|    Apr 26 Thu, 2018 1:30 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീരില്‍ അക്രമം തുടരുന്നു; മിനി സെക്രട്ടേറിയറ്റിനു തീവച്ചു

Published : 5th September 2016 | Posted By: SMR

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ പ്രക്ഷോഭകരും സുരക്ഷാസേനയും ഏറ്റുമുട്ടി. മിനി സെക്രേട്ടറിയറ്റ് കെട്ടിടത്തിന് തീവച്ചു. ശ്രീനഗറിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കശ്മീര്‍ താഴ്‌വരയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷിസംഘം എത്തിയിരിക്കെയാണ് സംഘര്‍ഷം രൂക്ഷമായത്.
കശ്മീരിന്റെ ഇതര ഭാഗങ്ങളില്‍ നിയന്ത്രണം തുടരുന്നതിനാല്‍ ജനജീവിതം സ്തംഭിച്ചു. ഷോപ്പിയാനിലെ പെന്‍ജൂറ ഗ്രാമത്തില്‍ പ്രതിഷേധറാലി പോലിസ് തടഞ്ഞതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫിസ് സ്ഥിതിചെയ്യുന്ന മിനി സെക്രട്ടേറിയറ്റിനാണ് പ്രക്ഷോഭകര്‍ തീവച്ചത്. അക്രമികളെ പിരിച്ചുവിടാന്‍ സുരക്ഷാസേന ചൂരല്‍പ്രയോഗവും കണ്ണീര്‍വാതക ഷെല്ലുകളും പ്രയോഗിച്ചതായി അധികൃതര്‍ പറഞ്ഞു.സേനയുടെ ബലപ്രയോഗത്തില്‍ ചിലര്‍ക്ക് പരിക്കേറ്റു.
കുല്‍ഗം ജില്ലയില്‍ ശനിയാഴ്ച പിഡിപി ബ്ലോക് പ്രസിഡന്റ് ഗുല്‍സാര്‍ അഹമ്മദിന്റെ വസതി പ്രക്ഷോഭകര്‍ കത്തിച്ചിരുന്നു. ശ്രീനഗറില്‍ അഞ്ച് പോലിസ്‌സ്‌റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂ തുടരുകയാണ്. സര്‍വകക്ഷി സംഘത്തിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ചും എയര്‍പോര്‍ട്ട് റോഡ് ഉപരോധിക്കാന്‍ കശ്മീരി സംഘടനകള്‍ ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തിലുമാണ് മുന്‍കരുതല്‍ എന്ന നിലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. നഗരത്തിന്റെ മറ്റിടങ്ങളില്‍ കര്‍ഫ്യൂ പിന്‍വലിച്ചിട്ടുണ്ടെന്ന് പോലിസ് വക്താവ് അറിയിച്ചു. അതേസമയം, ഇന്നലെ 58ാം ദിവസവും സംഘടനകളുടെ ആഹ്വാനംപ്രകാരം ബന്ദ് നടന്നു. ഈ മാസം എട്ടുവരെ ബന്ദ് നീട്ടിയിട്ടുണ്ട്. അതിനിടെ ദക്ഷിണ കശ്മീരിലെ ത്രാള്‍ നിയോജകമണ്ഡലത്തിലെ പിഡിപി എംഎല്‍എ മുഷ്താഖ് അഹമ്മദ് ഷായുടെ വീട് ചിലര്‍ ആക്രമിച്ചു. കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. അക്രമികളെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.
ഹുര്‍രിയത്ത് നേതാക്കളുമായി ചര്‍ച്ച നടത്തുന്നത് ഗൗരവമായി കാണുന്നുവെങ്കില്‍ അവരെ വിട്ടയക്കാന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി തയ്യാറാവണമായിരുന്നുവെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല പറഞ്ഞു. പിഡിപി ഹൂര്‍രിയത്ത് നേതാക്കളെ സര്‍വകക്ഷി സംഘവുമായി ചര്‍ച്ച നടത്താന്‍ മെഹബൂബ കഴിഞ്ഞദിവസം ക്ഷണിച്ചിരുന്നു. പിഡിപി അധ്യക്ഷ എന്ന നിലയിലായിരുന്നു മെഹബൂബയുടെ ക്ഷണം. അതിനിടെ. രണ്ടുമാസത്തോളമായി തുടര്‍ന്ന സംഘര്‍ഷത്തിന് അല്‍പം അയവുവന്നിരുന്നെങ്കിലും കഴിഞ്ഞ രണ്ടുദിവമായി സംഘര്‍ഷാവസ്ഥ കൂടിയിട്ടുണ്ട്. ദക്ഷിണ കശ്മീരിലെ ഖാസിഗുന്ദില്‍ സൈന്യത്തിന്റെ ലോഹ ഉണ്ട ആക്രമണത്തില്‍ യുവാവ് മരിച്ചു. ശനിയാഴ്ച രത്രിയോടെയാണ് 23കാരന്‍ അഹമ്മദ് കൊല്ലപ്പെട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss