|    Sep 22 Fri, 2017 4:37 am
Home   >  Editpage  >  Lead Article  >  

കശ്മീരികള്‍ ക്ഷുഭിതരാവുന്നതെന്തിന്?

Published : 25th August 2016 | Posted By: SMR

അത്ഹര്‍ അഹ്മദ്

ജനങ്ങളുടെ കോപവും പ്രതിഷേധവും വെറുപ്പും മൂലം കശ്മീര്‍ താഴ്‌വര തിളച്ചുമറിയുകയാണ്. ജൂലൈ 8നാണ് കശ്മീര്‍ വീണ്ടും സംഘര്‍ഷഭൂമിയായി മാറിയത്. എന്തുകൊണ്ടാണ് കശ്മീരില്‍ പെട്ടെന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്? കശ്മീരിന്റെ കാര്യത്തില്‍ താല്‍പര്യമുള്ള ഏതൊരാളും ചോദിക്കുന്നതാണിത്. എന്നാല്‍, കശ്മീരിന്റെ ചലനങ്ങള്‍ അറിയുന്ന ഒരാള്‍ക്ക് 22കാരനായ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകം സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ കാരണമായതില്‍ അദ്ഭുതമുണ്ടാവില്ല.
ബുര്‍ഹാന്റെ കൊലപാതകം കശ്മീരികള്‍ അടക്കിനിര്‍ത്തിയിരുന്ന രോഷാഗ്നി ആളിക്കത്തിക്കാന്‍ കാരണമായെന്നത് വാസ്തവമാണ്. കശ്മീരികളോടുള്ള ഡല്‍ഹിയുടെ അവഗണന അവരെ നിരാശരാക്കിയിരുന്നു. 1990ല്‍ അവര്‍ക്കു നല്‍കിയ നിറവേറ്റപ്പെടാത്ത വാഗ്ദാനങ്ങളാണ് ഈ നിരാശയ്ക്ക് അടിസ്ഥാനം. 1990ല്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ക്കെതിരേ സായുധ സംഘടനകളുടെ പ്രക്ഷോഭം മൂര്‍ധന്യത്തിലെത്തിയ അവസരത്തിലായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെയും ദേശീയ നേതാക്കളുടെയും അഭ്യര്‍ഥന മാനിച്ച് പ്രക്ഷോഭത്തില്‍ നിന്നു പിന്‍വാങ്ങാന്‍ സംഘടനകള്‍ തീരുമാനിച്ചത്.
സംഘര്‍ഷത്തിന്റെ പാത വെടിഞ്ഞ് സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഒരവസരം നല്‍കണമെന്നായിരുന്നു നേതാക്കള്‍ സംഘടനകളോട് അഭ്യര്‍ഥിച്ചിരുന്നത്. കശ്മീരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും നേതാക്കള്‍ ഉറപ്പു നല്‍കി. സംഘടനാ നേതാക്കളും കേന്ദ്ര സര്‍ക്കാരുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തി. 1996 മാര്‍ച്ചില്‍ സംഘടനകളുടെ പ്രതാപകാലത്തു പോലും അന്നത്തെ ആഭ്യന്തരമന്ത്രി എസ് ബി ചവാനുമായി സംഘടനയുടെ ഉന്നതരായ നാലു നേതാക്കള്‍ സംഭാഷണം നടത്തിയിരുന്നു.
2000ലാണ് ഏറ്റവും വലിയ പ്രാദേശിക സായുധ സംഘടനയായ ഹിസ്ബുല്‍ മുജാഹിദീന്‍ സര്‍ക്കാരുമായി വെടിനിര്‍ത്തലിനുള്ള കരാറിലെത്തിയത്. കഴിഞ്ഞ രണ്ടാഴ്ച മുമ്പുവരെ അത് അവര്‍ പാലിക്കുകയും ചെയ്തിരുന്നു. 2014ല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ഉപപ്രധാനമന്ത്രിയായിരുന്ന എല്‍ കെ അഡ്വാനിയുമായി ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് നേതാക്കളും ചര്‍ച്ച നടത്തിയിരുന്നു. പിന്നീട് യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെയും ഹുര്‍രിയത്ത് നേതാക്കള്‍ കണ്ടിരുന്നു.
ഇതിനെല്ലാറ്റിനും പുറമേ നിരവധി യുവാക്കളടക്കം നൂറുകണക്കിന് സാധാരണ ജനങ്ങള്‍ കൊല്ലപ്പെടാനിടയായ 2010ലെ അനിഷ്ടസംഭവങ്ങള്‍ക്കു ശേഷം യുപിഎ സര്‍ക്കാര്‍ നിയമിച്ച പ്രഫ. രാധ കുമാര്‍, ദിലീപ് പദ്ഗാവോങ്കര്‍, എം എം അസാരി എന്നിവരും ജമ്മു-കശ്മീരിലെ ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാന രാഷ്ട്രീയ നേതാക്കളുമായും വിവിധ സംഘടനാ ഭാരവാഹികളുമായും വര്‍ഷങ്ങള്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്കു ശേഷം അവര്‍ കേന്ദ്ര സര്‍ക്കാരിന് ഒരു റിപോര്‍ട്ടും സമര്‍പ്പിച്ചു. എന്നാല്‍, ഈ റിപോര്‍ട്ട് ഒരിക്കലും പരിഗണിക്കപ്പെട്ടില്ല.
കശ്മീരിന്റെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ തയ്യാറായില്ലെന്നു മാത്രമല്ല, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കല്‍, കസ്റ്റഡിയിലെടുത്തവരെ കാണാതാവുന്നത് ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയ വിഷയങ്ങള്‍ പോലും പരിഗണിക്കാനോ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനോ അധികൃതര്‍ തയ്യാറായില്ല. നിറവേറ്റപ്പെടാത്ത വാഗ്ദാനങ്ങളാണ് കശ്മീരികളുടെ രോഷത്തിനു കാരണമെന്നാണ് എഴുത്തുകാരന്‍ പി ജി റസൂല്‍ നിരീക്ഷിക്കുന്നത്.
കശ്മീരിന്റെ എല്ലാ ഭാഗത്തും ദിവസവും സംഘര്‍ഷം നടക്കുകയാണ്. കര്‍ഫ്യൂവും നിയന്ത്രണങ്ങളും ബന്ദും നിത്യസംഭവമാണ്. ഓരോ പുതിയ കൊലപാതകവും യുവാക്കളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം ആളിക്കത്തിക്കുന്നു. നിരവധി യുവാക്കളുടെ കാഴ്ചശക്തി നഷ്ടപ്പെടാനിടയാക്കിയ പെല്ലറ്റ് പ്രയോഗമാണ് ഏറ്റവും ക്രൂരമായ നടപടി. സര്‍ക്കാര്‍ നടപടികള്‍ മൂലം ആറായിരം പേര്‍ക്ക് പരിക്കേറ്റുവെന്നാണ് മനുഷ്യാവകാശ സംഘടനയുടെ കണക്ക്.
എന്നാല്‍, ഇതൊന്നും സര്‍ക്കാര്‍ കണ്ടതായി നടിക്കുന്നില്ല. സര്‍ക്കാര്‍ വസതികളുടെ സുരക്ഷയ്ക്കു കീഴില്‍ ഒളിച്ചിരിക്കുകയാണ് മിക്ക എംഎല്‍എമാരും എംപിമാരും. ജനങ്ങളുടെ പ്രക്ഷോഭം തണുക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ വ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത്. എന്നാല്‍, കശ്മീരിന്റെ എല്ലാ മുക്കിലും മൂലയിലും ദോദ, കിഷ്ത്വാര്‍ പോലുള്ള പര്‍വതപ്രദേശങ്ങളില്‍ പോലും സംഘര്‍ഷം വ്യാപിക്കുകയാണ്. പ്രക്ഷോഭം നടത്തുന്ന ജനങ്ങള്‍ക്കു മുമ്പില്‍ ഫലപ്രദമായ ഒരു പരിഹാര നിര്‍ദേശവും സമര്‍പ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു സാധിച്ചിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും തമ്മില്‍ നടന്ന സംഭാഷണം പ്രക്ഷോഭം മൂര്‍ച്ഛിക്കാന്‍ മാത്രമേ ഉപകരിച്ചുള്ളൂ. മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ ആഗസ്ത് 17നു നടന്ന പ്രതിപക്ഷ നേതാക്കളുടെ യോഗമാണ് പ്രശ്‌നത്തില്‍ പ്രധാനമായ ഒരു രാഷ്ട്രീയ വികാസത്തിനു തുടക്കം കുറിച്ചത്. ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രിംകോടതിയിലെ മുന്‍ ജഡ്ജിയെ നിയമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
നിരവധി എംഎല്‍എമാരും മുന്‍മന്ത്രിമാരും പങ്കെടുത്ത യോഗം കശ്മീരിന്റെ സ്ഥിതിഗതികള്‍ രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്താനും തീരുമാനിച്ചു. കശ്മീരില്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷം പാകിസ്താന്റെ സൃഷ്ടിയല്ലെന്നും സംഘര്‍ഷത്തിന്റെ പ്രധാന കാരണം കണ്ടെത്തി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും പെല്ലറ്റ് തോക്കുകള്‍ പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കശ്മീര്‍ പ്രശ്‌നം രാഷ്ട്രീയമായി പരിഹരിക്കണമെന്നാണ് യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
കോണ്‍ഗ്രസ് നേതാക്കളായ മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ്, ദിഗ്‌വിജയ് സിങ്, സല്‍മാന്‍ ഖുര്‍ഷിദ്, പി ചിദംബരം, മണിശങ്കര്‍ അയ്യര്‍ എന്നിവരും കശ്മീരിന്റെ സ്ഥിതി നിയന്ത്രണാതീതമാക്കിയതിനു കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട്. പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടാതെ ഭരണകക്ഷിയായ പിഡിപി പ്രതിപക്ഷ കക്ഷികളുമായി യോജിച്ച് സംഘര്‍ഷം അവസാനിപ്പിക്കുന്നതിനു ശ്രമിക്കണമെന്നാണ് പി ചിദംബരം ആവശ്യപ്പെട്ടത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രശ്‌നപരിഹാരത്തിനുള്ള നടപടികളില്‍ നിന്നു വിട്ടുനില്‍ക്കുന്നതുകൊണ്ടാണ് സംഘര്‍ഷം ആഴ്ചകള്‍ക്കു ശേഷവും ഗുരുതരമായി തുടരുന്നത്.
കഴിഞ്ഞ എട്ടു വര്‍ഷമായി കശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്ര മാധ്യമങ്ങളുടെയും സ്ഥിരം ചര്‍ച്ചാവിഷയമാണ്. സര്‍ക്കാരിന്റെ വീക്ഷണം മാത്രം റിപോര്‍ട്ട് ചെയ്യുന്ന നമ്മുടെ ദേശീയ മാധ്യമങ്ങളില്‍ നിന്നു വ്യത്യസ്തമായി കശ്മീരിലെ ജനപ്രക്ഷോഭത്തിന്റെ യഥാര്‍ഥ ചിത്രങ്ങളാണ് പല വിദേശ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നത്. പകല്‍സമയത്തു പോലും കര്‍ഫ്യൂവും നിയന്ത്രണവും മൂലം പുറത്തിറങ്ങാന്‍ അനുവദിക്കാത്ത ഭരണകൂടത്തിന്റെ വിലക്കുകള്‍ ലംഘിച്ചു തെരുവിലിറങ്ങിയ നിരവധി സാധാരണക്കാരെക്കുറിച്ചാണ് ബിബിസിയുടെ ദക്ഷിണേഷ്യാ ലേഖകന്‍ ജസ്റ്റിന്‍ റൊലറ്റ് റിപോര്‍ട്ട് ചെയ്തത്: ”ജനങ്ങള്‍ ‘ആസാദി… ആസാദി’യെന്ന് അലറിവിളിക്കുകയാണ്. ഇന്ത്യക്കെതിരേയാണ് അവരുടെ രോഷം മുഴുവന്‍. ‘ഇന്ത്യയിലേക്ക്’ മടങ്ങിപ്പോവാനാണ് ഭയന്നു വിറച്ചു നഗരപ്രാന്തത്തിലെ ഒരു വീട്ടില്‍ അഭയം നേടിയ ഞങ്ങളോട് അവര്‍ ആവശ്യപ്പെട്ടത്”- അദ്ദേഹം റിപോര്‍ട്ടില്‍ പറഞ്ഞു.
”കടകളും വ്യാപാരസ്ഥാപനങ്ങളും വിദ്യാലയങ്ങളും സൈന്യത്തിന്റെ നിയന്ത്രണവും സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദും മൂലം അടച്ചിട്ടിരിക്കുകയാണ്. ഭക്ഷണവും മരുന്നും മറ്റു നിത്യോപയോഗ വസ്തുക്കളും ലഭിക്കാതെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. പരിക്കേറ്റവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞിരിക്കുന്നു”- ഗാര്‍ഡിയന്‍ ദിനപത്രത്തിലെ റിപോര്‍ട്ടില്‍ പറയുന്നു.
കശ്മീരി തെരുവുകളില്‍ രോഷം പുകയുകയാണ്. അടുത്തൊന്നും സാധാരണ നിലയിലാവാനുള്ള സാധ്യതയുമില്ല. മേഖലയില്‍ സമാധാനത്തിനു ശ്രമിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ”കേന്ദ്ര സര്‍ക്കാരിന്റെ സമീപനം ദിവസംചെല്ലുന്തോറും ധിക്കാരപരമായി തുടരുകയാണ്. സ്ഥിതിയുടെ ഗുരുതരാവസ്ഥ അവര്‍ മനസ്സിലാക്കണം. സ്ഥിതിഗതികള്‍ കൂടുതല്‍ നിയന്ത്രണാതീതമാവുന്നതിനു മുമ്പ് കശ്മീരികളുടെ ജീവന്‍ രക്ഷിക്കുന്നതിനു കേന്ദ്രം നടപടികള്‍ സ്വീകരിക്കണം”- രാഷ്ട്രീയ നിരീക്ഷകനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ത്വാഹിര്‍ മുഹ്‌യുദ്ദീന്‍ പറഞ്ഞു.

പരിഭാഷ: കോയ കുന്ദമംഗലം

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക