങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് കൂടുതല്‍ ആളുകള്‍ മരിച്ചതെന്ന് പോലിസ് പറഞ്ഞു. സംഘര്‍ഷത്തില്‍ 22 സാധാരണക്കാരാണ് മരിച്ചതെന്ന് കശ്മീര്‍ ഡിവിഷനല്‍ കമ്മീഷണര്‍ അസ്ഗര്‍ സാമൂണ്‍ പറഞ്ഞു. അനന്തനാഗ് ജില്ലയില്‍ 16ഉം കുല്‍ഗാമില്‍ എട്ടും ഷോപിയാനില്‍ അഞ്ചും പുല്‍വാമയില്‍ മൂന്നും ശ്രീനഗറിലും കുപ്‌വാരയിലും ഓരോ ആളുമാണ് കൊല്ലപ്പെട്ടതെന്നാണ് ഏറ്റവും പുതിയ കണക്ക്. കശ്മീരി സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദ് കാരണം ഇന്നലെയും കശ്മീരിലെ ജനജീവിതം സ്തംഭിച്ചു. വ്യാപാരസ്ഥാപനങ്ങളും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളും അടച്ചിട്ടു. ഗതാഗതവും മുടങ്ങി. ഇന്റര്‍നെറ്റ് സംവിധാനങ്ങളും തടസ്സപ്പെട്ടു.
അതേസമയം, ഹിസ്ബുല്‍ മുജാഹിദീന്‍ പുതിയ നേതാവിനെ പ്രഖ്യാപിച്ചു. 21കാരന്‍ മഹ്മൂദ് ഗസ്‌നവിയാണ് പുതിയ കമാന്‍ഡര്‍. ഉന്നത നേതാക്കളുടെ യോഗത്തില്‍ സംഘടനയുടെ മുതിര്‍ന്ന നേതാവ് സയ്യിദ് സലാഹുദ്ദീനാണ് ഗസ്‌നവിയുടെ പേര് പ്രഖ്യാപിച്ചത്. വാനിയുടെ രക്തസാക്ഷിത്വം പാഴാവാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം ദൗത്യം ഭംഗിയായി പൂര്‍ത്തീകരിച്ചുവെന്നും സലാഹുദ്ദീന്‍ പറഞ്ഞു. പാക് അധീന കശ്മീരില്‍ യുനൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെയും ആള്‍ പാര്‍ട്ടി ഹുര്‍രിയത്ത് കോണ്‍ഫറന്‍സിന്റെയും യോഗം വിളിച്ചുചേര്‍ക്കാന്‍ ഹിസ്ബുല്‍ മുജാഹിദീന്‍ തീരുമാനിച്ചു. അതേസമയം, ഗസ്‌നവി വിളിപ്പേരാണെന്നും പുതിയ കമാന്‍ഡറുടെ യഥാര്‍ഥ നാമം സാക്കില്‍ റാഷിദ് ഭട്ട് ആണെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സബ്‌സാര്‍ അഹ്മദ് ഭട്ട് എന്നാണ് യഥാര്‍ഥ പേരെന്നും റിപോര്‍ട്ടുകളുണ്ട്. അതേസമയം, വാനിയുടെ ഗ്രാമമായ ത്രാലിലെ ഈദ്ഗാഹ് മൈതാനിയില്‍ സ്വാതന്ത്ര്യ മുദ്രാവാക്യങ്ങളുമായി ഇന്നലെയും ആയിരങ്ങള്‍ ഒത്തുകൂടി.
അതേസമയം, ജമ്മു കശ്മീരില്‍ സംഘര്‍ഷത്തിനിടെ സുരക്ഷാസേനയുടെ ബലപ്രയോഗങ്ങളില്‍ കണ്ണിന് ഗുരുതരമായി പരിക്കേറ്റവരെ ചികില്‍സിക്കാന്‍ സര്‍ക്കാര്‍ നേത്ര ശസ്ത്രക്രിയ വിദഗ്ധരുടെ സഹായം തേടി. നൂറിലധികം യുവാക്കളുടെ കണ്ണുകള്‍ക്കാണ് ചില്ലുകള്‍ തെറിച്ച് പരിക്കേറ്റത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss