|    Dec 15 Fri, 2017 11:35 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീരികള്‍ അന്യഗ്രഹ ജീവികളല്ലെന്ന് ഹൈക്കോടതി

Published : 2nd August 2016 | Posted By: SMR

ശ്രീനഗര്‍: അന്യഗ്രഹത്തില്‍ നിന്ന് ആയുധങ്ങളുമായി ആക്രമണത്തിനു വന്ന ജീവികളല്ല കശ്മീരിലെ ജനങ്ങളെന്ന് ജമ്മുകശ്മീര്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനെ ഓര്‍മപ്പെടുത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ലോഹ ഉണ്ടകള്‍ ഉപയോഗിച്ചതിനെതിരായ പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എന്‍ പോള്‍ വസന്തകുമാര്‍, ജസ്റ്റിസ് മുസഫര്‍ ഹുസയ്ന്‍ അട്ടര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്. ലോഹ ഉണ്ട കൊണ്ട് ജനങ്ങളുടെ കാല്‍മുട്ടിനു മുകളിലാണ് പരിക്കു പറ്റിയത്.
ഇത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ജനങ്ങള്‍ നിങ്ങളുടെ സ്വന്തം ആളുകളാണ്. അവര്‍ അന്യഗ്രഹങ്ങളില്‍ നിന്നു വന്നവരല്ല. സ്വന്തം ആളുകളെന്ന നിലയിലാണ് ജനങ്ങളോടു പെരുമാറേണ്ടതെന്നും കോടതി പറഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ സുരക്ഷാസേനയ്ക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെങ്കില്‍ ജനങ്ങളുടെ കാല്‍മുട്ടിനു മീതെ പരിക്കേറ്റത് എന്തുകൊണ്ടാണെന്ന് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിനോട് കോടതി ചോദിച്ചു. ആയുധം ഉപയോഗിക്കുന്നതില്‍ പരിശീലനം ലഭിച്ച സിആര്‍പിഎഫ് ജവാന്‍മാരെയാണ് കശ്മീരില്‍ നിയോഗിച്ചതെന്ന് കേന്ദ്രം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കേസ് ഈമാസം 9ന് വീണ്ടും പരിഗണിക്കും.
അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം സുരക്ഷാസേന വിഫലമാക്കി. വെടിവയ്പ്പില്‍ ഒരു നുഴഞ്ഞുകയറ്റക്കാരന്‍ മരിച്ചു. കശ്മീരിലെ നൗഗം മേഖലയില്‍ നിയന്ത്രണരേഖയ്ക്കടുത്തായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നാംതവണയാണ് സൈന്യം നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയത്. ഈമാസം 26ന്  4 നുഴഞ്ഞുകയറ്റക്കാര്‍ കൊല്ലപ്പെടുകയും ഒരാളെ സൈന്യം പിടികൂടുകയും ചെയ്തിരുന്നു. 30ന് ഏറ്റുമുട്ടലില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരും രണ്ടു സൈനികരും കൊല്ലപ്പെട്ടു.
അതിനിടെ സംഘര്‍ഷം തുടര്‍ച്ചയായ 24ാമത്തെ ദിവസ വും കശ്മീര്‍ താഴ്‌വരയില്‍ ജനജീവിതത്തെ ബാധിച്ചു. അനന്ത്‌നാഗ് ജില്ലയിലും നഗരത്തിലും കര്‍ഫ്യൂ തുടരുകയാണ്. മറ്റു പ്രദേശങ്ങളില്‍ നാലില്‍ കൂടുതല്‍ പേര്‍ കൂട്ടം ചേരുന്നതു നിരോധിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക