|    May 24 Wed, 2017 6:16 am
FLASH NEWS

കശ്മീരിലെ സംഭവങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമം: ബ്രിക്‌സ് രാജ്യങ്ങളെ മോദി തെറ്റിദ്ധരിപ്പിച്ചു: സര്‍താജ് അസീസ്

Published : 18th October 2016 | Posted By: SMR

ഇസ്‌ലാമാബാദ്: ഗോവയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ നരേന്ദ്ര മോദി പാകിസ്താനെതിരായി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്.
ബ്രിക്‌സ് രാജ്യങ്ങളെ മോദി തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് സര്‍താജ് പറഞ്ഞു. കശ്മീരില്‍ നടക്കുന്ന സംഭവങ്ങള്‍ മറച്ചുവയ്ക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും അസീസ് ആരോപിച്ചു. പാകിസ്താനെ ഭീകരതയുടെ മാതൃയാനം എന്നു വിശേഷിപ്പിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.
തീവ്രവാദത്തിനെതിരേ പോരാടാന്‍ ബ്രിക്‌സ് രാജ്യങ്ങള്‍ക്കൊപ്പം പാകിസ്താന്‍ തയ്യാറാണെന്ന് അസീസ് അറിയിച്ചു. അതോടൊപ്പം പാകിസ്താന്റെ മണ്ണില്‍ ഇന്ത്യയുടെ പിന്തുണയോടെ നടക്കുന്ന തീവ്രവാദപ്രവര്‍ത്തനങ്ങളെ ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കശ്മീരിലെ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ അന്വേഷണ സംഘത്തെ അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോകരാജ്യങ്ങളുടെ വളര്‍ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന തീവ്രവാദത്തിനെതിരേ ബ്രിക്‌സ് രാജ്യങ്ങള്‍ കൈകോര്‍ക്കണമെന്ന് ഉച്ചകോടിക്കിടെ മോദി ആവശ്യപ്പെട്ടിരുന്നു. അതിനിടെ, ബ്രിക്‌സ് ഉച്ചകോടിക്കുശേഷം അംഗരാജ്യങ്ങള്‍ ചേര്‍ന്ന് ഇറക്കിയ പ്രഖ്യാപനത്തില്‍ പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളായ ലശ്കറെ ത്വയ്യിബ, ജയ്‌ശെ മുഹമ്മദ് എന്നിവയെക്കുറിച്ചുള്ള പരാമര്‍ശം ഉള്‍പ്പെടുത്താന്‍ ഇന്ത്യ നടത്തിയ ശ്രമം വിജയിച്ചില്ല. ചൈനയുടെ നിലപാടുകളാണ് നീക്കത്തിന് തടസ്സമായത്.
വിഷയത്തില്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ ധാരണയുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി അമര്‍ സിന്‍ഹ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം സംഘടനകള്‍ ഇന്ത്യയെ മാത്രം ബാധിക്കുന്ന വിഷയമാണെന്നും മറ്റു രാജ്യങ്ങള്‍ക്ക് അതില്‍ കാര്യമില്ലെന്നുമുള്ള നിലപാടാണ് ചൈന സ്വീകരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day