|    Oct 23 Mon, 2017 5:26 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി; വിജിലന്‍സ് അന്വേഷണം തുടരണം: ഹൈക്കോടതി

Published : 11th August 2016 | Posted By: SMR

കൊച്ചി: കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി കേസിലെ എഫ്‌ഐആര്‍ റദ്ദാക്കാനാവില്ലെന്നും വിജിലന്‍സ് അന്വേഷണം തുടരണമെന്നും ഹൈക്കോടതി. വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന്‍ മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്‍ ചന്ദ്രശേഖരന്‍, മുന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. കെ എ രതീഷ് എന്നിവര്‍ നല്‍കിയ ഹരജികള്‍ തള്ളിയാണ് ജസ്റ്റിസ് ബി കെമാല്‍പാഷയുടെ ഉത്തരവ്. ഹരജിക്കാരുടെ പരാതികള്‍ ഉചിതമായ സമയത്ത് ഉചിതമായ ഫോറം മുമ്പാകെ അവതരിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ അന്വേഷണം നടന്നുവരുന്നതിനിടെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടത്തുന്ന അന്വേഷണം നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. 2008 മാര്‍ച്ച് 31 മുതല്‍ 2015 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ ക്രമക്കേടുകള്‍ സംബന്ധിച്ചാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം സിബിഐ അന്വേഷണം നടക്കുന്നതെന്ന് കോടതി ചുണ്ടിക്കാട്ടി. അതേസമയം, വിജിലന്‍സ് അന്വേഷണത്തിന് കാരണമായ ക്രമക്കേട് ആരോപണം 2015 ആഗസ്ത് 14ലെ ഇടപാടുമായി ബന്ധപ്പെട്ടാണുള്ളത്. വിവാദമായ രണ്ടാം ടെന്‍ഡറും തോട്ടണ്ടി ഇറക്കുമതിയുമാണ് ആരോപണത്തിനിടയാക്കിയത്.
തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും ടെന്‍ഡറും ഇറക്കുമതിയും നടത്തുന്നുണ്ടെന്നും പണം അനുവദിക്കുന്നുണ്ടെന്നുമാണ് ഹരജിക്കാരുടെ വാദം. അതിനാല്‍ ഇതെല്ലാം സിബിഐ തന്നെ അന്വേഷിക്കട്ടെയെന്ന വാദം അംഗീകരിക്കാനാവില്ല. ഈ വാദം അംഗീകരിക്കുകയാണെങ്കില്‍ ഇനി വരാനിരിക്കുന്ന കാലത്തെ ആരോപണങ്ങളും സിബിഐ അന്വേഷണത്തിന്റെ ഭാഗമാക്കേണ്ടിവരും. കോടതി വിധിയുണ്ടായ 2015 ജൂണിന് ശേഷമുള്ള ആരോപണങ്ങള്‍ സിബിഐ അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നില്ല. നിലവില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ് പര്യാപ്തമാണെന്നും സൗകര്യങ്ങളുണ്ടെന്നുമുള്ള വിജിലന്‍സിന്റെ വാദം അംഗീകരിക്കുന്നു. സര്‍ക്കാര്‍ നയം പാലിച്ച് തോട്ടണ്ടി ഇറക്കുമതി ചെയ്തതിലൂടെ 6.73 കോടിയുടെ നഷ്ടമാണ് പൊതു ഖജനാവിനുണ്ടായത്. തൊഴിലാളികള്‍ക്ക് ഇതിന്റെ പകുതി നേരിട്ട് നല്‍കിയിരുന്നെങ്കില്‍ അത് ഗുണകരവുമായേനെ. ഖജനാവിന്റെ നഷ്ടം കുറയ്ക്കാനാവുമായിരുന്നേനെയെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് എഫ്‌ഐആര്‍ റദ്ദാക്കാന്‍ കാരണം കാണുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജി തള്ളിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക