|    Jan 18 Wed, 2017 7:11 am
FLASH NEWS

കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍; യുഎന്നില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടി

Published : 16th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെച്ചൊല്ലി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ വാക്ക്‌പോര്. യുഎന്നിലെ പാകിസ്താന്‍ സ്ഥാനപതി തെഹ്മിന ജാന്‍ജുവയാണ് കശ്മീരില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് വിശദീകരിച്ചത്.
മനുഷ്യാവകാശങ്ങള്‍ക്കുള്ള യുഎന്‍ ഹൈക്കമ്മീഷണര്‍ കശ്മീര്‍ സന്ദര്‍ശിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജമ്മുകശ്മീരില്‍ വ്യാപകമായി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുകയാണ്. ജൂലൈ എട്ടിന് 22കാരനായ കശ്മീരി യുവാവിനെ കൊലപ്പെടുത്തിയതാണ് ഏറ്റവും ഒടുവില്‍ നടന്നത്. ജനങ്ങളുടെ അവകാശത്തിനുവേണ്ടിയുള്ള പോരാട്ടത്തെ ഭീകരപ്രവര്‍ത്തനമായി അടിച്ചമര്‍ത്തുന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടിക്ക് ഉദാഹരണമാണിത്. ഹൈക്കമ്മീഷണറുടെ സന്ദര്‍ശനത്തിന് അനുമതി നല്‍കാത്തതിനു പിന്നില്‍ എന്തോ മറച്ചുവയ്ക്കാനുള്ള ഇന്ത്യയുടെ നിലപാടാണെന്നും അവര്‍ കുറ്റപ്പെടുത്തി.
മനുഷ്യാവകാശത്തിന്റെ പേര് പറഞ്ഞ് കശ്മീരില്‍ പാകിസ്താന്‍ ഭീകരപ്രവര്‍ത്തനം നടത്തുകയാണെന്ന് ഇതിനു പ്രതികരണമായി ഇന്ത്യ തിരിച്ചടിച്ചു. ബലൂചിസ്താനിലും പാക്കധീന കശ്മീരിലും പാകിസ്താന്‍ അവരുടെ ജനങ്ങളുടെ മനുഷ്യാവകാശങ്ങളാണ് ലംഘിക്കുന്നത്. അവരുടെ ജനതയ്‌ക്കെതിരേ വ്യോമാക്രമണം നടത്താന്‍പോലും പാകിസ്താന്‍ മടിക്കുന്നില്ല. അന്താരാഷ്ട്ര സമൂഹത്തിനു മുമ്പില്‍ തങ്ങളുടെ നിലപാട് ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതുകൊണ്ടാണ് പാകിസ്താന് മനുഷ്യാവകാശ കൗണ്‍സിലില്‍ അംഗത്വം നേടാന്‍ സാധിക്കാത്തത്. പാകിസ്താന്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയതാണ് അടുത്തിടെയുണ്ടായ സംഘര്‍ഷത്തിനു കാരണം. ഇന്ത്യന്‍സേന അതീവ സംയമനത്തോടെയാണ് സംഭവം കൈകാര്യം ചെയ്യുന്നത്. സംഘര്‍ഷത്തിനു കാരണക്കാരായവര്‍ അതിന്റെ അപകടം മനസ്സിലാക്കുകയാണെങ്കില്‍ തങ്ങള്‍ എല്ലാ സഹായവും ചെയ്യാന്‍ തയ്യാറാണെന്നും ഇന്ത്യ വിശദമാക്കി.
ഇന്ത്യ സാധാരണപോലെ ചരിത്രസത്യങ്ങളെ വളച്ചൊടിക്കുകയാണെന്നു പാകിസ്താന്‍ ആരോപിച്ചു. കശ്മീരില്‍ ഇന്ത്യന്‍ സേനയുടെ സാന്നിധ്യവും ലോഹ ഉണ്ടയുടെ വിവേചനരഹിതമായ ഉപയോഗവും കണ്ടു മനസ്സിലാക്കാന്‍ ഇന്ത്യന്‍ പ്രതിനിധിസംഘത്തെ താഴ്‌വരയിലേക്ക് ക്ഷണിക്കുന്നു. 1989 മുതല്‍ 98,000 പേര്‍ ജമ്മുകശ്മീരില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കശ്മീരി ജനതയുടെ താല്‍പര്യമറിയാന്‍ നിഷ്പക്ഷമായ ഹിതപരിശോധന നടത്താനുള്ള ഐക്യരാഷ്ട്രസഭയുടെ ആവശ്യം ഇന്ത്യ നിരാകരിച്ചതെന്തുകൊണ്ടാണെന്നും പാകിസ്താന്‍ ചോദിച്ചു.
എന്നാല്‍, ഇന്ത്യയിലെ സംസ്ഥാനമായ ജമ്മുകശ്മീരിന്റെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് പാകിസ്താന്‍ പക്ഷപാതപരമായ പരാമര്‍ശം നടത്തി കൗണ്‍സിലിനെ ദുരുപയോഗം ചെയ്യുകയാണെന്ന് ഇന്ത്യ ഇതിനു മറുപടി പറഞ്ഞു. 1989 മുതല്‍ പാകിസ്താന്‍ അതിര്‍ത്തിയില്‍ കൈയേറ്റം നടത്തുകയാണ്. ഭീകരതയ്ക്കു നേതൃത്വം നല്‍കരുതെന്ന് പല രാഷ്ട്രങ്ങളും പാകിസ്താനോട് ആവശ്യപ്പെട്ടതാണ്. അയല്‍ രാജ്യങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന ഭീകരപ്രവര്‍ത്തനം നടത്തുന്നവരെ പാകിസ്താന്‍ നിയന്ത്രിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക