|    Oct 15 Mon, 2018 4:49 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കശുവണ്ടി വ്യവസായത്തിന് പ്രത്യേക കമ്പനി ; മാരാപാണ്ഡ്യന്‍ സിഎംഡി

Published : 29th September 2017 | Posted By: fsq

 

തിരുവനന്തപുരം: കശുവണ്ടി വ്യവസായവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതിന് കേരള കാഷ്യു ബോര്‍ഡ് ലിമിറ്റഡ് എന്നപേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യാനുളള നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. നിര്‍ദിഷ്ട കമ്പനിയില്‍ 49 ശതമാനം ഓഹരി സര്‍ക്കാരിനും ബാക്കി 51 ശതമാനം ഓഹരി സര്‍ക്കാര്‍ നിശ്ചയിക്കുന്ന അനുപാതത്തില്‍ കശുവണ്ടി വികസന കോര്‍പറേഷന്‍, കാപക്‌സ്, മറ്റു സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്കും നല്‍കും.വിദേശത്തുനിന്നും സ്വദേശത്തുനിന്നും ഉല്‍പാദകരില്‍നിന്ന് നേരിട്ട് കശുവണ്ടി സംഭരിക്കുക, സ്വകാര്യ മേഖലയിലടക്കമുളള ഫാക്ടറികള്‍ക്ക് തോട്ടണ്ടി വിതരണം ചെയ്യുക, ആവശ്യമെങ്കില്‍ കശുവണ്ടിപ്പരിപ്പ് വിപണനത്തില്‍ ഏര്‍പ്പെടുക, കശുവണ്ടിയുടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുക എന്നിവയാണ് കമ്പനി രൂപീകരിക്കുന്നതിന്റെ ലക്ഷ്യങ്ങള്‍. കേരളത്തില്‍ മൂന്നുലക്ഷം സ്ത്രീ തൊഴിലാളികള്‍ കശുവണ്ടി മേഖലയില്‍ പണിയെടുക്കുന്നുണ്ട്. തോട്ടണ്ടിയുടെ ദൗര്‍ലഭ്യം ഉള്‍പ്പെടെയുളള പ്രശ്‌നങ്ങള്‍ കാരണം വ്യവസായം പ്രതിസന്ധിയിലാണ്. കേരളത്തിലെ ഫാക്ടറികള്‍ക്ക് ആറ് ലക്ഷം ടണ്‍ തോട്ടണ്ടി വര്‍ഷത്തില്‍ ആവശ്യമാണ്. എന്നാല്‍, സംസ്ഥാനത്തെ ഉല്‍പാദനം 80,000 ടണ്‍ മാത്രമാണ്. ഇപ്പോള്‍ കശുവണ്ടി വികസന കോര്‍പറേഷനും കാപക്‌സും ടെന്‍ഡര്‍ വിളിച്ചു വിദേശത്തുനിന്ന് കശുവണ്ടി ഇറക്കുമതി ചെയ്യുകയാണ്. പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ ഉന്നതതല സമിതി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശയാണ് പ്രത്യേക കമ്പനി രൂപീകരിക്കണം എന്നത്.കമ്പനി രൂപീകരണത്തിനുളള സ്‌പെഷ്യല്‍ ഓഫിസറായി പ്രവര്‍ത്തിച്ച റിട്ടയേര്‍ഡ് അഡീഷനല്‍ ചീഫ് സെക്രട്ടറി മാരാപാണ്ഡ്യനെ കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി നിയമിക്കാന്‍ തീരുമാനിച്ചു. ആദ്യ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി മാരാപാണ്ഡ്യനെയും കശുവണ്ടി വികസന കോര്‍പറേഷന്‍ എംഡിയായി ടി എഫ് സേവ്യറിനെയും നിയമിച്ച് കമ്പനി രജിസ്റ്റര്‍ ചെയ്യും. കമ്പനി രജിസ്റ്റര്‍ ചെയ്യുന്ന മുറയ്ക്ക് ഓഹരി മൂലധനത്തിന്റെ 49 ശതമാനം സര്‍ക്കാര്‍ നല്‍കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss