|    Sep 24 Mon, 2018 2:51 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കശാപ്പ് നിരോധനം : തമിഴ്‌നാട്ടില്‍ നാളെ ഡിഎംകെ പ്രതിഷേധം

Published : 30th May 2017 | Posted By: fsq

 

ചെന്നൈ/ലഖ്‌നോ: കശാപ്പ് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര ഉത്തരവിനെതിരേ ബുധനാഴ്ച പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ അറിയിച്ചു. കേരള സര്‍ക്കാരും കര്‍ണാടക സര്‍ക്കാരും ഉത്തരവിനെതിരേ പ്രതിഷേധം അറിയിച്ചിട്ടും മൗനം പാലിക്കുന്ന തമിഴ്‌നാട് സര്‍ക്കാരിനെ സ്റ്റാലിന്‍ കുറ്റപ്പെടുത്തി. ഭരണഘടന പൗരന്‍മാര്‍ക്ക് അനുവദിച്ച ഭക്ഷണ സ്വാതന്ത്ര്യം കേന്ദ്രം തട്ടിപ്പറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കശാപ്പു നിരോധനം തമിഴ്‌നാട്ടിലെ ആന്തിയൂര്‍ കന്നുകാലി ചന്തയെ മോശമായി ബാധിച്ചതായും വാര്‍ത്തകളുണ്ട്.കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയമം ഇന്ത്യയിലൊട്ടാകെ ബാധകമാണെന്നിരിക്കെ തമിഴ്‌നാട്ടിലെ അണ്ണാ ഡിഎംകെ സര്‍ക്കാര്‍ ഉത്തരവിനെതിരേ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഉത്തരവ് മുഴുവന്‍ വായിച്ചുതിനു ശേഷമേ പ്രതികരിക്കാന്‍ സാധിക്കൂവെന്നും മാധ്യമങ്ങളോട് ഒന്നും പറയാനാവില്ലെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞിരുന്നു. അതിനിടെ മോദി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി (ബിഎസ്പി) അധ്യക്ഷ മായാവതി രംഗത്തെത്തി. ഗോ സംരക്ഷണത്തിന്റെ പേരില്‍ നിരപരാധികള്‍ കൊല്ലപ്പെടുകയാണ്. ഇതാണോ ബിജെപി വാഗ്ദാനം ചെയ്ത മാറ്റമെന്ന് മായാവതി ചോദിച്ചു. ദാരിദ്ര്യം, വിലക്കയറ്റം, നിരക്ഷരത, തൊഴിലില്ലായ്മ, വര്‍ഗീയ സംഘര്‍ഷം എന്നിവ കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയമാണ്. മോദി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ ഭരണം പരിശോധിച്ചാല്‍ കോടിക്കണക്കിന് വരുന്ന ആദിവാസികള്‍, ദലിതുകള്‍, ന്യൂനപക്ഷ സമുദായങ്ങള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവര്‍ മഹാദുരിതത്തിലാണെന്ന് കാണാം. ഇന്ത്യന്‍ സാമ്പത്തിക മേഖല അഭിവൃദ്ധിപ്പെട്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, അതിന്റെ ലാഭം കിട്ടിയത് മുതലാളിമാര്‍ക്കാണെന്ന് സര്‍ക്കാര്‍ പറയുന്നില്ല-അവര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പൊക്കി ക്കാണിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പണം ഉപയോഗിക്കുന്നത്. എന്നാല്‍ ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയെ കുറിച്ച് ചോദിച്ചാല്‍ പറയാന്‍ മോദി സര്‍ക്കാരിന്റെ കൈയില്‍ ഉത്തരമില്ലെന്നും മായാവതി പറഞ്ഞു. അതേസമയം മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥികള്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രോഗ്രസ്സീവ് സ്റ്റുഡന്റ്‌സ് യൂനിയന്റെ നേതൃത്വത്തില്‍ നടത്തിയ ബീഫ് ഫെസ്റ്റില്‍ 80ഓളം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഫെസ്റ്റിനുശേഷം കശാപ്പിനായി മൃഗങ്ങളെ വില്‍ക്കുന്നത് തടഞ്ഞ കേന്ദ്രത്തിന്റെ ഉത്തരവിനെ സംബന്ധിച്ച് ചര്‍ച്ചയും സംഘടിപ്പിച്ചു.ജനങ്ങള്‍ക്കുമേല്‍ വര്‍ഗീയ അജണ്ട അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ കശാപ്പു നിരോധനം എന്ന് വിദ്യാര്‍ഥി നേതാക്കള്‍ പ്രതികരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss