|    Nov 21 Wed, 2018 11:09 am
FLASH NEWS

കശുവണ്ടി മേഖലക്ക് പുതിയ പ്രതീക്ഷകള്‍ ; ആഫ്രിക്കന്‍ സംഘത്തിന് ഉജ്ജ്വല വരവേല്‍പ്പ്

Published : 30th June 2017 | Posted By: fsq

 

കൊല്ലം: കശുവണ്ടി ഉല്‍പാദന രംഗത്തെ കൊല്ലം പെരുമ കണ്ടറിയാനെത്തിയ ആഫ്രിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് ഉജ്ജ്വല വരവേല്‍പ്പ്. കാഷ്യൂ കോര്‍പറേഷന്റെ അയത്തില്‍ ഫാക്ടറിയില്‍ കേരളീയ വേഷമണിഞ്ഞ കശുവണ്ടി തൊഴിലാളികള്‍ പുഷ്പവൃഷ്ടിയോടെയാണ് സംഘത്തെ എതിരേറ്റത്. കേരളത്തിന്റെ ആതിഥേയ മര്യാദയും സാംസ്‌കാരിക തനിമയും തുടിച്ചുനിന്ന അന്തരീക്ഷത്തില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തിലായിരുന്നു അതിഥികള്‍ക്ക് സ്വീകരണം. ഐവറികോസ്റ്റ് അംബാസിഡര്‍ സൈനി തിമേലി, സെനഗല്‍ അംബാസിഡര്‍ ഇബോവു ബോയേ, താന്‍സാനിയന്‍ ഹൈക്കമ്മീഷണര്‍ ബരാക എച്ച് ലുവാണ്ട, നൈജീരിയന്‍ ഹൈക്കമ്മീഷണര്‍ കൗണ്‍സിലര്‍ ഒകേരെ സാമുവല്‍, ബെനിന്‍ പ്രതിനിധി സാംവില്‍ ഡണ്ടാഗ്വി തുടങ്ങിയ 15 ഓളം ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെ നയതന്ത്ര പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്. ഇളനീരും നാടന്‍ പഴങ്ങളും മധുരം പകര്‍ന്ന ഹൃസ്വമായ ആശയ വിനിമയത്തില്‍ കോര്‍പറേഷന്റെ വിവിധ കശുവണ്ടി ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തി. തുടര്‍ന്ന് അതിഥികളെ ഒട്ടൊന്ന് അമ്പരിപ്പിച്ച് കേരളത്തിന്റെ ആയോധന കലയായ കളരിപ്പയറ്റ്. മെയ്പ്പയറ്റും അങ്കത്താരിയുമടക്കം പയറ്റുമുറകള്‍ ഒന്നൊഴിയാതെ എല്ലാം പ്രതിനിധികള്‍ ആസ്വദിച്ചു. വൈദ്യാശ്രമംജോയ് ഗുരുക്കളുടെ നേതൃത്വത്തില്‍ പയറ്റിനിറങ്ങിയവരുമായി ചിത്രമെടുക്കാനും ആഫ്രിക്കന്‍ സംഘം മറന്നില്ല. കശുവണ്ടി ഫാക്ടറിയിലെ ഷെല്ലിങ്, പീലിങ്, ഗ്രേഡിങ് പ്രവര്‍ത്തനങ്ങള്‍ സംഘം താല്‍പര്യപൂര്‍വം വീക്ഷിച്ചു. കൊല്ലത്തെ സ്ത്രീ തൊഴിലാളികളുടെ കരവിരുത് മറ്റൊരിടത്തും ഇല്ലെന്ന സാക്ഷ്യപ്പെടുത്തല്‍ അവര്‍ പരസ്പരം പങ്കുവച്ചു. സംസ്ഥാനത്തെ കശുവണ്ടി ഉല്‍പ്പദനത്തിലെ ഈ മേന്മ ഉപയോഗപ്പെടുത്തി കേരള ബ്രാന്‍ഡ് പുറത്തിറക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കശുവണ്ടി രംഗത്ത് ആഫ്രിക്കന്‍ രാജ്യങ്ങളുമായി സംസ്ഥാനത്തിന്റെ നേരിട്ടുള്ള ബന്ധം ഇരുകൂട്ടര്‍ക്കും ഗുണകരമാകുന്ന സാഹചര്യം സൃഷ്ടിക്കും. ആഫ്രിക്കന്‍ കശുവണ്ടി ഉല്‍പ്പാദകര്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിനൊപ്പം കേരളത്തിന് ആവശ്യമായ തോട്ടണ്ടി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. എം നൗഷാദ് എം എല്‍ എ, കാഷ്യൂ കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, കാപെക്‌സ് ചെയര്‍മാന്‍ എസ് സുദേവന്‍, സഹകരണ ജീവനക്കാരുടെ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ രാജഗോപാല്‍, കേന്ദ്ര വിദേശകാര്യ ജോയിന്റ് സെക്രട്ടറി നാഗരാജ് നായിഡു, മുന്‍ നയതന്ത്രജ്ഞന്‍ അമരേന്ദ്ര ഖഠുവ, കാഷ്യൂ കോര്‍പറേഷന്‍ എം ഡി ടി എഫ് സേവ്യര്‍, കാപെക്‌സ് എം ഡി ആര്‍ രാജേഷ് പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss