|    Jan 21 Sat, 2017 7:49 am
FLASH NEWS

കശ്മീരിലേക്കു പോയ സര്‍വകക്ഷിസംഘംഡല്‍ഹിയില്‍ യോഗം ചേര്‍ന്നു

Published : 8th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ജമ്മു-കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച നടത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന നിലപാടില്‍ ഉറച്ച് സര്‍വകക്ഷിസംഘം. ജമ്മു-കശ്മീരില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയെത്തിയ സംഘം ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച ഉള്‍െപ്പടെയുള്ള ആവശ്യങ്ങളടങ്ങിയ പ്രമേയം ഏകകണ്ഠമായി പാസാക്കി. യോഗത്തിന്റെയും വിലയിരുത്തലുകളുടെയും തുടര്‍ച്ചയെന്ന നിലയില്‍ കശ്മീരിലേക്കു വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്താന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ചെറുസംഘങ്ങളെ സര്‍ക്കാര്‍ അയക്കുമെന്നാണ് സൂചന. ഹുര്‍റിയത്ത് നേതാക്കളുടെ പേരെടുത്തുപറയാതെയാണ് എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച വേണമെന്ന് പ്രമേയം ആവശ്യപ്പെട്ടത്. ദേശീയ അഖണ്ഡതയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറാകേണ്ടതില്ലെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, കശ്മീരിലെത്തിയ സര്‍വകക്ഷിസംഘത്തിനു നേട്ടം ഉണ്ടാക്കാനായില്ലെന്നു നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല ട്വിറ്ററില്‍ പ്രതികരിച്ചു. അതേസമയം, ഹുര്‍റിയത്ത് നേതാക്കളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുമെന്നും അവരുടെ സൗകര്യങ്ങള്‍ പിന്‍വലിച്ച് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നുമുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നു യോഗത്തില്‍ രാജ്‌നാഥ് സിങ് പറഞ്ഞു. കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച വേണമെന്ന കാര്യത്തില്‍ സമവായത്തിലെത്തിയെന്ന് യോഗത്തില്‍ പങ്കെടുത്ത എന്‍ കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു. സമാധാനപരമായ പ്രതിഷേധങ്ങള്‍ തടയരുത്, സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആശ്വാസ പാക്കേജ് അനുവദിക്കണം, പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കു നഷ്ടപരിഹാരം എന്നിവയാണ് സര്‍വകക്ഷിസംഘത്തിന്റെ പ്രധാന നിര്‍ദേശങ്ങള്‍. ജമ്മു-കശ്മീര്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. എന്നാല്‍, പ്രശ്‌നപരിഹാരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടുവെന്ന വിലയിരുത്തലുണ്ടായില്ല. പരിഹാരശ്രമത്തിന്റെ ഭാഗമായി തടവിലുള്ളവരെ മോചിപ്പിക്കണമെന്നും പെല്ലറ്റ് പ്രയോഗം അവസാനിപ്പിക്കണമെന്നും പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സ്‌കൂളുകളും മറ്റു സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കണമെന്നും സര്‍ക്കാര്‍ എല്ലാവരുമായും ചര്‍ച്ചയ്ക്കു തയ്യാറാണെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക