കശ്മീരികളും ഇന്ത്യയുടെ ഭാഗമാണ്
Published : 18th April 2016 | Posted By: SMR
പെണ്‍കുട്ടിയെ സൈന്യം പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്ന് കശ്മീരില്‍ കത്തിപ്പടര്‍ന്ന പ്രതിഷേധങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണ്. പ്രതിഷേധക്കാര്‍ക്കെതിരായ പട്ടാളനടപടികളില്‍ ഇതിനകം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ സംസ്ഥാനത്തെ ഒരു പ്രമുഖ ക്രിക്കറ്റ് താരവും ഉള്‍പ്പെടുന്നു. സംഘര്‍ഷത്തിന് അയവില്ലാത്തതു കാരണം 3,600 അര്‍ധസൈനികരെ കൂടി കേന്ദ്രസര്‍ക്കാര്‍ കശ്മീരിലേക്ക് അയച്ചിരിക്കുകയാണ്. കര്‍ഫ്യൂവിനു സമാനമായ നിയന്ത്രണമാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നത്. മൊബൈല്‍-ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടിരിക്കുന്നു.
കശ്മീര്‍ സംഘര്‍ഷങ്ങള്‍ക്ക് സ്വാതന്ത്ര്യസമര കാലഘട്ടത്തോളം പഴക്കമുണ്ടെങ്കിലും എഴുപതുകള്‍ക്കു ശേഷമാണ് ഇന്നു കാണുന്നതുപോലുള്ള സായുധ ഏറ്റുമുട്ടലുകള്‍ക്കു കശ്മീര്‍ സ്ഥിരം വേദിയാവുന്നത്. കശ്മീര്‍ നമ്മുടെ അവിഭാജ്യ ഭാഗമാണെന്ന് നാം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതാണ്. ഒന്നിനെ നമ്മുടെ ഭാഗമായി കാണുമ്പോള്‍ അതില്‍ സ്വാഭാവികമായി തെളിയേണ്ട മനുഷ്യസ്നേഹപരമായ ഹൃദയാഭിമുഖ്യം നമ്മില്‍നിന്നു കശ്മീരിലെ ജനങ്ങള്‍ അനുഭവിച്ചുവോ എന്ന ചോദ്യം സ്വയം ചോദിക്കാന്‍ ദേശഭക്തിയെക്കുറിച്ച ഉല്‍ക്കണ്ഠകള്‍ നമുക്ക് തടസ്സമാവുകയാണ്. ഏറ്റവും വലിയ ജനാധിപത്യമെന്ന നമ്മുടെ അഭിമാനത്തെ കശ്മീരില്‍ നാം എതുവിധമാണ് കൈയാളിയതെന്ന ചോദ്യവും കശ്മീരിനെക്കുറിച്ച ഒട്ടേറെ ഉത്തരങ്ങള്‍ ചികയാന്‍ നമ്മെ സഹായിക്കും. കശ്മീര്‍ എന്നാല്‍ നമ്മുടെ ഭരണകൂടങ്ങള്‍ക്ക് മഞ്ഞുമലകള്‍ നിറഞ്ഞ ഒരുതുണ്ട് ഭൂമി മാത്രമാണ്. ജനാധിപത്യപരമായ അഭിലാഷങ്ങളും സ്വന്തമായ സാംസ്കാരിക തനിമയുമുള്ള ഒരുപറ്റം മനുഷ്യര്‍കൂടിയാണ് കശ്മീര്‍ എന്നോര്‍ത്തുകൊണ്ടായിരുന്നു കശ്മീരിനെ സ്വന്തമെന്നു നാം വിളിച്ചതെന്ന് അവിടത്തെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഇന്ത്യയിലെ ഭരണകൂടങ്ങള്‍ക്കായിട്ടില്ല. ആ ബോധ്യമില്ലായ്മയെ ഏഴുലക്ഷം പട്ടാളക്കാരെ അയച്ച് പരിഹരിക്കാനാവുമെന്ന് ചിന്തിക്കാന്‍ മാത്രം മൗഢ്യം നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങള്‍ എക്കാലവും പുലര്‍ത്തിപ്പോന്നു. ആ മൗഢ്യത്തിനു രാജ്യം നല്കുന്ന വിലയാണ് കശ്മീരില്‍ പിടഞ്ഞുവീഴുന്ന ഓരോ മനുഷ്യജീവനും.
അനിയന്ത്രിതമായ അധികാരങ്ങളുടെ ബലത്തിലും സുരക്ഷാബോധത്തിലും കശ്മീരിലേക്ക് ചെന്ന സൈനികരെയോര്‍ത്ത് രോമാഞ്ചമണിയുന്നവരുടെ മുന്നിലേക്ക് കശ്മീരികള്‍ നിരത്തുന്ന ചില കണക്കുകള്‍ കൗതുകത്തിനുവേണ്ടിയെങ്കിലും ശ്രദ്ധിക്കുന്നത് നന്നാവും. 1989നു ശേഷം കശ്മീരില്‍ പട്ടാള നടപടികളില്‍ ജീവന് പൊലിഞ്ഞവരുടെ എണ്ണം 94,290 വരും. ഇതില്‍ 7,038 എണ്ണം കസ്റ്റഡി മരണങ്ങളാണ്. ഈ സംഭവങ്ങള്‍ 22,806 സ്ത്രീകളെ വിധവകളാക്കുകയും 1,07,545 കുട്ടികളെ അനാഥരാക്കുകയും ചെയ്തു. 10,167 സ്ത്രീകള്‍ മാനഭംഗത്തിന് ഇരയായിട്ടുണ്ട്. 1,06,050 താമസസ്ഥലങ്ങളും മറ്റു കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടു. 8,000 പേര് പോലിസ് കസ്റ്റഡിയിലായിരിക്കെ അപ്രത്യക്ഷരായി. ഈ കണക്കുകള്‍ നമുക്ക് വേണമെങ്കില്‍ തള്ളിക്കളയാം. നമ്മുടെ അവകാശവാദങ്ങളാണ് നമ്മെ അനുഭവിച്ചവരുടെ വാദങ്ങളേക്കാള്‍ സത്യസന്ധമെന്നും നമുക്കു വാദിക്കാം. പക്ഷേ ഒന്നുറപ്പാണ്, കശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയുള്ള ഒരു പരിഹാരവും കശ്മീരില്‍ സമാധാനം കൊണ്ടുവരില്ല.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.