|    Nov 13 Tue, 2018 1:42 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കശാപ്പിനായി കാലികളെ വില്‍ക്കാം

Published : 11th April 2018 | Posted By: kasim kzm

സിദ്ദീഖ് കാപ്പന്‍
ന്യൂഡല്‍ഹി: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതു തടഞ്ഞുള്ള വിവാദ വിജ്ഞാപനം അല്‍പം നേര്‍പ്പിച്ച് പുതിയ കരട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. വിവാദ വിജ്ഞാപനത്തിലുണ്ടായിരുന്ന ചിലനിയമങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, ചിലത് അതേപടിയോ അല്‍പം ഭേദഗതികളോടെയോ നിലനിര്‍ത്തിയാണ് പുതിയ കരട് പുറത്തിറക്കിയിരിക്കുന്നത്.
കഴിഞ്ഞമാസം 22ന് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്‍മേല്‍ വനം പരിസ്ഥിതി മന്ത്രാലയം പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടിയിട്ടുണ്ട്. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഈ മാസം 22 ആണ്. കരട് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കന്നുകാലികളെ ഇറച്ചി ആവശ്യങ്ങള്‍ക്കായി ചന്തകളില്‍ വില്‍ക്കരുതെന്ന പഴയ വ്യവസ്ഥ പുതിയ കരടില്‍ ഇല്ല. കശാപ്പ് എന്ന പദം തന്നെ പുതിയ കരടില്‍ ഉപയോഗിച്ചിട്ടില്ല. മൃഗങ്ങള്‍ക്കെതിരായ അതിക്രമം തടയാനുള്ള 1960ലെ കേന്ദ്ര നിയമത്തിന്റ 38ാം വകുപ്പും ഉപവകുപ്പും അനുസരിച്ച് പുറത്തിറക്കിയ കരടിന്റെ പേര് കാലിച്ചന്തകളില്‍ മൃഗങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ചട്ടങ്ങള്‍-2018 എന്നാണ്.
കന്നുകാലികളെ വാങ്ങുമ്പോള്‍ അറവിനല്ല വാങ്ങുന്നതെന്ന സത്യവാങ്മൂലം നല്‍കണം. സംസ്ഥാന അതിര്‍ത്തികളുടെ 25 കിലോമീറ്റര്‍ പരിധിയിലും രാജ്യാന്തര അതിര്‍ത്തിയുടെ 50 കിലോമീറ്റര്‍ പരിധിയിലും കാലിച്ചന്തകള്‍ പാടില്ല എന്നീ ചട്ടങ്ങള്‍ പുതിയ കരടില്‍ നിന്ന് നീക്കിയിട്ടുണ്ട്. കന്നുകാലികളുടെ വിശദമായ നിര്‍വചനവും കാലികള്‍ക്ക് എങ്ങനെ ഭക്ഷണവും വെള്ളവും നല്‍കണം എന്നതടക്കമുള്ള നിര്‍ദേശങ്ങളും ഒഴിവാക്കിയിട്ടുണ്ട്.
കന്നുകാലി വില്‍പനയുടെ രജിസ്റ്റര്‍ ചന്തകളില്‍ സൂക്ഷിക്കണം, ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണോ വില്‍പന നടന്നതെന്ന് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഈ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നയാള്‍ സൂക്ഷിക്കണം, ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്ന് രണ്ടാഴ്ചയ്ക്കകം ജില്ലാ കലക്ടര്‍ അധ്യക്ഷനായ സമിതിയെ അദ്ദേഹം വിവരം അറിയിക്കണം. നിശ്ചിത കാലയളവിനുള്ളില്‍ കാലിച്ചന്തകളില്‍ മാറ്റങ്ങള്‍ നടപ്പാക്കണം, മൃഗങ്ങളുടെ കൊമ്പ് മുറിക്കരുത്, മൂക്കോ, ചെവിയോ ലോഹംകൊണ്ട് തുളയ്ക്കരുത്. ശരീരത്തില്‍ തിരിച്ചറിയില്‍ മുദ്രകുത്താന്‍ പാടില്ല, കന്നുകാലികള്‍ക്ക് മേല്‍ രാസവസ്തുക്കള്‍ പ്രയോഗിക്കരുതെന്നും പുതിയ കരടില്‍ നിര്‍ദേശമുണ്ട്.
കാലിച്ചന്തകളില്‍ മൃഗങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായ സമിതി ജില്ലാ തലങ്ങളില്‍ രൂപീകരിക്കണമെന്ന ചട്ടം പുതിയ കരടില്‍ നിലനിര്‍ത്തിയിട്ടുണ്ട്. സമിതിയില്‍ മൃഗക്ഷേമ ബോര്‍ഡ് അംഗം, ജില്ലാ പോലിസ് മേധാവി, സന്നദ്ധ സംഘടന പ്രതിനിധി തുടങ്ങി പത്ത് അംഗങ്ങള്‍ ഉണ്ടായിരിക്കണം. ചട്ടങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ കന്നുകാലി ചന്തയുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഈ സമിതിക്ക് അധികാരം ഉണ്ടായിരിക്കും. ചട്ടങ്ങള്‍ ലംഘിക്കുന്ന വ്യക്തികളെ നിശ്ചിത കാലത്തേക്കു ചന്തകളില്‍ പ്രവേശിക്കുന്നതും വിലക്കേര്‍പ്പെടുത്താന്‍ ഈ സമിതിക്ക് അധികാരമുണ്ടായിരിക്കും.
മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയല്‍ നിയമം-2017 എന്ന പേരില്‍ കഴിഞ്ഞ മെയ് 23നാണ് പശു, കാള, പോത്ത്, എരുമ, പശുക്കുട്ടി, കാളക്കുട്ടി, ഒട്ടകം തുടങ്ങിയവയെ കശാപ്പിനായി വില്‍ക്കുന്നതും ബലിയറുക്കുന്നതിനും നിരോധനം എര്‍പ്പെടുത്തി കൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. വിജ്ഞാപനം നിലവില്‍ വരുകയും ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങള്‍ നിയമം കര്‍ക്കശമായി നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്തതോടെ പശുസംരക്ഷണത്തിന്റെ പേര് പറഞ്ഞ് രാജ്യത്തെ സംഘപരിവാര ക്രിമിനലുകള്‍ കൊലപാതകങ്ങള്‍ നടത്തിയത് ഏറെ വിമര്‍ശനത്തിനടയാക്കിയിരുന്നു. ഇതോടെ, ഈ  വിജ്ഞാപനം കഴിഞ്ഞ ജൂലൈയില്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss