|    Jan 22 Mon, 2018 12:06 pm
Home   >  Todays Paper  >  Page 1  >  

കശ്മീരിലെ ഉറി സൈനിക കേന്ദ്രത്തില്‍ ആക്രമണം; 17 സൈനികര്‍ കൊല്ലപ്പെട്ടു

Published : 19th September 2016 | Posted By: mi.ptk

സിദ്ദീഖ് കാപ്പന്‍
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ 30ലധികം സൈനികരില്‍ പലരുടെയും നില ഗുരുതരമാണ്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഉറി മേഖലയിലെ കരസേനയുടെ 12 ആം ബ്രിഗേഡിന്റെ ആസ്ഥാനത്ത് പ്രവേശിച്ച നാല് അക്രമികളെ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ സൈന്യം വധിച്ചു. സൈനിക ഉപകരണങ്ങളും മറ്റും സൂക്ഷിച്ചിട്ടുള്ള താവളത്തില്‍ ഏകദേശം 5.30 ഓടെയായിരുന്നു ആക്രമണം. കൂടുതല്‍ അക്രമികള്‍ എത്തിയിട്ടുണ്ടാവുമെന്ന നിഗമനത്തില്‍ സൈന്യം തിരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് ഉഗ്രശബ്ദത്തോടെ സ്‌ഫോടനങ്ങള്‍ നടന്നതായും മറ്റു സൈനികകേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായതായും വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. ശരീരത്തില്‍ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ചെത്തിയ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൈനികവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബാരാമുല്ലയില്‍നിന്നുള്ള കമാന്‍ഡോകളെ ഉറിയില്‍ വിന്യസിച്ചിട്ടുണ്ട്. പരിക്കേറ്റ സൈനികരെ നേരം പുലര്‍ന്നയുടനെ വ്യോമമാര്‍ഗം ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ ജനുവരിയില്‍ പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായതിനേക്കാള്‍ ശക്തമായ ആക്രമണമാണ് ഇന്നലത്തേത്. കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും കരസേനാ മേധാവി ദല്‍ബീര്‍ സിങും കശ്മീര്‍ സന്ദര്‍ശിച്ചു. ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് റഷ്യ, അമേരിക്ക സന്ദര്‍ശനം മാറ്റിവച്ച് ഉന്നതതല യോഗം വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഉറിയിലെ ആക്രമണം ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഉറിയില്‍ ആക്രമണം നടത്തിയത് പാകിസ്താനില്‍നിന്നുള്ളവരാണെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. കൊല്ലപ്പെട്ട അക്രമികളില്‍നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ പാകിസ്താനില്‍ നിര്‍മിച്ചവയാണെന്ന് ഡിജിഎംഒ ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാകിസ്താന്‍ ഡിജിഎംഒയുമായി താന്‍ സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.നാല് എകെ-47 തോക്കുകള്‍, നാല് റോക്കറ്റ് ലോഞ്ചറുകള്‍, യുദ്ധത്തിന് സംഭരിച്ചതുപോലുള്ള നിരവധി ആയുധങ്ങള്‍ എന്നിവ അക്രമികളില്‍നിന്ന് പിടിച്ചെടുത്തു. ജയ്‌ശെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ സൈനിക ടെന്റിനു തീപിടിച്ചാണ് 14 സൈനികര്‍ മരിച്ചത്. ആക്രമണങ്ങള്‍ക്കു മുന്നില്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ല. ശക്തമായ തിരിച്ചടി നല്‍കും. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും തക്കതായ മറുപടി നല്‍കാന്‍ സൈന്യത്തിനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങളില്‍ അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day