|    May 22 Mon, 2017 9:16 pm
FLASH NEWS

കശ്മീരിലെ ചെറുപ്പക്കാര്‍ ഭീകരരാണെന്ന നിലപാട് ശരിയല്ല: എകെ ആന്റണി

Published : 24th August 2016 | Posted By: SMR

തിരുവനന്തപുരം: കശ്മീരിലെ ചെറുപ്പക്കാര്‍ ഭീകരരാണെന്ന നിലപാട് എരിതീയില്‍ എണ്ണയൊഴിക്കുന്നതിനു തുല്യമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും മുന്‍ കേന്ദ്ര പ്രതിരോധമന്ത്രിയുമായ എ കെ ആന്റണി. സൗമ്യതയുടെയും മര്യാദയുടെയും മിതത്വത്തിന്റെയും ഭാഷയില്‍ അവരോട് ഇടപെടണം. ദുഷ്‌കരമായ ശ്രമമാണെങ്കിലും പിന്തിരിയരുത്. ഇനിയും വൈകിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോവും. നമ്മളെ വിശ്വാസമില്ലാത്തവരാണു കശ്മീരികള്‍. അവരുടെ വിശ്വാസം നേടിയെടുക്കാനാണു ശ്രമിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച പുസ്തകപ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കശ്മീര്‍ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരമാണ് അനിവാര്യം. പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ പിന്നീട് രാജ്യം ദുഃഖിക്കേണ്ടിവരും. സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വകക്ഷി പ്രതിനിധിസംഘത്തെ കേന്ദ്രം കശ്മീരിലേക്ക് അയക്കണം. പ്രതിനിധിസംഘമെത്തുമ്പോള്‍ ചിലപ്പോള്‍ അവര്‍ ശകാരം മുഴക്കിയേക്കാം. ഓരോ സമരമുഖങ്ങളിലുമുണ്ടാവുന്ന ആദ്യത്തെ പ്രതികരണം അത്തരത്തിലുള്ളതാവും. അത് കാര്യമാക്കേണ്ടതില്ല. ആവശ്യമില്ലാത്ത വീരസ്യം പറഞ്ഞ് പ്രകോപനമുണ്ടാക്കാനല്ല നമ്മള്‍ ശ്രമിക്കേണ്ടത്. പട്ടാളത്തിനെയോ പോലിസിനെയോ കൊണ്ട് ജനങ്ങളുടെ ഹൃദയം കീഴടക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കശ്മീരിന്റെ കാര്യത്തില്‍ പാകിസ്താന്‍ സര്‍ക്കാരും അവരുടെ പട്ടാളവും ഇപ്പോഴും പ്രതികാരമനോഭാവത്തിലാണ്. അതിര്‍ത്തിയില്‍ പാകിസ്താന്‍ അവരുടെ സമര്‍ഥരായ പട്ടാളസേനയെയാണ് വിന്യസിച്ചിരിക്കുന്നത്. എന്നിട്ടും അതുവഴി നിരന്തരം ഭീകരര്‍ ഇന്ത്യയിലേക്കു പ്രവേശിക്കുന്നു. പാക് പട്ടാളത്തിന്റെ അറിവോടെയും ചിലപ്പോഴൊക്കെ അവരുടെ സഹായത്തോടെയുമാണത്.കശ്മീരിലെ ഭൂപ്രദേശം മാത്രമല്ല, അവിടുത്തെ ജനങ്ങളും നമുക്ക് സ്വന്തമാണെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day