|    Dec 18 Tue, 2018 7:19 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കശ്മീരിലെ നിയന്ത്രണരേഖയില്‍ വെടിവയ്പ് തുടരുന്നു : 14കാരിയടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു

Published : 14th May 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ നിയന്ത്രണരേഖയില്‍ പാക് വെടിവയ്പ് തുടരുന്നു. സംഭവത്തില്‍ 14കാരിയടക്കം രണ്ടുപേര്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മേഖലയില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും അടഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ നടന്ന വെടിവയ്പിനെ തുടര്‍ന്ന് പ്രദേശത്തെ സ്‌കൂളുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ സൈന്യം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. പൂഞ്ച് മേഖലയിലെ നിയന്ത്രണരേഖയിലെ സ്‌കൂളുകളും സൈന്യം അടപ്പിച്ചു. പ്രദേശവാസികള്‍ക്ക് അതിര്‍ത്തിപ്രദേശങ്ങളിലേക്കു പോവുന്നതിന് വിലക്കേര്‍പ്പെടുത്തി. വ്യാഴാഴ്ചയുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും അവരുടെ ഭര്‍ത്താവടക്കം രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്നലെ രജൗരിയിലെ നൗഷേറ സെക്റ്ററില്‍ ഓട്ടോമാറ്റിക് ആയുധങ്ങളും മോര്‍ട്ടാറുകളും ഉപയോഗിച്ചായിരുന്നു പാക് ആക്രമണം. നിയന്ത്രണരേഖയിലെ ആറോളം ചെറുഗ്രാമങ്ങള്‍ക്ക് ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. നിരവധി വീടുകളും സ്‌കൂളുകളും ആക്രമണത്തില്‍ തകര്‍ന്നതായി രജൗരി ഡെപ്യൂട്ടി കമ്മീഷണര്‍ ഷാഹിദ് ഇഖ്ബാല്‍ ചൗധരി അറിയിച്ചു. അതേസമയം, ഇന്നലെ കശ്മീരിലെ പുല്‍വാമയില്‍ പട്രോളിങ് നടത്തുകയായിരുന്ന സൈനിക വാഹനത്തിനു നേരെ ആയുധധാരികള്‍ വെടിയുതിര്‍ത്തു. പ്രദേശത്ത് സൈന്യവും അക്രമികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപോര്‍ട്ടുകള്‍. കശ്മീരിലെ സമീപകാല സംഘര്‍ഷം പരിഹരിക്കുന്നതില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് കശ്മീര്‍ വിഷയത്തില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ഉപദേശകനും റോ മുന്‍ മേധാവിയുമായ അമര്‍ജിത് സിങ് ദുലത് ആരോപിച്ചു. ഡല്‍ഹിയിലെ നേതാക്കള്‍ കരുതുന്നത് ചര്‍ച്ചകള്‍ ആവശ്യമില്ലെന്നാണ്. കശ്മീരികളെ ഏറെ ലാളിച്ച് വഷളാക്കിയെന്നാണ് അവര്‍ കരുതുന്നത്. ബിജെപിയിലെ ഹിന്ദു ദേശീയവാദികളെ തൃപ്തിപ്പെടുത്താനാണ് ഇത്. അന്യവല്‍ക്കരണം കാരണം കശ്മീരി യുവാക്കളുടെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണ്. നിരാശാബോധമാണ് അവരുടെ മനസ്സില്‍. അവര്‍ക്ക് മരിക്കാന്‍ ഭയമില്ല. ഗ്രാമീണരും വിദ്യാര്‍ഥികളും പെണ്‍കുട്ടികള്‍ വരെ തെരുവിലിറങ്ങുകയാണ്. ഇത്തരമൊരു സാഹചര്യം മുമ്പൊരിക്കലുമുണ്ടായിട്ടില്ലെന്നും ഇത് മോദി സര്‍ക്കാരിന്റെ പരാജയമാണെന്നും മുന്‍ റോ മേധാവി വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss