|    Feb 23 Thu, 2017 4:09 am
FLASH NEWS

കശ്മീരിന്റെ മനസ്സ് കാണുക

Published : 7th November 2016 | Posted By: SMR

എ പി കുഞ്ഞാമു

കശ്മീരിനെക്കുറിച്ചു പറയുമ്പോള്‍ എന്റെ ഓര്‍മയില്‍ വരുന്നത് ബാങ്കില്‍ നിന്നു വായ്പയെടുത്ത് ബസ് സര്‍വീസ് നടത്തിയ ഒരു ചെറുപ്പക്കാരനാണ്. കഠിനാധ്വാനം ചെയ്തു ബസ്സോടിച്ച് മിച്ചം വരുന്ന കാശ് ബാങ്കിലടച്ച് ജീവിതം കരുപ്പിടിപ്പിച്ചെടുക്കുകയായിരുന്നു കക്ഷി. അതിനിടയിലെപ്പോഴോ ആണ് ജോലിക്കാരിലൊരാള്‍ വിദേശത്തുനിന്നു വന്ന ഒരു ചങ്ങാതി തനിക്കു തന്ന ഒരു ലോക ഭൂപടം, അതിന്റെ വര്‍ണശബളിമ കൊണ്ടാവണം, ബസ്സില്‍ ഒട്ടിച്ചുവച്ചത്. കശ്മീരിനെ തര്‍ക്കപ്രദേശമായി കാണിക്കുന്ന ഭൂപടമായിരുന്നു അത്. ആരോ വിവരമറിയിച്ചതുമൂലം, കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം പരസ്യപ്പെടുത്തിയ ബസ് ജീവനക്കാരെയും ഉടമയെയും പോലിസ് അറസ്റ്റ് ചെയ്തു, ബസ് സ്‌റ്റേഷനില്‍ പിടിച്ചിട്ടു.
പത്രങ്ങളില്‍ ‘രാജ്യദ്രോഹി’യായ ബസ്സുടമയെപ്പറ്റി വാര്‍ത്ത വന്നു. രാജ്യദ്രോഹികള്‍ക്കെതിരേ പ്രകടനങ്ങള്‍ നടന്നു. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ബസ്സുടമയും ജീവനക്കാരും നിയമയുദ്ധം നടത്തി ജയില്‍മോചിതരായതും വര്‍ഷങ്ങള്‍ക്കുശേഷം കേസില്‍നിന്ന് തടിയൂരിയതും. അതിനിടയില്‍ ബസ് തുരുമ്പെടുത്തു. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ മുതലും പലിശയും പലിശയ്ക്കു മേല്‍ പലിശയുമൊക്കെയായി ആ ചെറുപ്പക്കാരന്‍ നക്ഷത്രമെണ്ണിയ കഥ എനിക്കു നേരിട്ടറിയാം. കിടപ്പാടം വിറ്റാണ് അയാള്‍ കടം വീട്ടിയത്.
നാട്ടില്‍ വരുമ്പോള്‍ കൗതുകത്തിനുവേണ്ടി കൊണ്ടുവന്ന ഗ്ലോബ് കടയില്‍ സൂക്ഷിച്ച ചെറുപ്പക്കാരന് ഉണ്ടായതും സമാനമായ അനുഭവമായിരുന്നു. ചില തീവ്ര ദേശാഭിമാനികള്‍ കട അടിച്ചുപൊളിച്ചു. കേസും കൂട്ടവുമായി. അത്യാവശ്യത്തിനു കാശും അല്‍പസ്വല്‍പം രാഷ്ട്രീയസ്വാധീനവും ഉണ്ടായിരുന്നതിനാല്‍ അയാള്‍ക്ക് ഏതാനും ദിവസങ്ങള്‍ മാത്രമേ ജയിലില്‍ കിടക്കേണ്ടിവന്നുള്ളൂ എന്നുമാത്രം. ഇതെല്ലാം കശ്മീരില്‍ നിന്ന് ദിവസങ്ങളുടെ വഴിദൂരമുള്ള, നമ്മുടെ നാട്ടില്‍ പോലും കശ്മീര്‍ പ്രശ്‌നം എങ്ങനെ ജനജീവിതത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തിനില്‍ക്കുന്നു എന്നതിന് തെളിവാണ്. ഈ ആളുകളൊന്നുംതന്നെ ജമ്മു-കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന കാര്യത്തില്‍ എതിരഭിപ്രായമുള്ളവരല്ല. തങ്ങളുടെ ജീവിതബദ്ധപ്പാടുകള്‍ക്കിടയില്‍ അവര്‍ കശ്മീരിനെക്കുറിച്ചോ വിഘടനവാദത്തെക്കുറിച്ചോ 370ാം വകുപ്പിനെക്കുറിച്ചോ ഓര്‍ക്കുന്നുപോലുമുണ്ടാവില്ല. എങ്കിലും ചെറിയ ചില അശ്രദ്ധകള്‍ അവരുടെ ജീവിതത്തില്‍ വലിയ ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നു.
കശ്മീരിലെ ജനതയെ സംബന്ധിച്ചിടത്തോളം ഇത്തരം ദുരന്തങ്ങള്‍ സര്‍വസാധാരണമായിരിക്കുന്നു. അതില്‍ ഏറ്റവും വലിയ ദുരന്തത്തിലൂടെയാണ് അടുത്തകാലത്ത് താഴ്‌വര കടന്നുപോയത്. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി എന്ന 22കാരന്‍ സുരക്ഷാ സൈനികരുടെ വെടിയേറ്റുമരിച്ചതിനെ തുടര്‍ന്നുണ്ടായ കലാപങ്ങളുടെ തീപ്പൊരികള്‍ താഴ്‌വരയില്‍ ഇനിയും അണഞ്ഞിട്ടില്ല. സംസ്ഥാന മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ നിയമസഭയിലേക്കയച്ച തിരഞ്ഞെടുപ്പില്‍ മൊത്തം ചെയ്ത വോട്ടുകള്‍ 18,000ഓളം. അതിന്റെ എത്രയോ ഇരട്ടി ആളുകളാണുപോലും വാനിയുടെ ശവഘോഷയാത്രയില്‍ പങ്കെടുത്തത്. 1990ല്‍ കൊല്ലപ്പെട്ട കശ്മീരിലെ പ്രക്ഷോഭകാരികളുടെ നേതാവായ മൗലവി മീര്‍വായിസിന്റെ അന്ത്യയാത്രയില്‍ പങ്കെടുത്തത് രണ്ടുലക്ഷം പേരായിരുന്നു. അതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ നൂറുപേര്‍ വധിക്കപ്പെട്ടു. വെടിപ്പുകയും ശവഗന്ധവും കശ്മീരിന് നിത്യപരിചയമാണ്. കശ്മീരിന്റെ പ്രകൃതിഭംഗിക്കു മേല്‍ രാഷ്ട്രതന്ത്രം നിലവിളിയൊച്ചകള്‍ കൂട്ടിച്ചേര്‍ത്തുവച്ചിരിക്കുന്നു; മനോഹാരിതയ്‌ക്കൊപ്പം വിലാപധ്വനികളും.
കശ്മീര്‍ വിഷയം രാജ്യത്തിന്റെ അഖണ്ഡതയുമായി മാത്രം ബന്ധപ്പെട്ട പ്രശ്‌നമായാണ് നമ്മുടെ പൊതുബോധം കണക്കിലെടുക്കുന്നത്. ലോകത്തുടനീളം വംശ-ദേശീയതകള്‍ സ്വയംനിര്‍ണയാവകാശത്തിനുവേണ്ടി നടത്തുന്ന പോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍ കശ്മീരിലെ പ്രക്ഷോഭങ്ങളെ ആരും വിശകലനം ചെയ്യാറില്ല. സ്‌പെയിനിലെ ബാസ്‌ക് പ്രവിശ്യയിലും കാറ്റലൂനിയയിലും കനഡയിലെ ക്യൂബെക്കിലും ബ്രിട്ടിഷ് ഭരണത്തിനു കീഴിലുള്ള അയര്‍ലന്‍ഡിലും മറ്റു പലയിടങ്ങളിലും വംശീയമായ സ്വയംനിര്‍ണയാവകാശ സമരങ്ങള്‍ നടക്കുന്നു. കശ്മീരിലെ പ്രക്ഷോഭങ്ങള്‍ക്കും ഇത്തരത്തിലുള്ള ചില അടിസ്ഥാന ശ്രുതികളുണ്ട് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സൂക്ഷ്മാപഗ്രഥനത്തില്‍ സ്വയംനിര്‍ണയാവകാശം എന്ന ആവശ്യത്തിലധിഷ്ഠിതമാണ് അവരുടെ സമരങ്ങള്‍; പ്രത്യക്ഷ കാരണങ്ങള്‍ വേറെയുണ്ടാവാമെങ്കിലും.
ഇത് കശ്മീരിന്റെ മാത്രം പ്രശ്‌നമല്ല. ഇന്ത്യ എന്ന ദേശരാഷ്ട്ര നിര്‍മിതിയില്‍ ഏതു പ്രകാരത്തിലായിരുന്നു അതിര്‍ത്തിസംസ്ഥാനങ്ങള്‍ വഹിച്ച പങ്ക് എന്ന മൗലികപ്രശ്‌നവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണിത്. കശ്മീരിനോടൊപ്പം മണിപ്പൂര്‍, നാഗാലാന്റ്, അസം, അരുണാചല്‍ പ്രദേശ്, സ്വാതന്ത്ര്യലബ്ധിക്കാലത്ത് സ്വതന്ത്ര രാജ്യവും പിന്നീട് ഇന്ത്യയുടെ സംസ്ഥാനവുമായി മാറിയ സിക്കിം തുടങ്ങിയ പ്രദേശങ്ങളെല്ലാം ഇത്തരം ചില പ്രതിസന്ധികളിലൂടെ കടന്നുപോവുന്നുണ്ട്. ഇന്ത്യന്‍ ദേശീയതയുമായി എത്രത്തോളം ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ പൊരുത്തപ്പെട്ടുപോവുന്നു എന്ന ചിന്തയിലേക്കാണ് ഈ പ്രതിസന്ധികള്‍ നമ്മെ നയിക്കുന്നത്. സ്വതന്ത്ര നാഗാലാന്റ് എന്ന ആശയം ഇപ്പോഴും അവിടെ ചില തീവ്രവാദ ഗ്രൂപ്പുകള്‍ നിലനിര്‍ത്തുന്നു. മണിപ്പൂരില്‍ ഹിതപരിശോധന വേണമെന്ന ആവശ്യം അംഗീകരിച്ചാല്‍ തങ്ങള്‍ ആയുധം വച്ചു കീഴടങ്ങാം എന്ന് ആവര്‍ത്തിച്ചുപറയുന്ന സംഘടനയാണ് അവിടത്തെ യുഎന്‍എല്‍എഫ്. സൈന്യത്തിന്റെ പ്രത്യേകാധികാര നിയമത്തിനെതിരില്‍ പോരാടുന്ന ഇറോം ശര്‍മിളയുടെ സമരങ്ങളുടെ അടിയിലും ഇത്തരം ദേശീയതാ വികാരങ്ങളുണ്ട്.
വടക്കുകിഴക്കന്‍ അതിര്‍ത്തിപ്രവിശ്യകളിലെല്ലാം രാജ്യത്തിന്റെ പൊതു ദേശീയതയും അതത് ദേശീയതകളും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ സാന്നിധ്യം പ്രകടമാണ് എന്നര്‍ഥം. അതുകൊണ്ടാണ് സിക്കിം എന്ന തന്റെ രാജ്യത്തിനുവേണ്ടി ജീവിതത്തിലെപ്പോഴെങ്കിലും ഫുട്‌ബോള്‍ കളിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന മോഹത്തെപ്പറ്റി ബെയ്ചുങ് ബൂട്ടിയക്ക് പറയേണ്ടിവരുന്നത്. കശ്മീര്‍ പ്രശ്‌നത്തെ മാത്രം ഈ അവസ്ഥയില്‍നിന്നു വേറിട്ടുനിര്‍ത്തുന്നതിലെന്തു ന്യായം?
കശ്മീരിലെ വിഘടനവാദ പ്രവണതകള്‍ വിലയിരുത്തുമ്പോള്‍ അവിടെ ജീവിക്കുന്ന ആളുകള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന കശ്മീരിയത്ത് എന്ന സ്വത്വബോധത്തെ വിസ്മരിക്കുന്നത് ശരിയായിരിക്കില്ല. നിര്‍ഭാഗ്യവശാല്‍ പ്രശ്‌നത്തെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തര്‍ക്കമായി ചുരുക്കിക്കളയുകയാണ് നാം ചെയ്യാറുള്ളത്. സ്വാഭാവികമായും ഇങ്ങനെയൊരു ലഘൂകരണം ഇന്ത്യാ വിഭജനത്തിലേക്കും ഹിന്ദു-മുസ്‌ലിം സംഘര്‍ഷങ്ങളിലേക്കും പ്രശ്‌നത്തെ കൊണ്ടുപോവുന്നു. കശ്മീരില്‍ നിന്ന് ഹിന്ദുമതവിശ്വാസികളായ പണ്ഡിറ്റുമാര്‍ കൂട്ടത്തോടെ കുടിയൊഴിഞ്ഞുപോരുകയും ഇന്ത്യയില്‍ പലയിടങ്ങളിലും താമസമുറപ്പിക്കേണ്ടിവരുകയും ചെയ്യേണ്ടിവന്നതിനെപ്പറ്റി പ്രശ്‌നത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഉയര്‍ന്നുകേള്‍ക്കാറുണ്ട്. അതേസമയം മുസ്‌ലിം മതഭീകരതയില്‍നിന്നു കശ്മീരിനെ മോചിപ്പിക്കുക എന്ന ഉത്തരവാദിത്തം ഇന്ത്യയിലെ പൊതുബോധം ഏറ്റെടുത്തതുമൂലമാവാം, കശ്മീരിന്റെ അസ്തിത്വ പ്രതിസന്ധികളിലേക്കും അവയ്ക്കു ഹേതുവായി ഭവിച്ച ചരിത്രസംഭവങ്ങളിലേക്കും നാം കടന്നുചെല്ലാറില്ല.
1944ല്‍ കശ്മീരി പണ്ഡിറ്റുകളെ സംഘടിപ്പിച്ച് അവിടെ ഒരു ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ ഹിന്ദുമഹാസഭാ നേതാവായിരുന്ന വി ഡി സവര്‍ക്കര്‍ ശ്രമിച്ചപ്പോള്‍ അതിനെ എതിര്‍ത്തുതോല്‍പിച്ചവരാണ് അവിടത്തെ ഹിന്ദു ജനസമൂഹം. ഹിന്ദുരാഷ്ട്രമെന്നത് കശ്മീരി സംസ്‌കാരത്തെ സംബന്ധിച്ചിടത്തോളം അന്യമാണെന്ന് തുറന്നടിച്ചു അന്നത്തെ യുവക്‌സഭാ പ്രസിഡന്റ് പണ്ഡിറ്റ് എസ് എന്‍ ഫോത്തേദാര്‍ എന്ന്, ഇപ്പോള്‍ ബിജെപിയുടെ കേന്ദ്രമന്ത്രിയായ എം ജെ അക്ബര്‍ ‘കശ്മീര്‍: ബിഹൈന്‍ഡ് ദ വെയില്‍’ എന്ന കൃതിയില്‍ പ്രതിപാദിക്കുന്നുണ്ട്. ഹിന്ദു-മുസ്‌ലിം പരസ്പര സമന്വയത്തിലേക്ക് ആഴത്തില്‍ വേരുകളൂന്നിയ ആത്മീയധാരകളാണ് കശ്മീരിന്റെ മതം. അവരെ സംബന്ധിച്ചിടത്തോളം രണ്ടു മതങ്ങളും വിരുദ്ധധ്രുവങ്ങളിലല്ല നില്‍ക്കുന്നത്. മറിച്ച്, സംയോജനത്തിന്റെ മണ്ഡലത്തിലാണ്.
കശ്മീരിന്റെ ചരിത്രത്തിലൂടെ കടന്നുപോവുമ്പോള്‍ അവിടെ നിലനിന്നുപോന്ന അടിമ-ഉടമ ബന്ധങ്ങളും ഭൂപ്രഭുത്വത്തിനെതിരായി ശെയ്ഖ് അബ്ദുല്ലയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസികമായ പോരാട്ടങ്ങളും നാം കണക്കിലെടുക്കണം. ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായുള്ള അമൃത്‌സര്‍ ഉടമ്പടിപ്രകാരം ജമ്മുവിലെ മഹാരാജാ ഗുലാബ് സിങ് 75 ലക്ഷം രൂപ നല്‍കി കശ്മീര്‍ താഴ്‌വര വിലയ്ക്കു വാങ്ങി. ജമ്മുകശ്മീര്‍ പ്രവിശ്യയില്‍ അതുവഴി ദോഗ്രാ ഭരണം സ്ഥാപിക്കപ്പെട്ടു. കശ്മീര്‍ താഴ്‌വരയിലെ നിരക്ഷരരും ദരിദ്രരുമായ കര്‍ഷകര്‍ ഈ രാജവാഴ്ചയ്ക്കു കീഴില്‍ വിവരണാതീതമായ കഷ്ടപ്പാടുകളാണ് സഹിച്ചത്. ഭൂപ്രഭുക്കള്‍ അവരെ നിരന്തരം പീഡിപ്പിച്ചു. എത്രത്തോളമെന്നോ- പ്രമാണിമാര്‍ മലവിസര്‍ജനം നടത്തി കുനിഞ്ഞുനില്‍ക്കും. പാവപ്പെട്ട കര്‍ഷകര്‍ വേണം അവര്‍ക്ക് ചന്തി കഴുകിക്കൊടുക്കാന്‍! പീഡനങ്ങള്‍ക്കൊപ്പം കനത്ത നികുതി, തൊഴിലില്ലായ്മ, ദാരിദ്ര്യം, അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തിക്കൊണ്ടുള്ള വിവേചനം തുടങ്ങിയവയും.
(അവസാനിക്കുന്നില്ല.)

( പാഠഭേദം 2016 ആഗസ്ത്-സപ്തംബര്‍)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക