|    Apr 25 Tue, 2017 8:11 am
FLASH NEWS

കശ്മീരിന്റെ സ്വാതന്ത്ര്യത്തിന് പിന്തുണ തുടരും: പാക് ഹൈക്കമ്മീഷണര്‍

Published : 15th August 2016 | Posted By: SMR

ന്യൂഡല്‍ഹി: പാകിസ്താന്റെ സ്വാതന്ത്ര്യദിനം കശ്മീരിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സമര്‍പ്പിക്കുകയാണെന്നും സംസ്ഥാനത്തിന് ധാര്‍മികവും രാഷ്ട്രീയവും നയതന്ത്രപരവുമായ പിന്തുണ നല്‍കുന്നത് തുടരുമെന്നും ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത്. പാക് എംബസിയില്‍ നടന്ന പാക് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന പാകിസ്താന്റെ പ്രസ്താവനയെ ഇന്ത്യ വിമര്‍ശിച്ചിരുന്നു. പാക് പിന്തുണയോടെ നടക്കുന്ന ആക്രമണങ്ങള്‍ ആദ്യം അവസാനിപ്പിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖയിലുടനീളം പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച ദിവസം തന്നെയാണ് ബാസിത്തിന്റെ പ്രസ്താവന. ജമ്മു കശ്മീരില്‍ നടക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കണം. കശ്മീര്‍ ജനതയ്ക്ക് സ്വയം നിര്‍ണയാവകാശം ലഭിക്കുന്നത് വരെ പാകിസ്താന്റെ പിന്തുണ തുടരും- അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിലെ ജനങ്ങളുടെ രാഷ്ട്രീയാഭിലാഷം അടിച്ചമര്‍ത്തരുതെന്നും അവരുടെ സ്വാതന്ത്ര്യത്തിനുള്ള പോരാട്ടം വിജയിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. ഇന്ത്യയുമായി നല്ല ബന്ധം നിലനിര്‍ത്താനും ഇരു രാജ്യങ്ങളിലേയും പ്രശ്‌നങ്ങള്‍ പരമാധികാര സമത്വത്തോടെയും സമാധാനപരമായും പരിഹരിക്കുന്നതിന് പാകിസ്താന്‍ ശ്രമിക്കും.
നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും ഒരു ശക്തിക്കും പാകിസ്താനെ തകര്‍ക്കാനാവില്ല- അദ്ദേഹം പറഞ്ഞു. അതിനിടെ, പാകിസ്താന്റെ 70ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി നവാസ് ശരീഫും പാകിസ്താന്റെ സ്വാതന്ത്ര്യദിനം ഇന്ത്യന്‍ അധിനിവേശ കശ്മീരിന് സമര്‍പ്പിക്കുന്നതായി സന്ദേശത്തില്‍ പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day