|    Jan 23 Mon, 2017 1:57 pm
FLASH NEWS

കശ്മീരിലെ സംഘര്‍ഷങ്ങളില്‍ മൂന്നു മരണം കൂടി; നേതാക്കള്‍ കസ്റ്റഡിയില്‍

Published : 6th August 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ ഇന്നലെ ജുമുഅ നമസ്‌കാരത്തിനു ശേഷമുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ മരിച്ചു. 150ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ കഴിഞ്ഞ 28 ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 53 ആയി. മധ്യ കശ്മീരിലെ ബദ്ഗം ജില്ലയില്‍ കല്ലെറിഞ്ഞ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ സേന നടത്തിയ നടപടിയില്‍ മുഹമ്മദ് ഇക്ബാല്‍ ഖണ്ടായ് എന്ന യുവാവ് മരിച്ചു.
സോപൂരില്‍ മറ്റൊരു യുവാവും മരിച്ചു. ബദ്ഗമില്‍ ഖണ്ഡായിയുടെ മരണത്തില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ ഉണ്ടായ നടപടിയിലാണ് മറ്റൊരു യുവാവ് മരിച്ചത്. സൈനികര്‍ കൊലപ്പെടുത്തിയ പ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കശ്മീര്‍ സംഘടനകള്‍ ചിനാബ് താഴ്‌വരയില്‍ ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണം. ചിനാബ് താഴ്‌വരയിലെ കിഷ്ത്വാര്‍, ദോഡ, റംബാന്‍ ജില്ലകളിലാണ് കശ്മീര്‍ സംഘടനകള്‍ ബന്ദിനാഹ്വാനം ചെയ്തത്.
ബദര്‍വാ, ബെനിഹാല്‍, താത്രി പട്ടണങ്ങള്‍ ഉള്‍പ്പെടെ കിഷ്ത്വാറിലും ദോഡയിലും ബന്ദിനെതുടര്‍ന്നു ജനജീവിതം സ്തംഭിച്ചു. നിരവധിയിടങ്ങളില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി യുവാക്കള്‍ തെരുവിലിറങ്ങി. മര്‍ക്കസി സീറത്ത് കമ്മിറ്റി, താത്രി മസ്ജിദ് കമ്മിറ്റി എന്നിവരാണ്  ദോഡയില്‍ ബന്ദിനാഹ്വാനം ചെയ്തത്. ദോഡയിലും താത്രിയിലും കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു.
സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില നന്നേ കുറവായിരുന്നു. ഏതാനും വാഹനങ്ങള്‍മാത്രമാണ് നിരത്തിലിറങ്ങിയത്. കശ്മീര്‍ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ മധ്യസ്ഥരുമായി ചര്‍ച്ചയ്ക്കു തയ്യാറാവണമെന്നു ദോഡയിലും കിഷ്തുവാറിലും റാലി നടത്തിയ പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. അതേസമയം, മുന്‍കരുതലെന്ന നിലയില്‍ ജമ്മുവില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഒരുമാസത്തിനിടെ രണ്ടാംതവണയാണ് ഇവിടെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നത്. സൈനിക നടപടിയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നടത്താന്‍ ഒരുങ്ങിയ ഹൂര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാക്കളായ സയ്യിദ് അലി ഷാ ഗീലാനിയേയും മിര്‍വായിസ് ഉമര്‍ ഫാറുഖിനെയും പോലിസ് കസ്റ്റഡിയിലെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക