|    Sep 25 Tue, 2018 11:02 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീരിലെ തിരോധാനങ്ങള്‍ അന്താരാഷ്ട്ര കോടതി അന്വേഷിക്കണമെന്ന്

Published : 6th June 2017 | Posted By: fsq

 

ശ്രീനഗര്‍: കശ്മീരിലെ തിരോധാനങ്ങള്‍ സംബന്ധിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അന്വേഷണം ആവശ്യപ്പെട്ട്് കശ്മീരില്‍ കാണാതായവരുടെ മാതാപിതാക്കളുടെ സംഘടന (എപിഡിപി). ബലപ്രയോഗത്തിലൂടെയുള്ള തിരോധാനത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനായുള്ള അന്താരാഷ്ട്ര ഉടമ്പടിയില്‍ ഇന്ത്യ പങ്കാളിയാവണമെന്നും സംഘടന കേന്ദ്ര സര്‍ക്കോരിനോട് ആവശ്യപ്പെട്ടു. തിരോധാനം ചെയ്തവര്‍ക്കായുള്ള അന്താരാഷ്ട്ര വാരാചരണ വേളയിലാണ് സംഘടന ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.1989ന് ശേഷം കശ്മീരില്‍ നിന്ന് ഇതുവരെ 8000ഓളം ആളുകളെ കാണാതായിട്ടുണ്ട്. തിരോധാനങ്ങള്‍ സംബന്ധിച്ച് ഹൈക്കോടതിയിലും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലുമടക്കം നിരവധി കേസുകള്‍ ഇക്കാലയളവില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കാണാതായ സിവിലിയന്‍മാര്‍ക്ക് നീതി ഉറപ്പാക്കുന്നതില്‍ ഭരണ സ്ഥാപനങ്ങള്‍ പരാജയപ്പെട്ടതായി എപിഡിപി അഭിപ്രായപ്പെട്ടു.അവകാശങ്ങള്‍ റദ്ദാക്കിയും വൈകിപ്പിച്ചും തെറ്റായ പ്രചാരണങ്ങള്‍ നടത്തിയും നീതിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍പോലും സര്‍ക്കാര്‍ തടയുന്നതായും അവര്‍ പ്രതികരിച്ചു. കാണാതായവര്‍ പാകിസ്താനിലേക്ക്് പരിശീലനത്തിനായി പോയെന്നോ, സായുധ സംഘടനകളുടെ ഭാഗമായെന്നോ ആരോപിക്കുകയാണ് സര്‍ക്കാരിന്റെ നിലപാട്. വ്യക്തമായ അന്വേഷണങ്ങളില്ലാതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ തിരോധാനങ്ങള്‍ സംബന്ധിച്ച സത്യം മൂടിവയ്ക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.കശ്മീരില്‍ നിന്നു തിരോധാനങ്ങള്‍ നടക്കുന്നതായി മുന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ നേരത്തേ സമ്മതിച്ചിരുന്നതായും എപിഡിപി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.കശ്മീരില്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ (യുഎന്‍എച്ച്ആര്‍സി) ഇടപെടലിന് അനുവദിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ സമ്മര്‍ദം പ്രയോഗിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. കശ്മീരില്‍ കൂട്ടക്കുഴിമാടങ്ങളുള്ളതായി കണ്ടെത്തിയ സംഭവങ്ങള്‍ക്ക് നിര്‍ബന്ധിത തിരോധാനവുമായി ബന്ധമുള്ളതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അഞ്ച് ജില്ലകളിലായി ഇത്തരത്തില്‍ 7000ലധികം കൂട്ടക്കുഴിമാടങ്ങളുള്ളതായാണ് കണ്ടെത്തിയത്. കുഴിമാടങ്ങളില്‍ നിന്ന് കണ്ടെത്തിയ തിരിച്ചറിയാത്ത മൃതദേഹങ്ങളില്‍ വെടിയുണ്ടയേറ്റതിന്റെയും മര്‍ദനങ്ങളുടെയും പാടുകളുണ്ടായിരുന്നു. 2011ല്‍ ഈവിഷയത്തിലെ പോലിസ് അന്വേഷണത്തെതുടര്‍ന്ന് വടക്കന്‍ കശ്മീരിലെ മൂന്ന് ജില്ലകളില്‍ കൂട്ടക്കുഴിമാടങ്ങളുള്ളതായി മനുഷ്യാവകാശ കമ്മീഷന്‍ സ്ഥിരീകരിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss